രവീന്ദ്രനാഥ ടാഗോർ പുരസ്‌ക്കാരം രാജേന്ദ്രാനന്ദയ്ക്കും ശിവാകൈലാസിനും

തിരുവനന്തപുരം: ദേശീയ രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ടാഗോർ പുരസ്‌ക്കാരം ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിക്കും, മാധ്യമ പ്രവർത്തകൻ ശിവാകൈലാസിനും.
ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ മികവാണ് ശ്രീ ശ്രീ രാജേന്ദ്രാനന്ദയെയും, സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകളാണ് ശിവാകൈലാസിനെയും പുരസ്‌ക്കാരത്തിന് അർഹനാക്കിയതെന്ന് ഫൗണ്ടേഷൻ ദേശീയ ജനറൽ സെക്രട്ടറി സുൽഫി ഷാഹിദ്, സംസ്ഥാന ജനറൽ സെക്രട്ടറി മായ വി.എസ് നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുന്നത്തൂർ ജെ. പ്രകാശ് ചെയർമാനും ജോസ് മോൻ, ഷാഹിദ് ലത്തീഫ് കോഴിക്കോട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
10001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന ടാഗോർ പുരസ്‌ക്കാരം 14 ന് വൈകിട്ട് 3.30ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ശിശുദിന ആഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. ദേശീയ അന്തർദേശീയ തലത്തിലുൾപ്പടെ ശിവാകൈലാസിന് ലഭിക്കുന്ന നൂറാമത്തെ മാധ്യമ പുരസ്‌ക്കാരമാണിത്.