KERALA Main Banner TOP NEWS

കളമശ്ശേരിയിലെ യഹോവാ കൺവെൻഷൻ സെന്ററിൽ ഉഗ്രസ്‌ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്

ഭീകരാക്രമണമോ?

സംസ്ഥാനത്താകെ

ജാഗ്രതാ നിർദ്ദേശം

കൊച്ചി: കളമശ്ശേരിയിലെ യഹോവാ കൺവെൻഷൻ സെന്ററിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കൺവെൻഷൻ സെന്ററിനകത്ത് 9.30 ഓടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.
മൂന്ന് നാല് തവണ സ്‌ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളാണിത്. ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പ്രാർത്ഥനയുടെ സമയമായതിനാൽ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്നുള്ളവരാണ് കൺവെൻഷൻ സെന്ററിലെത്തിയിട്ടുള്ളത്. നിലവിൽ തീയണക്കാനുള്ള ശ്രമം നടന്നുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

സ്‌ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രതാ നിർദേശം നൽകി. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം.
ജനപ്രതിനിധികളും സ്ഥലത്തെത്തുന്നു. ഫയർഫോഴ്‌സ് അടക്കമുള്ള റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഏത് തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടലും സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *