ഹമാസ് കേരളത്തിലുമെത്തി

മലപ്പുറത്ത് സോളിഡാരിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തത് മുൻ ഹമാസ് മേധാവി;
ഹമാസ് ലീഡർ എത്തിയത് ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയാനുള്ള ചർച്ചയിൽ
ന്യൂഡൽഹി: ഇസ്രായേലിലേക്ക് അയ്യായിരത്തോളം റോക്കറ്റുകളയച്ച് കുഞ്ഞുങ്ങളടക്കം ആയിരത്തിലേറെ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരസംഘടനയായ ഹമാസിന്റെ മുൻ മേധാവി ഖാലിദ് മാഷേൽ മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻറ് സമ്മേളനം ഉദ്ഘാടനം ചെയ്തത് ദേശീയ തലത്തിൽ തന്നെ ആശങ്ക പടർത്തിയിരിക്കുകയാണ്.
ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി തന്നെ അപലപിച്ചതിനിടെയാണ് പലസ്തീനെയും ഹമാസിനെയും പിന്തുണച്ച് തെരുവിലിറങ്ങാൻ മുൻഹമാസ് മേധാവി തന്നെ മലപ്പുറത്തെ യുവാക്കളോട് ആഹ്വാനം ചെയ്തത്. ദേശീയ തലത്തിൽ തന്നെ പുതിയ സുരക്ഷാ പ്രശ്‌നമായി ഇത് മാറിയിരിക്കുകയാണ്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഏറെ ആശങ്കയോടെയാണ് ഈ സംഭവത്തെ നോക്കിക്കാണുന്നത്.
മലപ്പുറത്ത് നടന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻറ് കോൺഫറൻസ് ഓൺലൈനായാണ് ഹമാസ് നേതാവ് ഉദ്ഘാടനം ചെയ്തത്. ”അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ചത് ദൈവകൃപയാണ്”- സോളിഡാരിറ്റി യൂത്ത് മൂവ് മെൻറ് മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. അബ്ദുൾ ബാഷ പറയുന്നു. ബുൾഡോസർ ഹിന്ദുത്വത്തെയും വംശീയവിദ്വേഷത്തിന്റെ സിയോണിസത്തെയും വേരോടെ പിഴുതെറിയുക എന്ന വിഷയത്തിലുള്ള സമ്മേളനം പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു.
ലോകമാകെ ആരാധിക്കുന്ന വ്യക്തിയെന്നാണ് സോളിഡാരിറ്റി സംഘടനയുടെ ഭാരവാഹികൾ മുൻ ഹമാസ് നേതാവിനെ സമ്മേളനത്തിൽ പരിചയപ്പെടുത്തിയത്. സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിൽ നിന്നും വന്ന, എല്ലാവരും കാത്തുകാത്തിരിക്കുന്ന വ്യക്തിത്വമെന്നും ഇസ്രയേലിന്റെ കണ്ണിലെ കരടെന്നുമാണ് ഭാരവാഹികൾ മുൻ ഹമാസ് നേതാവിനെ പരിചയപ്പെടുത്തുകയുണ്ടായി.
അൽ അഖ്‌സ പള്ളി സംരക്ഷിക്കാൻ വേണ്ടിയാണ് ഹമാസ് ഇസ്രയേലിൽ ഒക്ടോബർ 7ന് ആക്രമണം നടത്തിയതെന്ന് ഹമാസ് നേതാവ് മലപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ന്യായീകരിച്ചു. അറബിക് ഭാഷയിലായിരുന്നു പ്രഭാഷണം. ഇദ്ദേഹത്തിന്റെ അറബിക് പ്രസംഗം വിവർത്തനം ചെയ്തത് സോളിഡാരിറ്റി യൂത്ത് സംഘടനയുടെ നേതാവ് എം.എ. അനസ് അൻസൂർ ആണ്.
നെതന്യാഹുവിന്റെ നേതൃത്വം അൽ അഖ്‌സ പള്ളിയെ നശിപ്പിക്കാനാണ് പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഹമാസ് നേതാവ് പറഞ്ഞു. പലസ്തീന് വേണ്ടി തെരുവുകളിൽ ഇറങ്ങാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.