ഹമാസ് ഭീകരവാദികളെന്ന് ലീഗ് റാലിയിൽ ശശി തരൂർ; പലസ്തീനിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങൾ

കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖാപിച്ചുള്ള ലീഗ് റാലിയിൽ ഹമാസിനെ തള്ളിപ്പറഞ്ഞ് ശശി തരൂർ. ഹമാസ് ഭീകരരാണെന്ന് ശശി തരൂർ പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണിപ്പോൾ പലസ്തീനിൽ നടക്കുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നു എന്നും ശശി തരൂർ പറഞ്ഞു.
19 ദിവസത്തിലെ യുദ്ധത്തിൽ ഗാസയിൽ കഴിഞ്ഞ 15 വർഷത്തിൽ ഉണ്ടായതിലധികം മരണങ്ങളാണ് നടന്നത്. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിലുള്ള പ്രതികാരം അതിരുകടന്നു. ഇസ്രായേലിൽ നടന്ന ആക്രമണത്തിൽ 1400 പേർ കൊല്ലപ്പെട്ടു, 200 പേരെ ബന്ദികളാക്കി. അതിനു പകരം ഗാസയിൽ 6000 ൽ അധികം പേരെ ഇസ്രായേൽ കൊലപ്പെടുത്തി. കണ്ണിന് കണ്ണെന്ന നിലയിൽ പ്രതികാരം ചെയ്താൽ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
ഈ യുദ്ധം നിർത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം. മാനുഷിക നിയമത്തിന്റെ ലംഘനമാണ് പലസ്തീനിൽ കാണുന്നതെന്നും തരൂർ പറഞ്ഞു.
അതേസയമം, ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രം ഇസ്രയേലാണെന്ന് പ്രതിഷേധ സംഘമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇസ്രയേൽ രൂപീകരണത്തിന്റെ ഒളി അജണ്ട ഗാന്ധിജി ചൂണ്ടിക്കാട്ടയതാണ്.
പലസ്തീൻ ജനതയെ തള്ളിപറയാൻ ഇന്ത്യയ്ക്കാവില്ല. സ്വതന്ത്ര പലസ്തീൻ പുലരണം. ഉറക്കം നടിക്കുന്നവരെ ഉണർത്താനാണ് പ്രതിഷേധ റാലികൾ നടത്തുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.