അനായാസം ലങ്ക; ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്തു

ബംഗളൂരു: ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 157 റൺസ് എന്ന കുഞ്ഞൻ വിജയലക്ഷ്യം വെറും 25.4 ഓവറിൽ ശ്രീലങ്ക മറികടന്നു.
ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. 23 റൺസിനിടെ അവർക്ക് കുശാൽ പെരേര (4), കുശാൽ മെൻഡിസ് (4) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.
അർധ സെഞ്ച്വറി നേടിയ പതും നിസ്സങ്കയും സദീര സമരവിക്രമയുമാണ് ലങ്കയുടെ വിജയം എളുപ്പമാക്കിയത്. സമരവിക്രമ പുറത്താകാതെ 65 റൺസും നിസ്സങ്ക പുറത്താകാതെ 77 റൺസും അടിച്ചുകൂട്ടി. ഇരുവരും 137 റൺസ് കൂട്ടിചേർത്തു. കുശാൽ പെരേരയും (4) കുശാൽ മെൻഡിസുമാണ് (11) ലങ്കൻ നിരയിൽ പുറത്തായത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 156 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ട് 33.2 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ലാഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ തകർത്തത്.
മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ജോണി ബെയർസ്റ്റോ (30) – ഡേവിഡ് മലാൻ (28) സഖ്യം ഒന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേർത്തു. 43 റൺസ് നേടിയ ബെൻ സ്റ്റോക്സിന് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്.
മൂന്നാമായി എത്തിയ ജോ റൂട്ട് (3) റണ്ണൗട്ടായി മടങ്ങി. കൃത്യമായി ഇടവേളകളിൽ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായിതോടെ ഇംഗ്ലണ്ടിന് തിരിച്ചടിയായി . ജോസ് ബട്ലർ (8), ലിയാം ലിവിംഗ്സ്റ്റൺ (1), മൊയീൻ അലി (15), ക്രിസ് വോക്സ് (0) എന്നിവരരെല്ലാം നിരാശപ്പെടുത്തി. ആദിൽ റഷീദ് (2), മാർക് വുഡ് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
മൂന്ന് വർഷങ്ങൾക്ക് ശേഷം ലങ്കയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ എയ്ഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റുമായി തിളങ്ങി. ജോണി ബെയർസ്റ്റോ (30) – ഡേവിഡ് മലാൻ (28) സഖ്യം ഒന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടക്കെട്ട് പൊളിച്ചുകൊണ്ട് മലാനെ പുറത്താക്കി മാത്യൂസ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നൽകി. ഏയ്ഞ്ചലോ മാത്യൂസ് മിന്നും ഫീൽഡിംഗിലൂടെ ജോ റൂട്ടിനെ റൺ ഔട്ടാക്കുകയായിരുന്നു.