FILM BIRIYANI KERALA Main Banner TOP NEWS

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി

സതീഷ് കുമാർ വിശാഖപട്ടണം
(പാട്ടോർമ്മകൾ @ 365)

എഴുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ‘പുന്നപ്ര വയലാർ ‘ സമരം അരങ്ങേറുന്നതും പിന്നീട് ക്രൂരമായ വെടിവെപ്പിൽ കലാശിക്കുന്നതും…ഈ സംഭവത്തിന്റെ പേരിൽ കേരളത്തിന്റെ കലാസാഹിത്യ സാംസ്‌ക്കാരികമണ്ഡലമാകെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള അനുകമ്പയും ആവേശവും കൊണ്ട് ചുവന്നുതുടുത്തു….
‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘ എന്ന നാടകവും ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വിപ്ലവകവിതകളും ആ കാലത്ത് കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് സൃഷ്ടിച്ച ചലനങ്ങൾ ഒട്ടും ചെറുതായിരുന്നില്ല ….
അത്തരം കവിതകളെഴുതിയിരുന്ന യുവകവിയായ ജി. രാമവർമ്മ തിരുമുൽപ്പാടിന്റെ ഒരു കവിതാ സമാഹാരം തുറവൂരിലുള്ള ‘നരസിംഹവിലാസം ബുക്ക് ഡിപ്പോ ‘ പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുന്നു..
കമ്മ്യൂണിസ്റ്റ് അനുഭാവികളെ ചുട്ടെരിച്ച ആലപ്പുഴ ജില്ലയിലെ ‘വയലാർ ‘ എന്ന ഗ്രാമം ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കുകയാണ്.
ആ അനുകൂല സാഹചര്യം കണക്കിലെടുത്ത് ബുക്ക് ഡിപ്പോ ഉടമസ്ഥനായിരുന്ന മാധവ പൈ, ജി.രാമവർമ്മ തിരുമുൽപ്പാടിന്റെ പേര് അല്പം പരിഷ്‌ക്കരിച്ച്
‘ വയലാർ രാമവർമ്മ ‘ എന്നാക്കിയിട്ടാണ് ‘പാദമുദ്രകൾ ‘ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത്.
വിപ്ലവഭൂമിയായ വയലാറിന്റെ പേരിൽ കവിതകളെഴുതിയിരുന്ന പ്രിയകവിയെ കേരളം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു.
1954 ൽ ‘കൂടപ്പിറപ്പ് ‘എന്ന സിനിമയ്ക്ക് പാട്ടെഴുതിക്കൊണ്ട് ചലച്ചിത്ര ഗാനരചനയിലേക്ക് പ്രവേശിച്ച വയലാർ രാമവർമ്മ പിന്നീട് ആ രംഗത്തെ സാർവ്വഭൗമനായി ചലച്ചിത്രഗാനങ്ങളെ കാവ്യശില്പങ്ങളാക്കി മാറ്റിയ കാഴ്ച കേരളം അത്ഭുതത്തോടെയാണ് നോക്കി നിന്നത്…
ഏകദേശം 250 ചിത്രങ്ങളിലും നാടകങ്ങളിലുമായി 1500ൽ പരം ഗാനങ്ങൾ രചിച്ച വയലാറിന്റെ ഗാനങ്ങളെക്കുറിച്ച് എഴുതാൻ തുടങ്ങിയാൽ പെട്ടെന്നൊന്നും അവസാനിപ്പിക്കുവാൻ പറ്റുമെന്ന് തോന്നുന്നില്ല.
ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ ഈ കാലയളവിൽ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും നിരീശ്വരവാദിയായ വയലാർ എഴുതിയ ഭക്തിഗാനങ്ങളുടെ ഏഴയലത്തെത്താൻ അവയ്‌ക്കൊന്നിനും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
വയലാറിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ട ചില സാഹിത്യാചാര്യന്മാർ അദ്ദേഹത്തെ കോടമ്പാക്കം കവിയെന്ന് വിളിച്ച് പരിഹസിച്ചിരുന്നു.
‘സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്‌നമായിരുന്നുന്നെങ്കിൽ
ഞാൻ ……’
‘ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു …. ‘
‘സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ ….’
തുടങ്ങിയ കവിത
തുളുമ്പുന്ന ഉജ്ജ്വല ഗാനങ്ങളിലൂടെയാണ് വയലാർ ആ പരിഹാസത്തിന് മറുപടി കൊടുത്തത്…
പ്രണയഗാനങ്ങളെഴുതുമ്പോൾ വയലാറിന്റെ തൂലിക മന്മഥശരങ്ങളായി മാറുന്ന മഹേന്ദ്രജാലത്തിന് എത്രയോ ഗാനങ്ങൾ ഉദാഹരണങ്ങളായുണ്ട്. ‘വെണ്ണതോൽക്കുമുടലോടെ…
( ഒരു സുന്ദരിയുടെ കഥ )
‘സംഗമം സംഗമം ത്രിവേണി സംഗമം …( ത്രിവേണി )
‘ഇഷ്ടപ്രാണേശ്വരീ നിന്റെ ഏദൻതോട്ടം എനിക്കുവേണ്ടി … (ചുക്ക് )
‘താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി … ( അടിമകൾ )
‘പുഷ്പഗന്ധി സ്വപ്‌നഗന്ധി പ്രകൃതി … (അഴകുള്ള സെലീന )
‘നാളികലോചനേ നിൻ മിഴികൾ ക്കിന്നു നീലിമയെന്തിനു കൂടി … (ഇൻറർവ്യൂ )
‘തങ്കത്തളികയിൽ പൊങ്കലുമായ് വരും തൈമാസ തമിഴ് പെണ്ണേ … (ഗായത്രി )
‘ഇരുന്നൂറ് പൗർണ്ണമി ചന്ദ്രികകൾ… (മകനേ നിനക്കു വേണ്ടി )
‘പനിനീർമഴ പൂമഴ തേൻമഴ … (ഭൂമിദേവി പുഷ്പിണിയായി )
‘ഞാൻ നിന്നെ പ്രേമിക്കുന്നു
മാൻകിടാവേ…( ശരശയ്യ )
‘ വെൺചന്ദ്രലേഖയൊരപ്‌സര സ്ത്രീ … (ചുക്ക് )
എന്നീ ഗാനങ്ങളൊക്കെ പുരുഷ ചേതനകളെ രതിസാഗരത്തിന്റെ കാണാച്ചുഴികളിലേക്ക് കൂട്ടിക്കൊണ്ടുപോയി അനുഭൂതികൾ പകർന്നു നൽകിയവയായിരുന്നു.
തലമുറകളുടെ സ്വപ്‌നറാണിയും സൗന്ദര്യധാമവുമായ ഷീലയെയായിരുന്നത്രെ വയലാർ തന്റെ ഗാനങ്ങളിലെ പ്രണയ നായികയായി സങ്കല്പിച്ചിരുന്നത് ! ഷീലക്കു വേണ്ടിയായിരുന്നു വയലാർ ഏറ്റവും കുടുതൽ ഗാനങ്ങൾ എഴുതിയിട്ടുള്ളതും.
ശാലീനതയും മാദകത്വവും ഒത്തുചേർന്ന ഷീലയുടെ സർപ്പസൗന്ദര്യം ഒരു തലമുറയെ മാത്രമല്ല വയലാറിന്റെ മന്മഥ തൂലികയേയും ലഹരി പിടിപ്പിച്ചിരുന്നു.
സംബോധനാരീതിയിൽ തുടങ്ങുന്ന സുന്ദര ഗാനങ്ങൾ വയലാറിന്റെ മാത്രം ഒരു പ്രത്യേകതയാണ്. സ്വർഗ്ഗപുത്രീ, സന്യാസിനി, സീതപ്പക്ഷി, ഇഷ്ടപ്രാണേശ്വരി ,
ചക്രവർത്തിനി , മണിച്ചിക്കാറ്റേ, പൂന്തേനരുവീ ,
നീലപൊന്മാനേ, സുമംഗലീ , പ്രേമഭിക്ഷുകി, ഇടയകന്യകേ, സൂര്യകാന്തി, രാജശില്പി ഇങ്ങനെ പോകുന്നു അത്തരം സംബോധനാ ഗാനങ്ങൾ …..
വിപ്ലവകാരിയായിരുന്ന വയലാറിനെ ഏറ്റവും വേദനിപ്പിച്ചത് യേശുദാസിന് ഗുരുവായൂരമ്പലത്തിൽ വിലക്കു കല്പിച്ചപ്പോൾ ആയിരുന്നു.
ആ വേദനയിൽ നിന്നെഴുതിയതാണ് ‘ ഒതേനന്റെ മകനി ‘ലെ ‘ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും ….’ എന്ന പ്രശസ്ത ഗാനം.
വയലാറിന്റെ ഏറ്റവും മികവേറിയ പത്തു ഗാനങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അതൊരു ഭഗീരഥപ്രയത്‌നം തന്നെയായിരിക്കും. അതിനാൽ അദ്ദേഹത്തിന്റെ വ്യത്യസ്ത ഭാവങ്ങളുള്ള ചില ഗാനങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ ….
‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ..’ (തത്വചിന്ത, അച്ഛനും ബാപ്പയും)
‘സുമംഗലീ നീ ഓർമ്മിക്കുമോ …’ ( പ്രണയഭംഗം , വിവാഹിത )
‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം…. ( മോഹനസ്വപ്‌നം, കൊട്ടാരം വിൽക്കാനുണ്ട് )
‘വില്ല് കെട്ടിയ കടുക്കനിട്ടൊരു വലിയമ്മാവൻ …. ( ഹാസ്യം, ലൈൻ ബസ്സ് )
‘മാനത്തുകണ്ണികൾ മയങ്ങും കയങ്ങൾ …. ( കാൽപ്പനികം , മാധവിക്കുട്ടി)
‘ പ്രഭാതഗോപുര വാതിൽ തുറന്നു …. (ശാസ്ത്രം, തുലാഭാരം) വെൺചന്ദ്രലേഖയൊരപ്‌സര സ്ത്രീ …. (വിപ്രലംഭശൃംഗാരം , ചുക്ക്)
‘ ഏഴു സുന്ദരരാത്രികൾ ….
(വിവാഹസ്വപ്‌നം , അശ്വമേധം)
‘കറുത്ത ചക്രവാളമതിരുകൾ ചൂഴും … ( ദുഃഖം, അശ്വമേധം)
‘ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ… (പ്രണയം, ശരശയ്യ ) ‘സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ ….'(വിപ്ലവം, അനുഭവങ്ങൾ പാളിച്ചകൾ)
‘ ശബരിമലയിൽ തങ്കസൂര്യോദയം…. (ഭക്തി , സ്വാമി അയ്യപ്പൻ)
‘വല്ലഭൻ പ്രാണവല്ലഭൻ …. (കാമ സുരഭിലം , കരിനിഴൽ) ‘നീലഗിരിയുടെ സഖികളേ … (പ്രകൃതി സൗന്ദര്യം, പണി തീരാത്ത വീട് )ഇങ്ങനെ മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളും ഉൾക്കൊണ്ടുള്ളതായിരുന്നു വയലാർ ഗീതികകൾ ….
1957-ൽ ലോകഞ്ഞിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലേറിയ സന്ദർഭത്തിൽ തിരുവനന്തപുരം പാളയത്തുള്ള രക്തസാക്ഷി മണ്ഡപത്തിന് അഭിവാദ്യങ്ങളർപ്പിച്ചു കൊണ്ട് വയലാർ എഴുതിയ ‘ബലികുടീരങ്ങളെ …..’ എന്ന ഗാനം പിന്നീട് കെ.പി.എ.സി. അവരുടെ നാടകത്തിന്റെ അവതരണഗാനമായി സ്വീകരിച്ചതു തന്നെ ഈ മഹാകവിയുടെ സർഗ്ഗശക്തിക്കുള്ള വലിയ അംഗീകാരമാണ്.
മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ആദ്യമായി കേരളത്തിന്റെ മണ്ണിലെത്തുന്നതും വയലാറിലൂടെയാണ് …. (മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു … അച്ഛനും ബാപ്പയും)
1965 -ൽ പുറത്തിറങ്ങിയ ‘ചേട്ടത്തി ‘ എന്ന ചിത്രത്തിൽ
‘ആദിയിൽ വചനമുണ്ടായി …..’
എന്ന ഗാനരംഗത്ത് വയലാർ രാമവർമ്മ അതിഥി താരമായി
വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് …
1975 ഒക്ടോബർ 27-ന് ‘സമയമാം രഥത്തിലേറി ‘ വയലാർ സ്വർഗ്ഗത്തിലേക്ക് യാത്രയായിട്ടും ചാനലുകളിൽ ഇപ്പോൾ നടക്കുന്ന റിയാലിറ്റി ഷോകളിൽ പോലും വയലാറിന്റെ ഗാനങ്ങളാണ് പ്രഭ ചൊരിഞ്ഞ് പ്രകാശം പരത്തുന്നത്.
വയലാറിന്റെ മരണശേഷം മലയാളത്തിലെ മികച്ച സാഹിത്യരചനകൾക്കായി വയലാറിന്റെ പേരിൽ ഒരു പുരസ്‌ക്കാരവും നൽകി വരുന്നുണ്ട്.
വയലാറിന്റെ ഗാനരചനയുടെ സൗന്ദര്യശാസ്ത്രത്തെ പിന്തുടർന്ന് മലയാളത്തിലെത്തി ആ രംഗത്ത് നവവസന്തങ്ങൾ തീർത്ത ശ്രീകുമാരൻ തമ്പിയ്ക്കാണ് ഈ വർഷം വയലാർ അവാർഡ് ലഭിച്ചതെന്നുള്ള കാര്യം ഏറെ അഭിമാനകരം….
കേരളത്തിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത ഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം വയലാറിന്റെ ഗാനങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തി ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട്. ‘ആയിരം പാദസരങ്ങൾ ‘ എന്ന ഈ കൃതി ഡി.സി.ബുക്ക്‌സ് 2020 ഒക്ടോബർ 27-ന് അദ്ദേഹത്തിന്റെ ഓർമ്മദിനത്തിലാണ് പ്രകാശനം ചെയ്തത്. മലയാളസിനിമാഗാനങ്ങളുടെ ചരിത്രത്തിൽ ഒരു കവിയുടെ ഗാനങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെ ഇറങ്ങുന്നത് ആദ്യമായിട്ടാണ്.
ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന, ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയുന്ന, കാമുകഹൃദയങ്ങളും ,സ്വപ്‌നങ്ങളും നിറഞ്ഞ ഈ മനോഹരതീരത്ത് ഇനിയൊരു ജന്മത്തിനായ് കാത്തിരിക്കുന്ന പ്രിയപ്പെട്ട സ്‌നേഹഗായകാ ….
പ്രണയത്തിന്റേയും പ്രകൃതിയുടേയും മാസ്മരികഭാവങ്ങളിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ കാവ്യസൗരഭ്യത്തിന്റെ ഒരായിരം പൗർണ്ണമി ചന്ദ്രികകൾ പരത്താൻ ഒരിക്കൽ കൂടി താങ്കൾ പുനർജ്ജനിച്ചാലും…
ആ ശുഭമുഹൂർത്തത്തിനായി ഞങ്ങളും കാത്തിരിക്കുന്നു ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *