കണ്ടല സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വ്യാജപ്രചരണം

തിരുവനന്തപുരം :കണ്ടല സർവീസ് സഹകരണ ബാങ്കിൽ കേരള സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിൽ ബാങ്ക് ഭരണസമിതി 101 കോടി രൂപയിൽ അധികം തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനാൽ ഭരണസമിതി രാജി വയ്ക്കുകയും തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റർ ചാർജ് എടുത്തപ്പോൾ മുതൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെയും ബാങ്കിനെതിരെയും മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ വ്യാജ പ്രചരണങ്ങളും വ്യാജവാർത്തകളും സൃഷ്ടിക്കലുമായി രംഗത്തുവന്നിരുന്നു. എന്നാൽ നിക്ഷേപകരുമായും ബാങ്കിലെ മറ്റ് ഇടപാടുകാരുമായും അഡ്മിനിസ്‌ട്രേറ്റർ നടത്തിയ ചർച്ചയിൽ നിക്ഷേപകരോട് സാവകാശം ചോദിക്കുകയും പ്രത്യേക പാക്കേജ് നടപ്പിലാക്കി മുൻഗണനാ ക്രമത്തിൽ നിക്ഷേപകർക്കുള്ള തുക ബാങ്കിന്റെ വരവിന് അനുസരിച്ച് ഗഡുക്കളായി അനുവദിച്ചു നൽകുകയും ചെയ്യുന്നുണ്ട്.
ബാങ്കിൽ അധികാരമേറ്റ വനിതാ അഡ്മിനിസ്‌ട്രേറ്റർ നെയ്യാറ്റിൻകരയിലെയും കാട്ടാക്കടയിലെയും അസിസ്റ്റൻറ് രജിസ്റ്റാറിന്റെ ചുമതല വഹിക്കുന്ന വ്യക്തിയായിരുന്നു. ഇതോടൊപ്പമാണ് സഹകരണ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റർ ചാർജ് കൂടി ഏറ്റെടുത്തത്. എന്നാൽ അസിസ്റ്റന്റ് രജിസ്റ്റാർ തസ്തിയിൽ നിന്നുമുള്ള ജോലിക്കയറ്റം വന്നതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്ററായി തുടരുവാൻ കഴിയാത്തതിനാൽ പകരം മറ്റൊരാളെ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റായി രണ്ട് ദിവസം മുമ്പ് നിയമിച്ചിരുന്നു. ഇതിന്റെ മറവിലാണ് വ്യാജപ്രചരണവുമായി മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ തങ്ങൾക്ക് സ്വാധീനമുള്ള മാധ്യമങ്ങൾ വഴി വാർത്തസൃഷ്ടിച്ചത്.
ഭരണസമിതി രാജിവച്ച് പോകുന്ന സമയത്ത് കടാശ്വാസ കമ്മീഷനിൽ നിന്നും രണ്ടര കോടി രൂപ ബാങ്കിന് അനുവദിച്ചു എന്നും 135 നിക്ഷേപകർക്ക് നൽകുവാനായി ചെക്കുകൾ സെക്രട്ടറിയെ ഏൽപ്പിച്ചിട്ടുണ്ട് എന്നും വാർത്താക്കുറിപ്പിൽ മുൻ ഭരണ സമിതി അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റായിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത്.
കടാശ്വാസ കമ്മീഷനിൽ നിന്നും അനുവദിച്ച തുക നാല് ദിവസം മുമ്പാണ് കണ്ടല ബാങ്കിന്റെ അക്കൗണ്ടിൽ എത്തിയത്. ഇത് രജിസ്റ്റാറിന്റെ നിർദ്ദേശപ്രകാരം മാത്രമേ ചിലവഴിക്കാൻ കഴിയുകയുള്ളൂ എന്നിരിക്കെ അഡ്മിനിസ്‌ട്രേറ്റർ മനപ്പൂർവ്വം നിക്ഷേപകർക്ക് പണം നൽകുന്നില്ല എന്ന വ്യാജ വാർത്തയാണ് നവമാധ്യമങ്ങളുടെയും ചില പത്രങ്ങളിലൂടെയും മുൻ ഭരണസമിതി പ്രചരിപ്പിക്കുന്നത്.കൂടാതെ അനാവശ്യമായി ബാങ്ക് വാടകയ്ക്ക് എടുത്തിരിക്കുന്ന കെട്ടിടങ്ങൾ മറ്റ് അനാവശ്യ ചെലവുകളും ഒഴിവാക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റർ നിർദ്ദേശത്തെ വളച്ചൊടിക്കുകയും നല്ല രീതിയിൽ പ്രവർത്തിച്ചു മുന്നോട്ടുപോകുന്ന സഹകരണ ആശുപത്രി വാടകയ്ക്ക് എടുത്തിട്ടുള്ള പാർക്കിംഗ് സ്ഥലവും ഒഴിവാക്കാൻ അഡ്മിനിസ്‌ട്രേറ്റർ നിർദ്ദേശം നൽകി എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് അടിസ്ഥാന രഹിതമാണെന്നാണ് അധികൃതർ പറയുന്നത്.
അധികമായി നിയമിച്ചിട്ടുള്ള ജീവനക്കാരെ ഒഴിവാക്കണമെന്നതായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ നിർദേശം. സഹകരണ ആശുപത്രി ഈ പ്രതിസന്ധിക്കിടയിലും വളരെ നല്ല രീതിയിൽ തന്നെയാണ് നടന്നു പോകുന്നത്. മുൻകാലങ്ങളിൽ നടന്നത് പോലെ 50 ഓളം രോഗികളെ കിടത്തി ചികിത്സിക്കുകയും ചെയ്യുന്നുണ്ട് .പ്രതിദിനം 200 ൽ അധികം രോഗികളാണ് ഇവിടെ വന്ന് ചികിത്സ തേടി പോകുന്നത്. എന്നാൽ സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സഹായം ചെയ്യുന്ന രീതിയിൽ ചിലർ നടത്തുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് അറിയുവാൻ കഴിഞ്ഞത.് ആഴ്ചയിൽ ഓരോ ദിവസവും വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ട മെഡിക്കൽ ക്യാമ്പുകളും സൗജന്യ നിരക്കിൽ ഉള്ള വിലകൂടിയ ടെസ്റ്റുകളും ഡയബറ്റിക് , ഗൈനക്കോളജി സ്‌കിൻ തുടങ്ങി എല്ലാ വിഭാഗം ചികിത്സാരീതികളും മുൻകാലങ്ങളിൽ നടന്നത് പോലെ തന്നെ ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്.