കെ സുധാകരന് മാനസിക രോഗമാണെന്ന് ഇപി ജയരാജൻ; പോത്ത് പരാമർശം അധഃപതനം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന് മാനസിക രോഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ചത് അധഃപതനമാണ്. സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് ദേശീയ നേതൃത്വം തയ്യാറാകണം. ഇത്തരം മാനസിക രോഗമുള്ളവർ ഇരിക്കേണ്ട കസേര അല്ല അതെന്നും താൻ കുറെ നാളായി സുധാകരനെ നിരീക്ഷിക്കുന്നുണ്ടെന്നും ഇപി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പുതുപ്പള്ളിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നും ഇപി പറഞ്ഞു.
സുധാകരന്റെ പോത്ത് പരാമർശത്തിനെതിരെ മന്ത്രി വിഎൻ വാസവനും രംഗത്തെത്തിയിരുന്നു. പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് സുധാകരൻ നടത്തിയതെന്നും വിഎൻ വാസവൻ പറഞ്ഞു. പ്രതികരിക്കേണ്ട വിഷയങ്ങളിലൊക്ക മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിട്ടുണ്ട്. പുതുപ്പള്ളിയിൽ യുഡിഎഫിന് അര ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നത് സ്വപ്‌നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ സുധാകരൻ വിവാദ പരാമർശം നടത്തിയത്. വാ മൂടിക്കെട്ടിയ പോത്താണ് മുഖ്യമന്ത്രിയെന്നാണ് അദ്ദേഹം അധിക്ഷേപിച്ചത്. തൊലിക്കട്ടിയുടെ കൂടുതൽ കൊണ്ടാണ് പുതുപ്പള്ളിയിൽ മുഖ്യമന്ത്രി പ്രചരണത്തിന് എത്തിയത്. തൊലിക്കട്ടി ഇല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി എത്തില്ല. ജനങ്ങൾക്ക് അത്രത്തോളം അവമതിപ്പാണ് സർക്കാരിനോട്. സർക്കാർ വിരുദ്ധ വികാരം പുതുപ്പള്ളിയിൽ പ്രതിഫലിക്കും. മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ തന്നെ അങ്കം തുടങ്ങി. പുതുപ്പള്ളിയിൽ ഉയർന്ന വ്യക്തി അധിക്ഷേപങ്ങൾ വിശകലനം ചെയ്ത് ജനം ഉപതെരഞ്ഞെടുപ്പുകളിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മനെ ജയിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.