KERALA Main Banner TOP NEWS

പുതുപ്പള്ളിക്കാർ നാളെ തീരുമാനിക്കും; നെഞ്ചിടിപ്പോടെ മൂന്നുമുന്നണികളും

പിഎ അലക്‌സാണ്ടർ

ആവേശക്കൊടുമുടിയേറിയ പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. കഴിഞ്ഞ 26 ദിവസമായി വാശിയേറിയ6 തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പുതുപ്പള്ളി മണ്ഡലം ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ്. ഒരു വോട്ടും പോകാതെ തങ്ങളുടെ വലയിലാക്കാൻ എല്ലാവരും പരിശ്രമിക്കുന്നു. ഇന്നലത്തെ കൊട്ടിക്കലാശം വർണാഭമായാണ് മൂന്നു മുന്നണികളം ആഘോഷിച്ചത്. കലാശക്കൊട്ടിൽ മൂന്നുമുന്നണികളുടേയും അമിട്ടുകൾ ആകാശത്ത് പൊട്ടിവിതറിയപ്പോൾ താഴെ മുന്നണിയുടെ അണികൾ വിവിധ വർണങ്ങളുള്ള പൂത്തിരികൾ കത്തിച്ചാണ് സമാപനപ്പൂരത്തിൽ പങ്കെടുത്തത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നലെ കലാശക്കൊട്ടോടെ വൈകീട്ട് ആറിന് പാമ്പാടിയിൽ അവസാനിച്ചപ്പോൾ മൂന്നു മുന്നണികളും വിജയപ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
ആകേയുള്ള 176412 വോട്ടർമാരിൽ 90277 പേർ വനിതകളും 86131 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും 182 പോളിംഗ് ബൂത്തുകളിൽ ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തും. അന്തരിച്ച കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ പുത്രൻ ചാണ്ടി ഉമ്മൻ (യുഡിഎഫ് ) ജെയ്ക്ക് സി തോമസ് (എൽഡിഎഫ്), ജി. ലിജിൻലാൽ (എൻഡിഎ) ലൂക്ക് തോമസ് ( ആം ആദ്മി), പി.കെ. ദേവദാസ്, ഷാജി, സന്തോഷ് പുളിക്കൽ എന്നീ സ്വതന്ത്രന്മാർ ഉൾപ്പെടെ ഏഴ് സ്ഥാനാർത്ഥികളാണ് അങ്കത്തട്ടിലുള്ളത്. എങ്കിലും യുഡിഎഫും എൽഡിഎഫും ബിജെപിയും തമ്മിലാണ് ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണർത്തിയിട്ടുള്ളത്. എട്ടു പഞ്ചായത്തുകളിലും ചുറ്റിക്കറങ്ങിയപ്പോൾ ഈ ലേഖകന് വലിയ ഒരു മത്സരത്തിന്റെ പ്രതീതിയാണുണ്ടായത്. ഉമ്മൻചാണ്ടിയുടെ തകർക്കാനാകാത്ത ജനപ്രീതിയിൽ ഊന്നിയാണ് യൂഡിഎഫ് വോട്ടർമാരെ കാണുന്നത്.
കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച ഉമ്മൻചാണ്ടിയുടെ മരണശേഷം ആദ്യമാണ് മറ്റൊരു പുതിയ ആൾ പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിൽ പോകാനൊരുങ്ങുന്നത്. നാലര വ്യാഴവട്ടം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിദ്ധ്യം പുതുപ്പള്ളിയുടെ മുക്കിലും മൂലയിലും ഇപ്പോഴും കാണാൻ കഴിയുന്നു.
പുതുപ്പള്ളി മണ്ഡലം വികസനകാര്യത്തിൽ പിന്നോട്ടടിച്ചെന്ന് ആരോപിച്ചാണ് എൽഡിഎഫും ബിജെപിയും പ്രചാരണം കൊഴുപ്പിച്ചതെങ്കിൽ ആശുപത്രികളും എട്ട് മീറ്റർ വീതിയുള്ള റോഡുകളും എൻജിനീയറിംഗ് കോളേജും പൂനയോട് കിടപിടിക്കുന്ന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ഐഎച്ച്ആർഡിയും കോവിഡ് പ്രതിരോധ സംവിധാനങ്ങളും കുടിവെള്ള പദ്ധതികളും ഉമ്മൻചാണ്ടിയുടെ മാത്രം സംഭാവനകളാണെന്നാണ് യുഡിഎഫ് നേതാക്കൾ അടിവരയിട്ട് പറയുന്നത്.
തന്റെ പിതാവിന്റെ ഓർമ്മകളുണർത്തി ചാണ്ടി ഉമ്മനും, മാറി ചിന്തിക്കണമെന്ന് ജെയ്ക്ക് സി തോമസും വോട്ടിൽ വർദ്ധനയുണ്ടാക്കണമെന്ന് ബിജെപിയുടെ ലിജിൻലാലും ആവശ്യപ്പെടുമ്പോൾ ആം ആദ്മി ചൂലുമായി വാൾപോസ്്റ്റുകളിൽ പടർന്നുപന്തലിച്ച് മണ്ഡലത്തിൽ നിൽക്കുന്നു. മുക്കിന് മുക്കിന് ഉമ്മൻചാണ്ടിയുടെ കട്ടൗട്ടുകളും മൂവർണക്കൊടിത്തോരണങ്ങളും മണ്ഡലത്തിലുടനീളം വ്യാപകമായപ്പോൾ അതിനെ വെല്ലുന്ന പ്രചരണക്കോപ്പുകളാണ് എൽഡിഎഫും ബിജെപിയും മണ്ഡലത്തിലാകെ ആവരണം ചെയ്തിരിക്കുന്നത്. വർണവിസ്മയത്തോടെ മൂന്നു മുന്നണികളും കൗതുകകരമായ കൊട്ടിക്കലാശം ഇന്നലെ പാമ്പാടിയിൽ നടത്തി. ആയിരങ്ങളാണ് അതിലെല്ലാം പങ്കെടുത്തത്.
2021ൽ 176103 വോട്ടർമാരാണ് പുതുപ്പള്ളിയിൽ ഉണ്ടായിരുന്നത്. 131797 പേർ അന്ന് വോട്ട് രേഖപ്പെടുത്തി. കൃത്യമായി പറഞ്ഞാൽ പോളിംഗ് 74.84 ശതമാനം. ഉമ്മൻചാണ്ടി 9044 എന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഓർത്തഡോക്‌സ് പാത്രിയാർക്കീസ് സഭാവിഭാഗങ്ങൾ കൂടുതലുള്ള ഒരു മണ്ഡലമാണ് പുതുപ്പള്ളി. പാത്രിയാർക്കീസ് വിഭാഗത്തിലെ വലിയൊരു കൂട്ടം ചർച്ച് ബില്ലിന്റെ പേരിൽ ഉമ്മൻചാണ്ടിക്കെതിരായപ്പോൾ ഓർത്തഡോക്‌സിലെ ഒരു ചെറിയ വിഭാഗം അവരുടെ സഭാനേതൃത്വത്തിന്റെ കൂടെ നിന്ന് ഉമ്മൻചാണ്ടിക്കെതിരെ വോട്ട് ചെയ്തു. കേരള കോൺഗ്രസ് മാണി വിഭാഗവും ഉമ്മൻചാണ്ടിയെ അന്ന് കൈവിട്ടിരുന്നു. എന്നാൽ ഇത്തവണ ഇത്രയും കടുത്ത എതിർപ്പിനെ ഈ വിഭാഗങ്ങളിൽനിന്നും കേരള കോൺഗ്രസ്സിൽനിന്നും ചാണ്ടി ഉമ്മന് നേരിടേണ്ടിവരുന്നില്ലെന്നാണ് മനസ്സിലാകുന്നത്. പിണറായി വിജയൻ സർക്കാരിന് എതിരേയുള്ള ഭരണവിരുദ്ധ വികാരവും മണ്ഡലത്തിൽ ശക്തമായി കാണുന്നുണ്ടെന്നാണ് യുഡിഎഫുകാർ പറയുന്നത്. യുഡിഎഫും എൽഡിഎഫും വിജയം പ്രതീക്ഷിക്കുമ്പോൾ ബിജെപി വോട്ടിൽ വൻവർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ജെയ്ക് സി തോമസിന്റെ വള്ളം ഇത്തവണയും ചവിട്ടിത്താഴ്ത്തുമെന്നാണ് ചില വോട്ടർമാർ പറഞ്ഞത്. പാമ്പാടിയിലെ ഒരു കള്ളുഷാപ്പിൽ ഈ ലേഖകൻ കയറി 25 ഓളം പേരുമായി സംസാരിച്ചപ്പോൾ 15 പേർ ചാണ്ടി ഉമ്മനേയും ഏഴ് പേർ ജെയ്ക്കിനേയും മറ്റു മൂന്നുപേർ ബിജെപിയേയും പിന്തുണയ്ക്കുന്നവരായിരുന്നു. പ്രായമായവരിലും ബഹുഭൂരിപക്ഷം സ്ത്രീകളും ഒരു വിഭാഗം ചെറുപ്പക്കാരും ചാണ്ടി ഉമ്മന് അനുകൂലമായി പ്രതികരിക്കുകയുണ്ടായി. മദ്ധ്യവയസ്‌കരിലും ചെറുപ്പക്കാരിൽ ഒരു വിഭാഗത്തിലും എൽഡിഎഫ് പ്രവർത്തകരിലും ജെയിക്കിന് അനുകൂലമായ പ്രതികരണമാണ് കണ്ടത്. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടത് ഉമ്മൻചാണ്ടിയോടുള്ള സഹതാപമാണ്. പക്ഷേ, ഈ സഹതാപമൊനന്നും വോട്ടായി മാറില്ലെന്നാണ് ഇടതുപക്ഷം പറയുന്നത്. മന്ത്രി വാസവൻ ജെയക്ക് സി തോമസ് ജയിക്കുമെന്ന് തന്നെ ഉറപ്പിച്ച് പറയുന്നു.
ഏറെ വേട്ടയാടപ്പെട്ട ഉമ്മൻചാണ്ടി അന്തരിച്ച് 26 ദിവസം പിന്നിട്ടപ്പോൾ പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പ് ഉമ്മൻചാണ്ടി വികാരം ഉണർത്താൻ സഹായകമായിട്ടുണ്ടെന്നത് സത്യമാണ്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വിദേശത്ത് പഠിക്കാൻപോയി തിരിച്ചെത്തിയ മകനെപ്പോലെയാണ് ചാണ്ടി ഉമ്മനെ വോട്ടർമാർ പലരും സ്വീകരിക്കുന്നത്. പ്രത്യേകിച്ച് വീട്ടമ്മമാരും പ്രായമായവരും നല്ലൊരു വിഭാഗം യുവതികളും ചാണ്ടി ഉമ്മനെ കാണുമ്പോൾ കൈപിടിച്ചും ആശ്ലേഷിച്ചും സ്‌നേഹം പ്രകടിപ്പിച്ചുമാണ് സ്വീകരിക്കുന്നത്. ചെരിപ്പിടാതെയും മുടി ചീകാതേയും ദ്രുതഗതിയിൽ നടക്കുന്ന ചാണ്ടി ഉമ്മൻ പലർക്കും അത്ഭുതമാണ്. എന്റെ അപ്പയെ ചേർത്തുനിറുത്തിയപോലെ നിങ്ങൾ എന്നേയും ചേർത്തുനിറുത്തണം. അപ്പയെപ്പോലെ ഞാനും എപ്പോഴും നിങ്ങളുടെ വിളിപ്പുറത്തുണ്ട്… ഇത്രമാത്രമാണ് ചാണ്ടി ഉമ്മൻ ഓരോ വോട്ടർമാരുടേയും കൈപിടിച്ചുകുലുക്കിക്കൊണ്ട് പറയുന്നത്. പതിവിന് വിരുദ്ധമായി അടുക്കിലും ചിട്ടയിലും യുഡിഎഫും മണ്ഡലത്തിലുടനീളം ആവേശത്തോടെ പ്രവർത്തിക്കുന്നത് കാണാം. ഉമ്മൻചാണ്ടിയെ കണ്ടും കാണാതേയും വോട്ട് ചെയ്തവർ ഇത്തവണ ചാണ്ടി ഉമ്മനെ അടുത്തുകാണന്നു എന്ന പ്രത്യേകതയും ഉണ്ട്.
ടിവിയിൽ മാത്രമല്ല, സമീപത്തും കാണാറുള്ള ജെയ്ക്ക് സി തോമസിനേയും സ്‌നേഹത്തോടേയാണ് വോട്ടർമാർ അഭിവാദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് കൗമാരക്കാർക്ക് ഒരു സെൽഫിയെടുക്കാൻ താരത്തെ കാണുന്ന രീതിയുള്ള സന്തോഷവുമുണ്ട് ജെയിക്കിനെ കാണുമ്പോൾ… വാക്കുകളുടെ ചതുരവടിവും നിലപാടുകളുടെ ബലംപിടുത്തവും ഒന്നുമില്ലാതേയാണ് ജെയിക്ക് അവരോട് സംസാരിക്കുന്നത്. അടിയുറച്ച പാർട്ടി വിശ്വാസികളുടെ ഇടയിലേക്ക് ചെല്ലുമ്പോൾ ജെയിക്കിന്റെ ഉത്സാഹം വാനോളം ഉയരും. നൂറ് ചുകപ്പൻ അഭിവാദ്യങ്ങളോടെയാണ് പാർട്ടിക്കാർ ജെയിക്കിനെ സ്വീകരിക്കുന്നത്.
മണ്ഡലത്തിലുടനീളം സാന്നിധ്യം അറിയിച്ചുകൊണ്ടുള്ള പര്യടനമാണ് എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻലാൽ നടത്തുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മറ്റൊരു മണ്ഡലത്തിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി തഴക്കവും പഴക്കവും ഊർജ്ജസ്വലതയുമുള്ള ഒരു സ്ഥാനാർത്ഥിയാണ്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, പി രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന പ്രസിഡന്റെ കെ സുരേന്ദ്രൻ തുടങ്ങിയവരൊക്കെ ലിജിൻലാലിനൊപ്പം രംഗത്തുണ്ട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ സഹപ്രഭാരിയുമായ രാധാ മോഹൻദാസ് അഗർവാൾ എംപിയാണ് ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് തേര് നയിക്കുന്നത്. താമസിച്ചാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെങ്കിലും തൊട്ടടുത്ത ദിവസം മുതൽ പുതുപ്പള്ളിയിൽ താമസിച്ചാണ് ലിജിൻലാൽ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. ബിജെപി ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് മുമ്പ് മത്സരിച്ചിരിന്നതെങ്കിൽ. ഇപ്പോൾ അദ്ദേഹം ജില്ലാ പ്രസിഡന്റാണ്.
മണ്ഡലത്തിൽ ഉടനീളം ഓട്ടപ്രദക്ഷിണം നടത്തിയപ്പോൾ മൂന്നു മുന്നണികളും തകർപ്പൻ മത്സരം കാഴ്ചവയ്ക്കുന്ന പ്രതീതിയാണ് ഉണ്ടായത്. ആര് ജയിക്കുമെന്ന് പറയാനാകില്ലെങ്കിലും സാഹചര്യങ്ങളുടെ വിലയിരുത്തലിൽ ചാണ്ടി ഉമ്മന് തന്നെയാണ് അനുകൂലമായ അവസ്ഥ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *