KERALA Second Banner TOP NEWS

പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല, കേന്ദ്രപദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുക ലക്ഷ്യം; ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ

കോട്ടയം: കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ പ്രചാരണം നടത്തുമെന്നും ലിജിൻ ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
മുൻപ് പുതുപ്പള്ളി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലിനെ ബിജെപി സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ലിജിൻ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. നേരത്തെ മുതിർന്ന നേതാവ് ജോർജ്ജ് കുര്യൻ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ ധാരണയായത്.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക് സി.തോമസും എത്തി. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *