KERALA Main Banner TOP NEWS

മണ്ണാറശാല അമ്മ ഉമാദേവി അന്തർജ്ജനം സമാധിയായി

ഹരിപ്പാട് : പ്രശസ്തമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ഉമാദേവി അന്തർജ്ജനം (96) അന്തരിച്ചു. സ്ത്രീ മുഖ്യ പൂജാരിണിയായ ഏക ക്ഷേത്രമാണിത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു മണ്ണാറശാല അമ്മയുടെ അന്ത്യം. മരണ സമയത്ത് മകൾ വത്സല ദേവിയും മറ്റു ബന്ധുക്കളും അടുത്തുണ്ടായിരുന്നു. ഇല്ലത്തെ നടുത്തളത്തിൽ പൊതുദർശനത്തിനായി കിടത്തിയ മൃതദേഹത്തിൽ നിരവധി ആത്മീയ സാമൂഹ്യ സാംസ്‌കാരിക നായകന്മാർ അന്ത്യോപചാരം അർപ്പിച്ചു.
നാലു വർഷത്തോളമായി വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നു. സംസ്‌കാരം ബുധനാഴ്ച രാത്രി ക്ഷേത്രത്തിനും നിലവറയ്ക്കും മധ്യേ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്ത് നടന്നു. വത്സലാദേവിയാണ് ഏകമകൾ. മരുമകൻ : തിരുവനന്തപുരം ഇടയാവണത്തുമഠം ശശിശേഖരരു പണ്ടാരത്തിൽ.
കോട്ടയം മാങ്ങാനത്ത് ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും രുഗ്മിണി അന്തർജ്ജനത്തിന്റേയും മൂന്നാമത്തെ മകളായ ഉമാദേവി അന്തർജ്ജനം പരേതനായ എം.ജി.നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണിയായതോടെയാണ് മണ്ണാറശാല ഇല്ലത്തെ അംഗമായത്. വലിയമ്മയായിരുന്ന സാവിത്രി അന്തർജ്ജനം 1993 ഒക്ടോബർ 24ന് അന്തരിച്ചതിനെത്തുടർന്നാണ് ഉമാദേവി അന്തർജ്ജനം വലിയമ്മയായി സ്ഥാനമേറ്റത്. അമ്മമാർ സമാധിയായാൽ ക്ഷേത്രത്തിൽ മൂന്നു ദിവസം പതിവു പൂജകൾ ഉണ്ടായിരിക്കില്ല. സംസ്‌കാരച്ചടങ്ങുകൾക്ക് മുന്നോടിയായി അടുത്ത അമ്മയായി സാവിത്രി അന്തർജ്ജനത്തെ, അന്തരിച്ച അമ്മയുടെ പാദതീർത്ഥം അഭിഷേകം ചെയ്തു അവരോധിച്ചു. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളായ സാവിത്രി അന്തർജ്ജനം (83) മുൻകാരണവർ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന സംവത്സര ദീക്ഷയ്ക്കു ശേഷമേ ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾ പുതിയ അമ്മ ആരംഭിക്കുകയുളളൂ. ഉമാദേവി അന്തർജ്ജനത്തിന്റെ സമാധിയെത്തുടർന്ന് കർക്കടക മാസത്തിലെ ആയില്യം നാളിൽ മണ്ണാറശാല ക്ഷേത്രത്തിൽ നടക്കുന്ന നൂറും പാലും ഉണ്ടായിരിക്കുന്നതല്ല.

 


അമ്മ; ഇനി ദീപ്ത സ്മരണ

ഹരിപ്പാട്: പ്രശസ്തമായ ഹരിപ്പാട്, മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായ മണ്ണാറശാല അമ്മയെന്ന് വിശ്വസികൾ ഭക്തിപൂർവ്വം വിളിക്കുന്ന ഉമാദേവി അന്തർജനത്തിന്റെ (93) നിര്യാണത്തിൽ മനംനൊന്ത് ഭക്തർ. സ്ത്രീ മുഖ്യ പൂജാരിണി ആയിട്ടുള്ള ഏക ക്ഷേത്രമാണ് മണ്ണാറശാല. ഹരിപ്പാട് സ്ഥിതി ചെയ്യുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം ഏറ്റവും വലിയ നാഗരാജ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ പ്രധാന ഉത്സവമാണ് മണ്ണാറശാല ആയില്യം.
ഭക്തസഹസ്രങ്ങളാണ് ആയില്യം തൊഴാൻ എല്ലാവർഷവും ഇവിടെ എത്തുന്നത്. മണ്ണാറശാല അമ്മയെ ദർശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നത് ആയില്യം നാളിലെ പ്രധാന ചടങ്ങാണ്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗത്തിന്റെ പത്‌നിയാണ് അമ്മ സ്ഥാനത്ത് എത്തുന്നത്.നാഗരാജാവിന്റെ മാതൃസങ്കൽപ്പംചൂടുന്ന മണ്ണാറശാല വലിയമ്മയ്ക്കാണ് ആയില്യം എഴുന്നളളത്തും തുടർന്നുളള ആയില്യം പൂജയും നടത്താൻ അധികാരമുളളത്. 1993 ഒക്ടോബർ 24 ന് വലിയമ്മയായിരുന്ന ദിവ്യശ്രീ സാവിത്രി അന്തർജ്ജനത്തിന്റെ സമാധിയെ ത്തുടർന്നാണ് ഉമാദേവി അന്തർജ്ജനം വലിയമ്മയായി സ്ഥാനമേറ്റത്. കോട്ടയം മാങ്ങാനത്ത് ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും രുഗ്മിണി അന്തർജ്ജനത്തിന്റേയും മൂന്നാമത്തെ മകളായ ഉമാദേവി അന്തർജ്ജനം മണ്ണാറശാല ഇല്ലത്ത് പരേതനായ എം.ജി.നാരായണൻ നമ്പൂതിരിയുടെ സഹധർമ്മിണിയായതോടെയാണ് മണ്ണാറശാല ഇല്ലത്തെ അംഗമായത്. വാർധക്യ സഹജമായ അവശതകൾ മൂലം കഴിഞ്ഞ ആയില്യത്തിൽ മണ്ണാറശാല അമ്മയുടെ മുഖ്യ കാർമികത്വത്തിലുള്ള എഴുന്നള്ളത്തും വിശേഷാൽ പൂജകളും നടന്നിരുന്നില്ല. അമ്മയ്ക്ക് അസൗകര്യമുണ്ടായാൽ ഈ ചടങ്ങുകളൊന്നും വേണ്ടെന്നാണ് ക്ഷേത്രാചാരവിധി. ഇല്ലത്തെ നടുത്തളത്തിൽ പൊതുദർശനത്തിനായി കിടത്തിയ മൃതദേഹത്തിൽ നൂറുകണക്കിന് ഭക്തർ അടക്കം നിരവധി ആത്മീയ സാമൂഹ്യ സാംസ്‌കാരിക നായകന്മാർ അന്ത്യോപചാരം അർപ്പിച്ചു.
അമ്മമാർ സമാധിയാൽ ക്ഷേത്രത്തിൽ മൂന്നു ദിവസം പതിവു പൂജകൾ ഉണ്ടായിരിക്കില്ല. സംസ്‌കാരച്ചടങ്ങുകൾ ക്ഷേത്രത്തിനും നിലവറയ്ക്കും മദ്ധ്യേ അമ്മമാർക്ക് മാത്രമായുള്ള പ്രത്യേക സ്ഥാനത്തായിരുന്നു. . സംസ്‌കാരച്ചടങ്ങുകൾക്ക് മുന്നോടിയായി അടുത്ത അമ്മയായി സ്ഥാനം ഏൽക്കുന്ന സാവിത്രി അന്തർജനത്തിനെ സമാധിയായ അമ്മയുടെ പാദ തീർത്ഥം അഭിഷേകം ചെയ്തു അവരോധിച്ചു.
കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തിന്റെയും രണ്ടാമത്തെ മകളായ സാവിത്രി അന്തർജനം (83) മുൻകാരണവർ എം വി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ സഹധർമ്മിണി ആണ്. പുതുതായി സ്ഥാനമേൽക്കുന്ന അമ്മ. ഒരു വർഷം നീണ്ടുനിൽക്കുന്ന സംവത്സര ദീക്ഷയക്കു ശേഷം ആണ് പൂജകർമ്മങ്ങൾ ആരംഭിക്കുന്നത്. സമാധിയെ തുടർന്ന് കർക്കിടക മാസത്തിലെ ആയില്യം നാളിൽ നടക്കുന്ന നൂറും പാലും തുടർന്നുള്ള മുന്നു ദിവസങ്ങളിൽ ക്ഷേത്രത്തിൽ ദൈനംദിന പൂജകളും ഉണ്ടായിരിക്കുന്നതല്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *