വീണാ വിജയന് ഒന്നേ മുക്കാൽ കോടി നോക്കുകൂലി; പിണറായിക്കും റിയാസിനും എന്ത് പറയാനുണ്ട്?

പിഎ അലക്‌സാണ്ടർ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണാ വിജയന് മാസംതോറും അഞ്ച് ലക്ഷവും അവരുടെ എക്‌സാലോജിക് കമ്പനിക്ക് മൂന്ന് ലക്ഷവും നോക്കുകൂലിയായി ഐടി കൺസൽട്ടൻസി സേവനമെന്ന പേരിൽ കരാറുണ്ടാക്കി ഒന്നേമുക്കാൽ കോടിയോളം മാസപ്പടിയിനത്തിൽ നൽകിയ സംഭവം വിവാദക്കൊടുങ്കാറ്റായി മാറി. കൊച്ചിയിലെ കരിമണൽ കമ്പനി (സിഎംആർഎൽ)യാണ് മൂന്നു വർഷംകൊണ്ട് ഇത്രയും തുക മുഖ്യമന്ത്രിയുടെ മകൾക്ക് നോക്കുകൂലിയായി നൽകിയതെന്ന് ആദായനികുതി ഇന്ട്രീം സെറ്റിൽമെന്റ് ബോർഡാണ് കണ്ടെത്തിയത്. പിണറായി വിജയന്റെ പുത്രി വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊലൂഷൻസ് ഐടി മാർക്കറ്റിംഗ് കൺസൽട്ടൻസി സോഫ്റ്റ് വെയർ സേവനങ്ങൾ സിഎംആർഎൽ കമ്പനിക്ക് നൽകാമെന്ന കരാർ ഡീലാണ് ഇപ്പോൾ വിവാദക്കുരുക്കിലായത്.
വീണാവിജയന്റെ മാസപ്പൊടി ഡീലിനെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്സിന്റെ മൂവ്വാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. മുമ്പൊരിക്കൽ വീണയുടെ ഈ കമ്പനിയുടെ വഴി വിട്ട ഇടപാടിനെച്ചൊല്ലി നിയമസഭയിൽ ആരോപണം ഉന്നയിച്ച മാത്യുകുഴൽനാടനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിക്കുകയും ഭരണമുന്നണി അംഗങ്ങൾ ഗ്വാ ഗ്വാ വിളിച്ച് കുഴൽനാടനെതിരെ ചീറിയടുക്കുകയും ചെയ്തത് അന്ന് വലിയ വാർത്തയായിരുന്നു. ഓരോ മാസവും വീണാ വിജയനും അവരുടെ കമ്പനിക്കും എട്ട് ലക്ഷം രൂപ വീതം പ്രതിമാസം നോക്കുകൂലിയായി മൂന്നു വർഷക്കാലം കൊടുത്തതിനെപ്പറ്റി ജൂഡീഷൽ അന്വേഷണം നടത്താൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വകാര്യ കരിമണൽ കമ്പനിയുമായി ഉണ്ടാക്കിയ ഡീലിനെപ്പറ്റി ഉടനടി അന്വേഷണം നടത്തണമൈന്നും ഈ അവിശുദ്ധ ഡീലിനെപ്പറ്റി ഉടനെ പിണറായി വിജയൻ മറുപടി നൽകണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വെല്ലുവിളിച്ചു.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി യെച്ചൂരിയെ ഡൽഹിയിലെ പത്രക്കാർ വളഞ്ഞപ്പോൾ ഈ ഇടപാട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം മറുപടി പറയുമെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. കേരളത്തിലെ പിബി അംഗവും സിപിഎം ഉന്നതനും മുൻ നിയമമന്ത്രിയുമായിരുന്ന എകെ ബാലൻ ഇപ്പോഴെനിക്ക് ഒന്നും പറയാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാദ്ധ്യമങ്ങൾ പടച്ചുവിടന്ന ആരോപണങ്ങളാണ് ഇതൊക്കെയെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചപ്പോൾ പഠിച്ചിട്ട് മറുപടി പറയാമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
ഇതൊരു ആരോപണമല്ല. ആദായനികുതി ഇടക്കാല ഒത്തുതീർപ്പ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ചിന്റെ തീർപ്പിലെ വെളിപ്പെടുത്തലുകളാണെന്നും ഇതേപ്പറ്റി അഴിമതി നിരോധന നിയമപ്രകാരം ഉടനെ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു.
എക്‌സാലോജിക് കമ്പനിക്ക് പണം നൽകിയത് പോകട്ടെ, ഒരു വ്യക്തിയായ വീണാ വിജയൻ പ്രതിമാസം അഞ്ച് ലക്ഷം രൂപ വാങ്ങിയത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിട്ടല്ലേ, അദ്ദേഹത്തിന്റെ മകൾക്ക് നോക്കുകൂലി നൽകിയത്. അവരുടെ ഭർത്താവ് മന്ത്രി റിയാസിന് ഇതേക്കുറിച്ച് എന്ത് പറയാനുണ്ട്? പ്രതിപക്ഷം ചോദ്യം ആവർത്തിക്കുന്നു.
അച്ഛനും മകളും സെലിബ്രിറ്റികളാണെന്നും അവർ ഇത്തരം ഡീലുകൾ ധാരാളം നടത്തിയിട്ടുണ്ടെന്നും അതൊക്കെ താമസംവിനാ പുറത്തുവരുമെന്നും സ്വപ്‌ന സുരേഷ് ട്വീറ്റ് ചെയ്തു. മലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് കരിമണൽ കമ്പനിയുമായുള്ള മാസപ്പടി ഡീലെന്നും മറ്റു പലതും മലപോലെ ഉടൻ പുറത്തുവരുമെന്നും അവർ പറയുന്നു.
ഇല്ലാത്ത ഒരു സേവനത്തിന് വേണ്ടിയാണ് ഒന്നേമുക്കാൽ കോടിയോളം രൂപ നൽകിയതെന്നാണ് ഇൻകം ടാക്‌സ് ഇ എസ്് ബോർഡ് ഡൽഹി ബ്രാഞ്ച് കണ്ടുപിടിച്ചത്. മദ്രാസിലും ഇൻകംടാക്‌സിന് ഇങ്ങനെയൊരു ബോർഡുണ്ട്. പക്ഷേ, ഡൽഹി ബോർഡാണ് ഈ ഡിൽ കണ്ടുപിടിച്ചത്.
പിണറായി വിജയൻ ഒന്നാം പ്രാവശ്യം മുഖ്യമന്ത്രിയായ ഡിസംബർ ജനുവരി മാസങ്ങളിലാണ് ഡീൽ തുടങ്ങിവച്ചത്. അന്നുമുതൽ മൂന്നു കൊല്ലത്തെ കണക്കുകളാണ് ഇൻകംടാക്‌സ് വകുപ്പ് പരിശോധിച്ചത്. സേവനങ്ങളൊന്നും കിട്ടിയില്ലെങ്കിലും കരാർപ്രകാരം മാസംതോറും പണം നൽകിയെന്നാണ് സിഎംആർഎൽ മാനേജിംഗ ഡയറക്ടർ ശശിധരൻ കർത്തായും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്മാരും ആദായനികുതി ഇടക്കാല ഒത്തുതീർപ്പ് ബോർഡിന് മൊഴി നൽകിയത്. 2014-20 കാലഘട്ടത്തിൽ ഡീൽ അനുസരിച്ച് നൽകിയ തുക നിയമവിരുദ്ധമാണെന്ന് ബോർഡ് വിധിയെഴുതിയിട്ടുണ്ട്.
2019 ജനുവരി 25ന് സിഎംആർഎല്ലിന്റെ കൊച്ചിയിലെ ഓഫീസിലും അവരുടെ ഫാക്ടറിയിലും പ്രധാന ഉദ്യോഗസ്ഥന്മാരുടെ വീടുകളിലും ആദായനികുതിവകുപ്പ് റെയിഡ് ചെയ്തിരുന്നു. വർഷങ്ങളായുള്ള നികുതി അടവ് രേഖകളാണ് പരിശോധിച്ചത്. സിഎംആർഎൽ കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ച് കാട്ടാൻ വൻതോതിലാണ് കമ്പനി കണക്കുകൾ വിശദീകരിച്ചിരുന്നത്. സിഎംആർഎൽ എംഡി എസ്. കർത്തായും മറ്റും 2020 നവംബറിൽ നൽകിയ അപേക്ഷയിലാണ് ബോർഡിന്റെ ഉത്തരവ്. 2016 ഡിസംബറിൽ കരിമണൽ കമ്പനിയും വീണയുടെ ഐടി കൺസൽട്ടൻസി സേവനത്തിന് വേണ്ടി കരാറിൽ ഏർപ്പെട്ടിരുന്നു. സോഫ്റ്റ് വെയർ സേവനങ്ങൾക്കായി എക്‌സാലോജിക് കമ്പനിയുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഒപ്പുവച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ വീണയ്ക്ക് 55 ലക്ഷവും എക്‌സാലോജിക്കിന് 1.19 കോടിയും തുക നൽകിയിട്ടുണ്ട്.
കരാർ പ്രകാരമുള്ള സേവനങ്ങൾ എന്തെങ്കിലും കരിമണൽ കമ്പനിക്ക് ലഭിച്ചിട്ടുണ്ടോ എന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെഎസ് സുരേഷ് കുമാറും ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറും ഒന്നും കിട്ടിയതായി തങ്ങൾക്കറിയില്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്.
ഏറ്റവും ഒടുവിൽ വെട്ടിൽ വീണെന്ന് മനസ്സിലാക്കിയ കമ്പനി മാനേജിംഗ് ഡയറക്ടറും കരിമണൽ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്മാരും മൊഴികൾ സത്യവാങ്മൂലത്തിലൂടെ തിരുത്താൻ ശ്രമിച്ചിരുന്നു. പക്ഷേ, നിയമവിരുദ്ധമായിട്ടാണ് മുഖ്യമന്ത്രിയുടെ മകൾക്കും അവരുടെ കമ്പനിക്കും പണം നൽകിയതെന്ന് ആദായ നികുതിവകുപ്പ് തെളിവുകളുടെ ബലത്തിൽ വിധിയെഴുതുകയുണ്ടായി. ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ അപ്പീൽപോകുവാനും നിയമമില്ല. ആ ബോർഡിന്റെ തീരുമാനം അന്തിമമാണ്. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നൽകുന്ന സെറ്റിൽമെന്റ് അപേക്ഷയാണ് ബോർഡ് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പ് എതിർകക്ഷിയായാണ് ബോർഡിന് മുമ്പിൽ വാദിക്കുന്നത്. എല്ലാ വാദവും കേട്ട് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബോർഡ് അന്തിമ ഉത്തരവിറക്കുന്നത്. ശിവശങ്കരൻ ഐഎസ്സും വീണയുടെ ഈ ഇടപാടകളിൽ ബന്ധപ്പെട്ടിട്ടുള്ളതായി ആരോപണമുണ്ട്.
മോൻസൺ മാവുങ്കലിന്റെ പുരാവസ്തുക്കേസിൽ കെപിസിസി പ്രസിഡന്റ് സുധാകരൻ പത്ത് ലക്ഷം രൂപ മാവുങ്കലിന്റെ കൈയിൽനിന്ന് വാങ്ങിയതിനെ പറ്റി പിണറായി വിജയന്റെ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പത്ത് ലക്ഷം രൂപയുടെ അന്വേഷണം നടക്കുമ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ആരോപണങ്ങളാണ് മകൾ വീണയുടെ പേരിൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് . ഇതിനെപറ്റി അന്വേഷണം വേണ്ടെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? രേഖകളുടെ അടിസ്ഥാനത്തിൽ ഇൻകംടാക്‌സ് മാസപ്പടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ട് അതേപ്പറ്റി ജനങ്ങളോട് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുമോ? മന്ത്രി റിയാസിന് ഇതേപ്പറ്റി എന്ത് പറയാനുണ്ടെന്ന് അറിയാനും ആകാംക്ഷയുണ്ട്.