KERALA Main Banner TOP NEWS

ഉമ്മൻചാണ്ടിക്ക് വിട ചൊല്ലി കേരളം; ഇനിയെന്നും ജനഹൃദയങ്ങളിൽ

കോട്ടയം: ജനഹൃദയങ്ങളിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിട ചൊല്ലി കേരളം. രാപ്പകലില്ലാതെ ജനങ്ങൾക്കിടയിൽ ജീവിച്ച പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിന് സെൻറ് ജോർജ് വലിയ പള്ളിയിൽ ഒരുക്കിയ പ്രത്യേക കല്ലറയിൽ ഇനി നിത്യ വിശ്രമം… മഹാനിദ്ര…


നെഞ്ചകം തകർന്ന് കാത്തുനിന്ന മഹാജനസഞ്ചയത്തിനു നടുവിലൂടെ 150 കിലോമീറ്റർ താണ്ടാൻ രണ്ട് പകലിരവുകൾ വേണ്ടിവന്ന വിലാപയാത്ര ഒടുവിൽ, കോട്ടയം തിരുനക്കര മൈതാനവും പുതുപ്പള്ളിയിലെ തറവാട്ടുവീടും പണിതീരാത്ത സ്വപ്നഭവനവും പിന്നിട്ട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ ആത്മാവ് മന്ത്രിച്ചിരിക്കണം: പ്രിയജനമേ വിട, ഇനി ഞാനുറങ്ങട്ടെ….


നിശ്ചയിച്ചതിലും ഒരുദിവസം വൈകിയാണ് ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകൾ അദ്ദേഹത്തിന്റെ ഇടവകപ്പള്ളിയായ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിലെ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ നടന്നത്. ഉമ്മൻചാണ്ടിയുടെ അന്ത്യാഭിലാഷപ്രകാരം ഔദ്യോഗികബഹുമതികൾ ഒഴിവാക്കിയിരുന്നു. ബുധനാഴ്ച വൈകിട്ട് 6.30-നാണ് സംസ്‌കാരച്ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും ഇന്നലെ വൈകിട്ട് 6.15-നാണ് ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ തറവാട്ടിലെത്തിയത്.
തിരുവനന്തപുരത്തുനിന്ന് 28 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം, തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നത്. അവിടെ പൊതുദർശനത്തിനുശേഷം 10 കിലോമീറ്റർ മാത്രം അകലെയുള്ള പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീട്ടിലെത്താൻ വീണ്ടും വേണ്ടിവന്നു മൂന്നുമണിക്കൂർ. സമയം വൈകിയതിനാൽ തിരുനക്കര മൈതാനത്തെ പൊതുദർശനം ഉച്ചകഴിഞ്ഞ് രണ്ടരയോടെ അവസാനിപ്പിച്ചിരുന്നു.
കരോട്ടുവള്ളക്കാലിൽ തറവാട്ടിൽ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്‌കോറോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന പ്രാർഥനാശുശ്രൂഷയിൽ ഇതരസഭകളിലെ ബിഷപ്പുമാരും സഹകാർമികരായി. പുതുപ്പള്ളി പള്ളി വികാരി ഫാ. വർഗീസ് വർഗീസ് ചടങ്ങുകൾക്കു നേതൃത്വം നൽകി. തുടർന്ന് ഉമ്മൻ ചാണ്ടി പുതുതായി നിർമിക്കുന്ന വീട്ടിൽ ഭൗതികശരീരമെത്തിച്ചു.
പുതുപ്പള്ളിയിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ഇവിടെനിന്ന് നേരേ പള്ളിയിലേക്ക്. ഔദ്യോഗികബഹുമതി ഒഴിവാക്കിയിരുന്നെങ്കിലും മുൻമുഖ്യമ്രന്തിയുടെ ഭൗതികശരീരത്തിൽ പോലീസ് ദേശീയപതാക പുതപ്പിച്ചു.
വിലാപയാത്രയെ അനുഗമിച്ച് പള്ളിയിലെത്തിയ കോൺഗ്രസ് മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പുറമേ മുതിർന്ന കോൺഗ്രസ് നേതാവ്. എ.കെ. ആന്റണി, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടിയും ഗോവ ഗവർണർ പുഷ്പചക്രം സമർപ്പിച്ചു.
പള്ളിയിലെ സംസ്‌കാരശുശൂഷകൾക്കു മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സഹകാർമികത്വം വഹിച്ചു. തുടർന്ന്, പള്ളിക്കു കിഴക്കുവശത്ത് വൈദികശ്രേഷ്ഠരുടെ കല്ലറയോടു ചേർന്ന് പ്രത്യേകം തയാറാക്കിയ കബറിടത്തിൽ അന്ത്യവിശ്രമം.
തിരുനക്കര മൈതാനത്തു നടന്ന പൊതുദർശനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, പശ്ചിമബംഗാർ ഗവർണർ സി.വി. ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, സജി ചെറിയാൻ, പി. പ്രസാദ്, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനസർക്കാരിനുവേണ്ടി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, പി. പ്രസാദ്, വി.എൻ. വാസവൻ, കെ.എൻ. ബാലഗോപാൽ എന്നിവർ ചേർന്ന് പുഷ്ചക്രം സമർപ്പിച്ചു. മംഗളത്തിനുവേണ്ടി ചീഫ് എഡിറ്റർ സാബു വർഗീസ്, മാനേജിങ് ഡയറക്ടർ സാജൻ വർഗീസ് എന്നിവർ അന്തിമോപചാരമർപ്പിച്ചു.

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *