മല്ലികാബാണൻ വില്ലെടുത്തപ്പോൾ; അ്ച്ചാണിയെന്ന മനോഹരചിത്രം ഇന്ന് സുവർണ ജൂബിലിയിലേക്ക്

സതീഷ് കുമാർ വിശാഖപട്ടണം
(പാട്ടോർമ്മകൾ @ 365)
ഏതാനും ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായ പ്രമുഖനായിരുന്ന രവീന്ദ്രൻനായരുടെ ‘ജനറൽ പിക്‌ച്ചേഴ്‌സ് ‘ കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാണത്തിലൂടെ മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയ ബാനറായിരുന്നു…
ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ അന്വേഷിച്ചു കണ്ടെത്തിയില്ല ‘ 1967ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടുകയുണ്ടായി ….
ജനറൽ പിക്‌ച്ചേഴ്‌സിന്റെ സിനിമകളിലൂടെയാണ് അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖ ചലച്ചിത്ര സംവിധായകർ പ്രശസ്തിയുടേയും അംഗീകാരങ്ങളുടേയും സോപാനങ്ങളിലേക്ക് കയറിപ്പോയത് ….
1973 ൽ ജനറൽ പിക്‌ചേഴ്‌സ് നിർമ്മിച്ച ‘അച്ചാണി ‘ എന്ന ചലച്ചിത്രം ജനപ്രീതി കൊണ്ടും കലാമൂല്യം കൊണ്ടും ഉജ്ജ്വലഗാനങ്ങൾ കൊണ്ടും മലയാളസിനിമയിൽ ഒരു നാഴികക്കല്ലായി മാറി.
സൂപ്പർ ഹിറ്റായ ഈ ചിത്രത്തിന്റെ നിർമ്മാണത്തിന് ശേഷം രവീന്ദ്രൻനായർ ‘അച്ചാണി രവി ‘ എന്ന പേരിലാണ് ചലച്ചിത്രരംഗത്ത് അറിയപ്പെട്ടത്. ഈ ചിത്രത്തിൽ നിന്നും ലഭിച്ച ലാഭം മുഴുവൻ അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയാണുണ്ടായത്. കൊല്ലത്തെ പബ്ലിക് ലൈബ്രറിയും സോപാനം കലാകേന്ദ്രവുമെല്ലാം അച്ചാണി രവിയുടെ വിലയേറിയ സംഭാവനകളാണ്.
കാരക്കുടി നാരായണന്റെ പ്രശസ്ത നാടകമായിരുന്നു ‘അച്ചാണി ‘ ….
ഈ നാടകത്തിന് തോപ്പിൽ ഭാസി തിരക്കഥയെഴുതി എ വിൻസെന്റ് സംവിധാനം ചെയ്യുകയുമാണുണ്ടായത് …
അച്ചാണിയിൽ പ്രേംനസീർ, നന്ദിതബോസ്, സുധീർ, സുജാത, അടൂർ ഭാസി,വിൻസെന്റ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് അഭിനയിച്ചത്…
പി ഭാസ്‌കരന്റെ ഗാനങ്ങൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം പകർന്നു…
ഗാനഗന്ധർവനായ യേശുദാസ് ഈ സിനിമയിൽ യേശുദാസായി തന്നെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടതും ചിത്രത്തിന്റെ ജനപ്രീതിക്ക് പ്രധാന കാരണമായി….
‘എന്റെ സ്വപ്‌നത്തിൻ
താമരപ്പൊയ്കയിൽ
വന്നിറങ്ങിയ രൂപവതി .. ‘
എന്ന ഗാനം യേശുദാസ് തന്നെ പാടി അഭിനയിച്ചപ്പോൾ പ്രേക്ഷകർക്ക് അതൊരു പുതിയ അനുഭവമായിരുന്നു. കൂടാതെ ജയചന്ദ്രനും മാധുരിയും പാടി എക്കാലത്തേയും സൂപ്പർ ഹിറ്റായ
‘മല്ലികാബാണൻ
തന്റെ വില്ലെടുത്തു
മന്ദാരമലർ കൊണ്ടു
ശരം തൊടുത്തു ….’
എന്ന ഗാനവും യുവഹൃദയങ്ങളെ അക്ഷരാർത്ഥത്തിൽ ഇക്കിളി കൊള്ളിച്ചു …
‘സമയമാം നദി പുറകോട്ടൊഴുകി … ( പി സുശീല )
‘മുഴുതിങ്കൾ മണിവിളക്കണഞ്ഞു … (പി സുശീല )
‘നീലനീലസമുദ്രത്തിനക്കരെയായി …( മാധുരി ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഹിറ്റ് ഗാനങ്ങൾ.
1973 ജൂലൈ 12ന് വെള്ളിത്തിരകളിലെത്തിയ അച്ചാണി എന്ന ചിത്രം ഇന്ന് ഗോൾഡൻ ജൂബിലി ആഘോഷിക്കുകയാണ് …
സമയമാം നദി പുറകോട്ടൊഴുകുമ്പോൾ, ഈ ചിത്രം മലയാളസിനിമയെ ദേശീയ, അന്തർദേശീയരംഗത്തേക്ക് കൈപിടിച്ചുയർത്തിയ രവി എന്ന മഹാനായ നിർമ്മാതാവിനുള്ള ഓർമ്മചിത്രമായി അടയാളപ്പെടുത്തേണ്ടതാണെന്ന് തോന്നുന്നു ….
കഴിഞ്ഞ 50 വർഷത്തിനിടയിൽ അച്ചാണിക്ക് മമ്മൂട്ടിയുടെ വാത്സല്യമടക്കം മലയാളത്തിൽ തന്നെ മൂന്നോ നാലോ പതിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ ഗാനങ്ങളെ മറികടക്കാൻ പിന്നീടു വന്ന ഒരു ചിത്രത്തിനും കഴിഞ്ഞില്ല എന്നുള്ളത് ‘അച്ചാണി ‘ യുടെ തിളക്കത്തിന് മാറ്റു കൂട്ടുന്നു…
ഈ ലേഖനം അച്ചാണി രവിയുടെ ധന്യമായ ഓർമ്മകൾക്ക് മുന്നിൽ സമർപ്പിക്കുന്നു…
—————
മല്ലികാബാണൻ തന്റെ വില്ലെടുത്തു
Music:
ജി ദേവരാജൻ
Lyricist:
പി ഭാസ്‌ക്കരൻ
Singer:
പി ജയചന്ദ്രൻപി മാധുരി
Raaga:
ശുദ്ധധന്യാസി
Film/album:
അച്ചാണി
മല്ലികാബാണൻ തന്റെ വില്ലെടുത്തു
മന്ദാരമലർ കൊണ്ട് ശരം തൊടുത്തു
മാറിലോ – എന്റെ മനസ്സിലോ
മധുര മധുരമൊരു വേദന
മദകരമാമൊരു വേദന
മല്ലികാബാണൻ തന്റെ വില്ലെടുത്തു
അകലെയകലെയായ് സൗന്ദര്യത്തിൻ
അളകനന്ദയുടെ തീരത്ത്
തങ്കക്കിനാവുകൾ താലമെടുക്കും
താരുണ്യ സങ്കല്പ മദിരോത്സവം -പ്രേമ
ഗാനം തുളുമ്പുന്ന കാവ്യോത്സവം
മല്ലികാബാണൻ തന്റെ വില്ലെടുത്തു
ഹൃദയസഖിയിനി ജീവിതമൊരുക്കും
മധുവിധു രജനിതൻ മാറത്ത്
കല്പനാലക്ഷങ്ങൾ പൂമാരി ചൊരിയും
രാഗാനുഭൂതിതൻ വസന്തോത്സവം – പ്രേമ
ഗാനം തുളുമ്പുന്ന കാവ്യോത്സവം
മല്ലികാബാണൻ തന്റെ വില്ലെടുത്തു
മന്ദാരമലർ കൊണ്ട് ശരം തൊടുത്തു
മാറിലോ – എന്റെ മനസ്സിലോ
മധുര മധുരമൊരു വേദന
മദകരമാമൊരു വേദന
മല്ലികാബാണൻ തന്റെ വില്ലെടുത്തു