KERALA Main Banner TOP NEWS

ടി ജെ ജോസഫിൻറെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ 11 പ്രതികളുടെ വിധി ഇന്നറിയാം

കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിൻറെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്നുണ്ടാകും. സംഭവത്തിൻറെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പ്രതികളുടെ വിസ്താരം കൊച്ചി എൻ ഐ എ കോടതിയിലാണ് പൂർത്തിയായത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനുശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്.

തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇൻറേണൽ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിൻറെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് കൃത്യം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്നാണ് എൻ ഐ എ കണ്ടെത്തൽ.

ചോദ്യ പേപ്പർ വിവാദത്തെത്തുടർന്ന് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിൻറെ കൈവെട്ടിയ സംഭവം നടന്ന് 12 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. മുഖ്യപ്രതി എം കെ നാസർ, അധ്യാപകൻറെ കൈവെട്ടിയ സവാദ് എന്നിവർക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് ഈ ഘട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടത്

37 പേരുടെ ആദ്യഘട്ട വിചാരണയിൽ 11 പേരെ ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇൻറേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടി ജെ ജോസഫിൻറെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തുനിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് മുമ്പും ശേഷവും പ്രദേശിക പിന്തുണകിട്ടിയെന്നുമാണ് കണ്ടെത്തൽ. യു എ പി എ ചുമത്തിയ ഈ കേസിലാണ് രണ്ടാം ഘട്ട വിധി പ്രസ്താവം കൊച്ചി എൻ ഐ എ കോടതിയിൽ ഉണ്ടാവുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *