മാലിന്യം തള്ളുന്ന മാഫിയകളേ, നിങ്ങൾ നിരീക്ഷണത്തിലാണ് ‘ജാഗ്രതൈ’
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ പൊക്കാൻ പഞ്ചായത്ത് സെക്രട്ടറി. ക്യാമറ വച്ചിട്ടും മാലിന്യം തള്ളുന്നതിന് കുറവില്ലാത്തതിനാൽ അരിച്ചു പെറുക്കിയുള്ള കർശന നടപടിയുമായി പഞ്ചായത്ത്. സെക്രട്ടറി പി മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ .മാലിന്യം തള്ളിയവരെ തെളിവുസഹിതം പൊക്കി വിളിച്ചുവരുത്തി പിഴയടപ്പിച്ച ശേഷം തള്ളിയ മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ തിരികെ എടുപ്പിക്കുകയും ചെയ്തു. എറണാകുളം മുതലുള്ള സ്വകാര്യ സ്ഥാപനത്തിനടക്കം പിഴയിട്ടു. നടക്കാവ് മുളന്തുരുത്തി റോഡ്, മാങ്കായിക്ക വല, പത്താംമൈൽ ഭാഗം തുട ങ്ങിയ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം തള്ളിയ മാലിന്യം നിറച്ച കവറുകൾ തുറന്നു പരിശോധിച്ചാണ് എറണാകുളം ജില്ലയിലെ വിവിധ ഭാഗത്തുനിന്നുള്ള സ്ഥാപനങ്ങളിൽ നിന്നടക്കം മാലിന്യം തള്ളിയവരെ കണ്ടുപിടിച്ചത്.
6 പേരിൽ നിന്നായി 80,000 രൂപ പിഴ ഈടാക്കി. ക്യാമറ വച്ച സ്ഥലങ്ങളിൽ അല്ലാതെ നിക്ഷേപിച്ച മാലിന്യമാണ് സെക്രട്ടറി മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഇവയിൽ നിന്ന് ലഭിച്ച തെളിവുകൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് സ്ഥാപനങ്ങളിലെയും വ്യക്തികളുടെയും വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇവരെ വിളിച്ചുവരുത്തി പിഴ ഈടാക്കി. ഉദയംപേരൂർ പഞ്ചായത്തിൽ പൊതുനിരത്തുകളിൽ ഇനി മാലിന്യം നിക്ഷേപിച്ചാൽ ഇവരുടെ പേര് വിവരങ്ങൾ പൊലീസിനു കൈമാറുമെന്ന് സെക്രട്ടറി പറഞ്ഞു. മാലിന്യ നിക്ഷേപകരിൽ നിന്നും മൂന്നാഴ്ചയ്ക്കുള്ളിൽ എൺപതിനായിരത്തോളം രൂപ പിഴ ഈടാക്കി. സൂക്ഷിക്കുക. ഉദയംപേരൂരിൽ മാലിന്യം തള്ളാൻ എത്തുന്നവർ നിരീക്ഷണത്തിലാണ്. ഭീമമായ പിടയടക്കേണ്ടി വരും.