INDIA Second Banner TOP NEWS

സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം, റിലയൻസുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം

ന്യൂഡൽഹി : ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം. ജമ്മുകശ്മീരിലെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സത്യപാൽ മലിക്കിനെ ചോദ്യം ചെയ്യാനാണ് സംഘമെത്തിയതെന്നാണ് സൂചന. സോം വിഹാറിലെ സത്യപാൽ മലിക്കിന്റെ വസതിയിലാണ് രണ്ടംഗ സംഘമെത്തിയത്.
കേസിലെ സാക്ഷിയെന്ന നിലയ്ക്ക് ഹാജരാകാൻ മാലിക്കിനോട് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കശ്മീർ ഗവർണറായിരിക്കെ 2018 ൽ അനിൽ അംബാനിയുടെ റിലയൻസ് ഇൻഷ്വറൻസുമായി സർക്കാർ ഉണ്ടാക്കിയ കരാർ സത്യപാൽ മാലിക്ക് റദ്ദാക്കിയിരുന്നു. കരാറിൽ അഴിമതിയുണ്ടെന്ന മാലിക്കിൻറെ ആരോപണത്തെ തുടർന്നാണ് സിബിഐ കേസെടുത്തത്.
ജമ്മു കശ്മീർ എംപ്ലോയീസ് ഹെൽത്ത് കെയർ ഇൻഷുറൻസ് സ്‌കീമിന്റെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയതുമായി ബന്ധപ്പെട്ടും കിരു ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടുമുള്ള രണ്ട് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇതിൽ ഒന്നിൽ അനിൽ അംബാനിയുടെ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ പ്രതി ചേർത്തിട്ടുണ്ട്.
ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുമായും അംബാനിയുമായും ബന്ധപ്പെട്ട ഫയലുകൾക്ക് അനുമതി നൽകിയാൽ 300 കോടി രൂപ കൈക്കൂലി നൽകാമെന്ന് തനിക്ക് വാഗ്ദാനം ലഭിച്ചിരുന്നുവെന്നായിരുന്നു ജമ്മു കശ്മീർ മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. എന്നാൽ ഇത് കരാറുകൾ താൻ റദ്ദാക്കുകയായിരുന്നുവെന്നാണ് സത്യപാൽ മാലിക്ക് വെളിപ്പെടുത്തിയത്.
”കശ്മീരിലുള്ളപ്പോൾ രണ്ട് ഫയലുകൾ അനുമതി തേടി മേശപ്പുറത്ത് വന്നിരുന്നു. ഒന്ന് അംബാനിയുമായി ബന്ധമുള്ളതും മറ്റൊന്ന് ആർഎസ്എസ് ബന്ധമുള്ള വ്യക്തിയുടേതും ആയിരുന്നു. രണ്ടു കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലനിൽക്കുന്നുണ്ടെന്ന് അതത് സെക്രട്ടേറിയറ്റുകളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നു. ഫയലുകൾക്ക് അനുമതി നൽകിയാൽ 150 കോടി രൂപ വച്ച് പ്രതിഫലം ലഭിക്കുമെന്നും സെക്രട്ടറിമാർ അറിയിച്ചു. എന്നാൽ അഞ്ച് കുർത്തയും പൈജാമയുമാണ് താൻ കശ്മീരിലേക്ക് വരുമ്പോൾ കൊണ്ടുവന്നതെന്നും പോകുമ്പോഴും അതു മാത്രമേ കയ്യിൽ കാണൂവെന്നുമായിരുന്നു അവരോട് തന്റെ മറുപടിയെന്നായിരുന്നു സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തൽ.

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *