ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യ; നടൻ സൂരജ് പഞ്ചോളിയെ വെറുതെ വിട്ടു

മുംബൈ : ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രത്യേക സിബിഐ കോടതിയാണ് സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയ വിധി പ്രസ്താവിച്ചത്. പ്രശസ്ത നടി സെറീനാ വഹാബിന്റെ മകനാണ് സൂരജ് പഞ്ചോളി.
ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2013 ജൂൺ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജിയാഖാൻ എഴുതിയ ആറുപേജുള്ള കുറിപ്പും ഫ്‌ളാറ്റിൽ നിന്നും കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.
ജിയ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മുംബൈ പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ തന്റെ മകൾ ജീവനൊടുക്കില്ലെന്നും കാമുകനായ സൂരജ് കൊലപ്പെടുത്തിയതാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിയയുടെ അമ്മ റാബിയ ഖാൻ കോടതിയെ സമീപിച്ചു. ഇതോടെ സിബിഐ കേസ് ഏറ്റെടുത്തു. ജിയാഖാന്റെ മരണം ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കണ്ടെത്തൽ.
സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചും ജിയ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പീഡനങ്ങളാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ജിയ പറയുന്നു.
സൂരജ് ഉൾപ്പെടെയുള്ള 22 പേർക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇതിൽ ജിയക്ക് ഗർഭഛിദ്രം നടത്തിയ ഡോക്ടർ, ജിയയുടെ ഫ്ളാറ്റിലെ വാച്ച്മാൻ, സൂരജിൻറെ സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെട്ടിരുന്നു.