ആ മൂന്നു പേരും പോയി… ഇനി ഓർമ്മകൾ മാത്രം

വർഷം 1994.
‘സമുദായം’ എന്ന എന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഗുരുവായൂർ വെച്ച് നടക്കുന്നു.
ചിത്രത്തിൽ ഇന്നസെന്റ് ആയിരുന്നു മധുസാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാര്യസ്ഥ വേഷം ചെയ്യേണ്ടിയിരുന്നത്. ചിത്രത്തിൽ മറ്റു വേഷങ്ങളിൽ അബൂബക്കറും മാമുക്കോയയും ഒക്കെ ഉണ്ട്. മറ്റേതോ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് അന്ന് ഇന്നസെന്റ് ഊട്ടിയിൽ ആയിരുന്നു. അദ്ദേഹത്തിനായി ഞങ്ങൾ കുറച്ചു ദിവസങ്ങൾ കാത്തു. അന്ന് മണി (കലാഭവൻ മണി) ഈ ചിത്രത്തിൽ പ്രൊഡക്ഷൻ ജോലി ചെയ്യുന്നുണ്ടായിരുന്നു. മണിക്ക് ഒരു വേഷം നൽകാൻ എന്നോട് മാമുക്കോയയും കെ പി എ സി ലളിത ചേച്ചിയും മുൻപേ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നസെന്റ് വരാതിരിക്കുകയാണെങ്കിൽ ആ വേഷം അബൂബക്കറിനും മുസ്ലിയാരുടെ വേഷം മാമുക്കോയക്കും അദ്ദേഹത്തിന്റെ സഹായിയായി മണിയെയും അഭിനയിപ്പിക്കാമെന്നു ഞാൻ അവർക്കു വാക്ക് കൊടുത്തു. മണിക്കും വളരെ സന്തോഷമായി. പറഞ്ഞത് പോലെ തന്നെ ഇന്നസെന്റിന് ആ ലൊക്കേഷനിൽ നിന്നും ഒഴിഞ്ഞു വരാൻ സാധിച്ചില്ല. അങ്ങനെ ആ കാര്യസ്ഥ വേഷം അബൂബക്കർ ചെയ്തു. അബൂബക്കർക്ക് വെച്ചിരുന്ന മുസലിയാരുടെ വേഷം മാമുക്കോയയും ചെയ്തു. അദ്ദേഹത്തിന്റെ സഹായിയുടെ വേഷം അങ്ങനെ മണിയുടെ കൈകളിലെത്തി. ഇത് ആയിരുന്നു കലാഭവൻ മണിയുടെ സിനിമാ അരങ്ങേറ്റം.
ഇന്നിപ്പോൾ ഇവരാരും തന്നെ നമ്മളോടൊപ്പം ഇല്ലാ. ഇന്നസെന്റിന് തൊട്ട് പിന്നാലെ മാമുക്കയും യാത്രയായി….
പ്രിയ സുഹൃത്തിനു ഹൃദയത്തിൽ നിന്നും പ്രണാമം.
അമ്പിളി (സംവിധായകൻ)