മികച്ച ഓൺലൈൻ ഫീച്ചർ റിപ്പോർട്ടിനുള്ള പുരസ്‌കാരം ട്രൂത്ത് ലൈവ് ലേഖകൻ
ജിജുമലയിൻകീഴിന്

തിരുവനന്തപുരം: നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ സ്മരണാർത്ഥം പ്രേംനസീർ സുഹൃത് സമിതി – തിരുവനന്തപുരത്തെ പ്രശസ്തമായ ടി എം സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്‌നോളജിയുമായി സഹകരിച്ച് 2022 ലെ പ്രേംനസീർ പത്ര ദൃശ്യമാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച ഓൺലൈൻ ഫീച്ചർ റിപ്പോർട്ടറിനുള്ള ഈ വർഷത്തെ പുരസ്‌കാരം ട്രൂത്ത് ലൈവിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ജിജു മലയിൻകീഴ് കരസ്ഥമാക്കി. അന്ധവിശ്വാസങ്ങൾക്കെതിരെ ദിനേഷ് കുമാർ തെക്കുമ്പാട് എന്ന അധ്യാപകൻ നടത്തിയ ശാസ്ത്ര യാത്രയെ കുറിച്ച് ട്രൂത്ത് ലൈവിൽ പ്രസിദ്ധീകരിച്ച “അന്ധവിശ്വാസങ്ങൾ കാറ്റിൽ പറത്തി അധ്യാപകന്റെ ശാസ്ത്രയാത്ര ‘എന്ന റിപ്പോർട്ട് ആണ് ജിജുവിനെ അവാർഡിന് അർഹനാക്കിയത്. പത്രപ്രവർത്തനരംഗത്തെ 30 വർഷക്കാലത്തെ സുതാര്യമായ പ്രവർത്തന മികവ് കണക്കിലെടുത്ത് മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം കേരള കൗമുദി തിരുവനന്തപുരം ബ്യൂറോ ഡെപ്യൂട്ടി എഡിറ്റർ എംഎം സുബൈറിന് സമർപ്പിക്കും. കലാശ്രേഷ്ഠ പുരസ്‌കാരത്തിന് സുനിൽ വാക്‌സ് മ്യൂസിയം മാനേജിങ് ഡയറക്ടർ സുനിൽ കല്ലൂർ അർഹനായി. നാനാ സിനിമ വാരികയാണ് മികച്ച സിനിമ പ്രസിദ്ധീകരണം. മികച്ച ന്യൂസ് ചാനലായി മാതൃഭൂമി ന്യൂസ് ചാനലിനെയും മികച്ച വാർത്ത അവതാരനായി 24 ന്യൂസിലെ ഹാഷ്മി താജ് ഇബ്രാഹിമും അർഹനായി.
2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിക്കപ്പെടുക്കും സംപ്രേഷണം ചെയ്തതുമായ വിവിധ റിപ്പോർട്ടുകളാണ് പുരസ്‌കാരങ്ങൾക്കായി ക്ഷണിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അൻപതിലധികം എൻട്രികൾ ലഭിച്ചിരുന്നു. ഇവയിൽ നിന്നും ഡോ: എം.ആർ തമ്പാൻ ചെയർമാനും ഡോ. കായംകുളം യൂനിസ്, ഡോ.കെ സുലേഖ കുറുപ്പ,് റിട്ട. ജയിൽ ഡി.ഐ.ജി. സന്തോഷ്, സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രേംനസീറിന്റെ 97ാം ജന്മദിനാഘോഷം മേയ് രണ്ടാം വാരം വിപുലമായ ചടങ്ങുകളോടെ തിരുവനന്തപുരത്ത് നടത്തപ്പെടുന്നു. ഇതിനോട് ബന്ധിച്ച് പത്ര-ദൃശമാധ്യമ പുരസ്‌കാരവിതരണവും നടക്കുമെന്ന് പ്രേംനസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ പത്രസമ്മേളനത്തിൽ പറഞ്ഞു. അവാർഡ് നിർണ്ണയ ജൂറി കമ്മിറ്റി ചെയർമാനും അംഗങ്ങളും സുഹൃത് സമിതി ഭാരവാഹികളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

