സ്വപ്‌നക്കെതിരെ തളിപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: സ്വപ്‌ന സുരേഷിനെതിരെ തളിപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജേഷ് പിളളവഴി സ്വാധീനിക്കാൻ ശ്രമിച്ചു എന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിനെതിരെ സിപിഐഎം ഏരിയ സെക്രട്ടറിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നടപടി.
മുഖ്യമന്ത്രിക്ക് എതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിനെതിരെ സിപിഐഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസിൽ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ കണ്ണൂർ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. കഴിഞ്ഞ ദിവസം വിജേഷ് പിള്ളയെ പോലിസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്‌നയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതിനിടെ സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. കേസ് വേട്ടയാടലിന്റെ ഭാഗമായാണെന്നായിരുന്നു സ്വപ്‌നയുടെ വാദം. പ്രഥമ ദൃഷ്ടിയാൽ സ്വപ്‌നയ്ക്കെതിരെ ചുമത്തിയ വകുപ്പുകൾ നില നിൽക്കില്ലെന്ന വാദം കണക്കിലെടുത്താണ് ഹൈക്കോടതി എഫ്ഐ ആർ സ്റ്റേ ചെയ്തത്.




