KERALA Main Banner TOP NEWS

ചിരിനിലാവ് മാഞ്ഞു, ഇന്നസെന്റ് ഇനി കണ്ണീരോർമ്മ;
പൊതുദർശനവും സംസ്‌കാരവും തിങ്കളാഴ്ച

കൊച്ചി: മലയാള ചലച്ചിത്രലോകത്ത് നാല് പതിറ്റാണ്ടിലേറെക്കാലം ചിരിയിലൂടേയും ചിന്തയിലൂടേയും പ്രകാശം ചൊരിഞ്ഞ പ്രശസ്ത നടൻ ഇന്നസെൻറ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെൻറിന്റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചതെന്ന് പി രാജീവ് വിശദീകരിച്ചു. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. 750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെൻറ് 1972 ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ചാലക്കുടി എം പിയായും പ്രവർത്തിച്ച അദ്ദേഹത്തിൻറെ ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് സ്ഥാനവും അലങ്കരിച്ചിരുന്നു.
കോവിഡിനെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായെന്ന് മെഡിക്കൽ വിദഗ്ധ സംഘം വ്യക്തമാക്കി. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 8 മണി മുതൽ 11 മണി വരെ കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം നടക്കും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊതുദർശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ചരയ്ക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്താനും തീരുമാനമുണ്ട്.
‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972 – ൽ വെള്ളിത്തിരയിൽ എത്തിയ ഇന്നസെൻറ് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടർ പശുപതി’, ‘മാന്നാർ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’, മണിച്ചിത്രത്താഴ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കൈയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു.
മികച്ച എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിക്കുപിന്നിൽ (ആത്മകഥ), കാൻസർവാർഡിലെ ചിരി എന്നിങ്ങനെ നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം. 1976 സെപ്റ്റംബർ ആറിനായിരുന്നു വിവാഹം. ഭാര്യ: ആലീസ്. മകൻ: സോണറ്റ്‌

Related Posts

Leave a Reply

Your email address will not be published. Required fields are marked *