തീപിടുത്തമുണ്ടായാൽ
വിമാനത്താവളങ്ങളിലെ അഗ്‌നിശമന മൊബൈൽ സംവിധാനം പ്രയോജനപ്പെടുത്തണം: മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ

കോഴിക്കോട്: വേനൽ കടുത്തതോടെ വൻതോതിൽ തീ പിടുത്തമുണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രദ്ധിക്കണമെന്നും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
ഇത്തരം വൻ തീപിടുത്ത വേളകളിൽ വിമാനത്താവളങ്ങളിലെ ആധുനിക അഗ്‌നിശമന മൊബൈൽ സംവിധാനം പ്രയോജനപ്പെടുത്താൻ തയ്യാറാവണം.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ അഗ്‌നിബാധ നിയന്ത്രിക്കാൻ കൊച്ചി അന്തരാഷ്ട്ര വിമാനത്താവള മൊബൈൽ അഗ്‌നിശമന യൂണിറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തിയതായി അറിയുന്നില്ല. ആധുനിക സംവിധാനത്തോടെ കൂടുതൽ ദൂരത്തിലും ശക്തിയിലും പ്രത്യേക കെമിക്കൽ മിശ്രിതം കലർന്ന വെള്ളം അടിക്കാൻ ശേഷിയുള്ള പാന്തർ ഫയർ ഫൈറ്റിംഗ് യൂണിറ്റ് ഉപയോഗിച്ചിരുന്നെങ്കിൽ ജനങ്ങക്ക് ഇത്രയധികം കഷ്ടനഷ്ടങ്ങൾക്കും, ദുരിതത്തിനും തീ അണക്കാൻ കാലതാമസവും വരില്ലായിരുന്നു.
2007 ഏപ്രിൽ അഞ്ചിന് വിഷുക്കാലത്ത് കോഴിക്കോട് എം.പി. റോഡിലെ പടക്ക വില്പനശാലക്ക് തീപിടിച്ചപ്പോൾ മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡണ്ടും എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷേവലിയാർ സി.ഇ. ചാക്കുണ്ണി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജില്ലാ ഭരണകൂടം, പോലീസ്, നഗരസഭ അധികാരികളുടെ അനുമതിയോടെ എയർപോർട്ട് ഡയറക്ടറോട് ഫോണിൽ സഹായം അഭ്യർത്ഥിച്ചിരുന്നു. ഉടൻ തന്നെ കോഴിക്കോട് എയർപോർട്ടിൽ നിന്ന് തീയണയ്ക്കാൻ ആധുനിക സംവിധാനമുള്ള രണ്ട് പാന്തർ യൂണിറ്റുകൾ കുതിച്ചെത്തി. തന്മൂലം മരണസംഖ്യ കുറക്കാനും വൻ ദുരന്തം ഒഴിവാക്കാനും കഴിഞ്ഞു.
പിന്നീട് പലതവണ കോഴിക്കോട് വലിയ തീപ്പിടുത്തങ്ങൾ ഉണ്ടായപ്പോൾ സംസ്ഥാന ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനോടൊപ്പം എയർപോർട്ട് യൂണിറ്റുകളും ജനങ്ങളുടെ രക്ഷയ്‌ക്കെത്തി. എയർപോർട്ട് സംവിധാനത്തിന് പുറത്തു പോകാൻ അനുമതി ഇല്ലെങ്കിലും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് അന്നത്തെ എയർപോർട്ട് ഡയറക്ടർ ഫയർ യൂണിറ്റുകൾ അയച്ചത്. പിന്നീട് ഇതിന്റെ സാങ്കേതിക തടസ്സങ്ങൾ നീക്കി കേരളത്തിലെ നാലു വിമാനത്താവളങ്ങളിലെ ഫയർ ഫൈറ്റിംഗ് വിഭാഗവുമായി ധാരണ ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രിക്കും അഗ്‌നിശമന മേധാവിക്കും മറ്റു ബന്ധപ്പെട്ടവർക്കും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ നിവേദനം സമർപ്പിച്ചിരുന്നു. ഈ നിർദ്ദേശം ഇന്ന് എം.ഡി.സി. പ്രസിഡണ്ട് ഷെവലിയാർ സി.ഇ. ചാക്കുണ്ണി ഫോൺ മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിലും എറണാകുളം കലക്ടറേറ്റിലും അറിയിച്ചിട്ടുണ്ട്.