ഏത് ഗോവിന്ദൻ വന്നാലും തൃശൂർ ഞാനെടുക്കും; കണ്ണൂരിൽ മത്സരിക്കാനും തയ്യാർ: സുരേഷ് ഗോപി

തൃശൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി ജനശക്തി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തൃശൂർ നിങ്ങൾ തന്നാൽ ഞാൻ എടുക്കും. ഏത് ഗോവിന്ദൻ വന്നാലും ഹൃദയം കൊണ്ട് തൃശൂർ എടുക്കും. ഒരു നരേന്ദ്രൻ വടക്കുനിന്ന് ഇറങ്ങിവന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എടുത്തിരിക്കും.’- സുരേഷ് ഗോപി പറഞ്ഞു.

ബ്രഹ്മപുരത്തെ പ്രശ്നം പരിഹിക്കാൻ കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ ആവശ്യപ്പെടാൻ കേരള സർക്കാരിനോട് കാല് പിടിച്ച് അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2019ൽ അമിത് ഷാ തൃശൂരിൽ വന്ന് എന്നെ ആശ്ലാഷേിച്ച് വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തിൽ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂർ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂർ തരണം. നിങ്ങൾ തന്നാൽ ഞാനെടുക്കും.’- സുരേഷ് ഗോപി പറഞ്ഞു.

സിപിഎം ഇനിയും തന്നെ ട്രോളട്ടെ. ദൈവത്തിലും പ്രാർത്ഥനയിലും ഒന്നും വിശ്വാസമില്ലാത്ത വിശ്വാസികളുടെ ചട്ടയെടുത്ത് അണിഞ്ഞ് കൂടെനടന്ന് പിന്നിൽനിന്ന് കൊത്തിയ കോമരങ്ങളെയാണ് താൻ ശപിക്കുമെന്ന് പറഞ്ഞത്. നിരീശ്വരവാദികളെയോ അവിശ്വാസികളെയോ അല്ല.- സുരേഷ് ഗോപി പറഞ്ഞു.

‘ഇരട്ടച്ചങ്ക് ഉണ്ടായത് ലേലത്തിലാണ്. അതിന് ശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇപ്പോൾ ഇരട്ടച്ചങ്ക് ചമഞ്ഞുനടക്കുന്നത്. 2024ൽ ഞാനിവിടെ സ്ഥാനാർത്ഥിയാണെങ്കിൽ തന്റെ രണ്ട് നേതാക്കളാണ് ആ തീരുമാനമെടുക്കുന്നത്. അതിന് മറ്റൊരാൾക്കും അവകാശമില്ല. തൃശൂർ അല്ലെങ്കിൽ കണ്ണൂർ തരൂ, ഞാൻ തയ്യാറാണ്. ഷിവിന് വീണ്ടും കൈനീട്ടവുമായി വരും. പലരും കാലിൽ വീണുതൊട്ടു തൊഴും. ഞാൻ തടയില്ല. പക്ഷേ ആരും അത് ചെയ്യേണ്ടതില്ല.’- സുരേഷ് ഗോപി പറഞ്ഞു.