DANCE & MUSIC FILM BIRIYANI INDIA Main Banner TOP NEWS

ആർആർആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കർ, ഇന്ത്യയുടെ അഭിമാനമായി കീരവാണി

കൊച്ചി: വീണ്ടും ഇന്ത്യ ഓസ്‌കറിൽ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കർ അവാർഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കാർ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭൈരവും രാഹുലും ചേർന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.


രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്‌കർ പുരസ്‌ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ‘ബാഹുബലി’ പരമ്പരയുടെ ആത്മാവായിരുന്നു കീരവാണിയുടെ മാന്ത്രികസംഗീതം. മഹിഷ്മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സാതന്ത്ര്യ പോരിന്റെ വീര ഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈ പവർ ‘നാട്ടു നാട്ടു’ പാട്ട്.


ഇരുപത് ട്യൂണുകളിൽ നിന്നും ‘ആർആർആർ’ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോൾ കേൾക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികൾ. രാഹുൽ സിപ്ലിഗുഞ്ചിനൊപ്പം ചടുലഗാനത്തിന്റെ പിന്നണിയിൽ കീരവാണിയുടെ മകൻ കാലഭൈരവനും. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർത്തു. ‘ക്രിമിനൽ’, ‘ജിസം’, ‘സായ’, ‘സുർ’, ‘മഗധീര’, സംഗീതപ്രേമികൾ ആഘോഷിച്ച ഈണങ്ങൾ. മാസ്റ്റർ സംവിധായകൻ ഭരതൻ പ്രണയത്തിന്റെ ‘ദേവരാഗം’ തീർക്കാൻ വിളിച്ചതും കീരവാണിയെ. നോവൂറൂന്ന ‘സൂര്യമാനസ’വും കോട മഞ്ഞിനൊപ്പം ‘നീലഗിരി’ക്കുന്നിൽ പെയ്ത പാട്ടുകളും മലയാളത്തിലെ കീരവാണി മാജിക്കുകളായി. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു.


എ ആർ റഹ്മാന് ശേഷം ഓസ്‌കർ വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *