മൂന്നു വർഷത്തിനുള്ളിൽ ലക്ഷ്യമിട്ടത് 50 പാലങ്ങൾ, 2 വർഷം കൊണ്ട് സാധിച്ചെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വച്ച ശേഷം 50 പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്ന് വർഷക്കാലത്തിനിടയിൽ 50 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, രണ്ട് വർഷം പൂർത്തീകരിക്കുന്നതിനുള്ളിൽ തന്നെ ഈ ലക്ഷ്യത്തിൽ എത്തുവാൻ സർക്കാരിന് സാധിച്ചുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. പൊന്നാനി ഹാർബർ – ചമ്രവട്ടം പാലത്തിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം.
അതേസമയം, കാലികമായ രീതികളും സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരും കരാറുകാരും സ്വായത്തമാക്കണമെന്നും അതിന് അവർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘നമ്മുടെ എഞ്ചിനീയർമാർക്ക് ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉള്ള വൈദഗ്ധ്യം എടുത്തുപറയേണ്ട കാര്യമില്ല. പക്ഷെ, കാലികമായ കാര്യങ്ങൾ എൻജിനീയർമാരിൽ എത്തേണ്ടതുണ്ട്.
പുതിയ രീതികളെക്കുറിച്ച് എഞ്ചിനീയർമാരും അതുപോലെ കരാറുകാരും അറിയണം. അതിന് അവർക്ക് പരിശീലനം നൽകേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പിൽ മാത്രമല്ല കാലികമായ അറിവ് സമ്പാദിക്കാൻ ഉള്ള പരിശീലനം എല്ലാവർക്കും നൽകേണ്ടതുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഓട്ടോമാറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണം നടക്കുന്ന റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നീ സ്ഥലങ്ങളിൽ എത്തി തൽസമയം ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനമാണ് ഓട്ടോമാറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബ്. മൂന്ന് ബസുകളിലായി അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ലാബ് തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രമായി പ്രവർത്തിക്കും. ബിറ്റുമിൻ, സിമന്റ്, മണൽ, മെറ്റൽ തുടങ്ങി നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാനും കരാറുകാർ കൊണ്ടുവരുന്ന സാമ്പിളുകൾ പരിശോധിക്കാനും തൽസമയം മൊബൈൽ ലാബ് വഴി സാധിക്കും. ഇങ്ങനെ ഗുണനിലവാരം മെച്ചപ്പെടുത്തി സർക്കാർ പദ്ധതികൾക്കായി ചെലവഴിക്കുന്ന തുക പൂർണമായും പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശ്യം.