Second Banner TOP NEWS

ആയിരംവട്ടം വേണ്ട, ഒരു വട്ടമെങ്കിലും സ്വപ്‌നക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമോ? എംവി ഗോവിന്ദനോട് കെ. സുധാകരൻ

തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരേ ആയിരംവട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്നു വെല്ലുവിളിച്ച സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മുഖ്യമന്ത്രിയുടെ തിട്ടൂരത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഗോവിന്ദൻ മാസ്റ്ററെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ പിന്നിലൊളിച്ചു. ആയിരംവട്ടം വേണ്ട, ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ എന്ന് കെപിസിസി പ്രസിഡൻറ് പാർട്ടി സെക്രട്ടറിയെ വീണ്ടും വെല്ലുവിളിച്ചു.
ഒരു വട്ടം സ്വപ്ന ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദൻ മാസ്റ്റർ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ ആയിരംവട്ടമെങ്കിലും സ്വപ്ന ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബിരിയാണിച്ചെമ്പിലെ സ്വർണക്കടത്ത്, വിമാനത്താവളത്തിലൂടെ കറൻസി കടത്ത്, കുടുംബാംഗങ്ങളുടെ വൻ ബിസിനസ് ഡീലുകൾ തുടങ്ങി കേരളം ഞെട്ടിപ്പോയ നിരവധി ആരോപണങ്ങളാണ് പല വേദികളിൽ ഉയർന്നത്. അതിനെതിരേ ചെറുവിരൽപോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ടെന്ന് ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നെന്നു സുധാകരൻ പറഞ്ഞു.
ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൻറെ പ്രസ്താവനയിൽ മാനനഷ്ടക്കേസിനെക്കുറിച്ച് പരാമർശമേയില്ല. ഇനിയും പുതിയ കഥകൾ വരുമെന്നാണ് സെക്രട്ടേറിയറ്റ് പ്രവചിക്കുന്നത്. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന ഭയം തന്നെയാണ് മാനനഷ്ടക്കേസ് കൊടുക്കുന്നതിൽനിന്ന് മുഖ്യമന്ത്രിയെ പിന്നോട്ടുവലിക്കുന്നത്. ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ച സിപിഎം നേതാക്കളായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, പി. ശ്രീരാമകൃഷ്ണൻ എന്നിവർക്ക് മാനനഷ്ടക്കേസ് കൊടുക്കാൻ പാർട്ടി അനുമതി നല്കിയെങ്കിലും അവരും ഭയപ്പാടിലാണ്. കടകംപള്ളി സുരേന്ദ്രൻ അങ്ങോട്ടു ചെന്ന് സ്വപ്നയോട് ക്ഷമിച്ചതായി പ്രഖ്യാപിച്ച് നാണംകെടുകയും ചെയ്തു. മുഖ്യമന്ത്രിയും മുൻമന്ത്രിമാരുമെല്ലാം നാണക്കേടിൻറെ പടുകുഴിയിലാണ്.
ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരെക്കാൾ കോമാളികളും കഴിവുകെട്ടവരുമാണ് രണ്ടാം പിണറായി മന്ത്രിസഭാംഗങ്ങൾ. 5 മാസം മുമ്പ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. സിസ തോമസിന് വിരമിക്കാൻ 21 ദിവസം മാത്രം ബാക്കി നിൽക്കെ നല്കിയ കാരണം കാണിക്കൽ നോട്ടീസ് സുബോധവും വിവേകവുമുള്ള ആരെങ്കിലും ചെയ്യുമോ?. മറ്റൊരു മന്ത്രി പ്ലസ് വൺ പരീക്ഷാ ചോദ്യക്കടലാസ് പേപ്പറുകൾ ചരിത്രത്തിലാദ്യമായി ചുവപ്പിൽ അച്ചടിച്ചിരിക്കുകയാണ്. വെള്ളപേപ്പറിൽ കറുത്ത മഷിയിൽ ചോദ്യപേപ്പറടിക്കുന്ന ദശാബ്ദങ്ങളായുള്ള കീഴ്വഴക്കം ലംഘിച്ചത് മുഖ്യമന്ത്രിയുടെ കറുപ്പ് ഫോബിയ മന്ത്രിമാരിലേക്കു വ്യാപിച്ചതുകൊണ്ടാണോയെന്നും സുധാകരൻ ചോദിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *