സ്വപ്‌നയുടെ ആരോപണങ്ങൾക്ക് എം.വി ഗോവിന്ദൻ ഇന്ന് മറുപടി നൽകും;
വിജേഷ് പിള്ളയെപ്പറ്റി സംസ്ഥാന പൊലീസും അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സ്വപ്‌നയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം ഉയർന്ന വിജേഷ് പിള്ള ഇപ്പോഴും കാണാമറയത്ത് തന്നെ. കണ്ണൂർ സ്വദേശിയായ ഇയാളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. അതേസമയം സ്വപ്‌നയുടെ ആരോപണങ്ങൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് മറുപടി നൽകിയേക്കും.
മുഖ്യമന്ത്രിയേയും പാർട്ടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വർണക്കളളക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിൻറെ പുതിയ വെളിപ്പെടുത്തൽ വന്നത്. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്‌നയുടെ ആരോപണം.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ .
ബംഗലൂരുവിലുളള സ്വപ്‌ന സുരേഷ് ഫേസ് ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വിജയ് പിളള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂർ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തൻറെ പക്കലുളള തെളിവുകൾ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്‌ക്കൊളളണം. രാജ്യം വിടാനാണെങ്കിൽ വ്യാജ പാസ്‌പോർടും വിസയും നൽകാം. തെളിവുകൾ കൈമാറി സ്ഥലം വിട്ടില്ലെങ്കിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന് പിന്നിൽ. വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ്പിളള സംസാരിച്ചെന്നും സ്വപ്‌ന ആരോപിക്കുന്നു.
വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കൾ ബാഗിൽവെച്ച് അഴിക്കുളളിലാക്കാനും ഇതിനുപിന്നിലുളളവർ മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്ന് ആവശ്യപ്പെട്ടത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിനും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനും സ്വപ്‌ന സുരേഷ് പരാതി നൽകി.
