കാലിടറാതെ കൈപിടിച്ചത് മിസ്റ്റർ ഇന്ത്യ പട്ടം

നഷ്ടത്തെയോർത്ത് ദു:ഖിക്കാൻ അനീതിനു സമയമില്ല
ജിജു മലയിൻകീഴ്
തിരുവനന്തപുരം :ആത്മവിശ്വാസവും മനോധൈര്യവും എന്നും നമ്മെ വിജയത്തിൻറെ ഉന്നതിയിൽ എത്തിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ വർഷത്തെ മിസ്റ്റർ ഇന്ത്യ ജേതാവായ എസ്.എസ്. അനീത്. 2012 ജൂലൈയിൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ ഇടത്കാൽ മുറിച്ചുമാറ്റിയ അനീതാണ് ഈ വർഷത്തെ സായിയുടെ കീഴിലെ ഇന്ത്യൻ ബോഡി ബിൽഡിംഗ് ഫെഡറേഷൻ നടത്തിയജൂനിയർ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. കേന്ദ്ര യുവജനകാര്യമന്ത്രാലയം മധ്യപ്രദേശിലെ രത് ലാമിൽസംഘടിപ്പിച്ച ജൂനിയർ മിസ്റ്റർ ഇന്ത്യ മത്സരത്തിന്റെ ഭാഗമായി നടന്ന 60 കിലോഗ്രാമിന് മുകളിലെ ഭിന്നശേഷി വിഭാഗത്തിലാണ് മുപ്പത്തിനാലുകാരനായ എസ്. എസ്. അനീത് ഓവറോൾ ചാമ്പ്യൻ ആയത്.

കേരള ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കണ്ടക്ടർ തസ്തികയിൽ ജോലിക്ക് പ്രവേശിക്കാനുള്ള നിയമന ഉത്തരവ് പ്രതീക്ഷിച്ചിരിക്കുന്ന സമയത്തായിരുന്നു വിധി വാഹനാപകടത്താൽ അനീതിന്റെ ഇടതുകാൽ നഷ്ടമാക്കുന്നത്. ഇത് കണ്ടക്ടർ ജോലി എന്ന സ്വപ്‌നം എന്നേക്കുമായി മനസിൽ നിന്നും മായ്ച്ചുകളയേണ്ടതായി വന്നു. അപ്പോഴും ജീവിതയാത്രയിൽ താൻ തളരില്ല എന്ന ആത്മവിശ്വാസം അനീതിനെ മുന്നോട്ട് നടത്തി. വിഷാധമല്ല ഒന്നിനം പരിഹാരം സന്തോഷത്തോടെ എന്തിനെയും നേരിടണമെന്ന തീരുമാനമായിരുന്നു അനീതിനെ മുന്നോട്ട് നയിച്ചത്.ഇതിന് അനീതിനെ കരുത്തേകിയത് തന്റെ കുടുംബമായിരുന്നു. അമ്മയും സഹോദരനും ഒപ്പം ഭാര്യ അഞ്ജുവും. അപകടത്തിൽ ഒരു കാൽ നഷ്ടത്താൻ കിട്ടിയ ജോലിയും നഷ്ടമായ ഒരാളെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിൻമാറുവാൻ വിവിധ കോണുകളിൽ നിന്ന് എതിർപ്പുകളുണ്ടായിട്ടും പഠന കാലം മുതൽ താൻ പ്രണയിച്ച അനീതിനെ അപകടത്തിൽ സംഭവിച്ച വികലാംഗതയുടെ പേരിൽ കൈവിടാതെ ജീവിത യാത്രയിൽ ഇനി ഒരുമിച്ച് തന്നെ എന്ന ഉറച്ച തീരുമാനത്തിന്റെ പ്രണയ സാക്ഷാത്കാരം അനീതിന് കൂടുതൽ മനോധൈര്യവും ആത്മവിശ്വാസവും ഉണ്ടാക്കി. അപകടത്തെ തുടർന്നുള്ള നീണ്ട ചികിത്സയിൽ വർദ്ധിച്ചു വന്ന തന്റെ ശരീരഭാരം കുറയ്ക്കുവാനാണ് ആദ്യമായി ബോഡി ബിൽഡിംഗ് സെന്ററിലേക്ക് അനീത് പോയത്. 2013-ൽ കുറച്ചുകാലം മാത്രമാണ് ജിമ്മിൽ പോയത്. 2018 മുതൽ വീണ്ടും ജിമ്മിലേക്ക് പോയപ്പോൾ അനീതിനെ കാത്തിരുന്നത് ബോഡി ബിൽഡിങ്ങിന്റെ ലോകത്ത് ഉന്നത വിജയങ്ങൾ ആയിരുന്നു. രണ്ടുതവണ മിസ്റ്റർ തിരുവനന്തപുരം ഒരുതവണ മിസ്റ്റർ കേരളയുo ഒരു തവണ മിസ്റ്റർ സൗത്ത് ഇൻഡ്യയമായ അനീതിന് ഇത്തവണ മിസ്റ്റർ ഇന്ത്യ ആകുവാൻ കഴിഞ്ഞതിനു പിന്നിൽ മലയിൻകീഴ് എന്ന ഗ്രാമപ്രദേശത്തെ ബോഡി ബിൽഡിംഗ് ട്രെയിനിങ് സെൻറർ ആയ വോൾഫിൻ ജിമ്മിന്റെയും കോച്ച് ആർ.എസ്. അനന്തുവിന്റെ ശിഷണത്തിൽ കിട്ടിയ ട്രെയ്‌നിംഗും സഹപ്രവർത്തകരുടെ സഹകരണവും ഒന്നുതന്നെയാണ്.

മലയിൻകീഴ് ശാന്തുംമൂല നയനത്തിൽ പരേതനായ സുരേന്ദ്രന്റെയും ശശികലയുടെയും മകനായ എസ് എസ് അനീതിന് അപകടത്തെ തുടർന്ന് കണ്ടക്ടർ ജോലി നഷ്ടമായപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെടാതെയുള്ള പരിശ്രമത്തിൽ പി.എസ്.സിയുടെ 4 റാങ്ക് ലിസ്റ്റുകളിൽ ഉന്നത റാങ്ക് നേടാനായി . ഒടുവിൽ തൊഴിൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച അനീത് ഇപ്പോൾ സീനിയർ ക്ലാർക്ക് ആയി ജോലി നോക്കുന്നു . ജീവിതയാത്രയിലെ ഏതു വിഷമഘട്ടത്തിലും പുഞ്ചിരിക്കുന്ന മുഖവുമായി ഒപ്പമുള്ള ഭാര്യ അഞ്ജുവും സ്വപ്‌നങ്ങൾക്ക് ചിറക് വച്ച് പറക്കുവാൻ തുടങ്ങുന്ന മകൻ ആദിതീർത്ഥനുമാണ് തന്റെ വിജയങ്ങൾക്ക് പിന്നിലെ പ്രേരകശക്തിയെന്നാണ് അനീത് പറയുന്നത്. തിരുവനന്തരം ജില്ലയിലെ മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ മിസ്റ്റർ ഇന്ത്യ പട്ടം നേടുന്ന ആദ്യത്തെ വ്യക്തിയാണ് എസ്.എസ്. അനീത്.
