പല്ലാരിമംഗലം പാടശേഖരത്തിൽ കൊയ്ത്തുത്സവം

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ മുണ്ടകൻ നെൽകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പല്ലാരിമംഗലം പാടശേഖരത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നസിയ ഷെമീർ, കൃഷി ഓഫീസർ ഇ എം മനോജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, പാടശേഖര സമിതി പ്രസിഡന്റ് ദിനേശൻ കാപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് 2022 – 2023 വാർഷിക പദ്ധതിയിൽ വലിയ മുൻഗണനയാണ് നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയിട്ടുള്ളത്.
ഇത്തവണ പഞ്ചായത്തിൽ 100 ഏക്കർ സ്ഥലത്താണ് നെൽകൃഷി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്തിട്ടുള്ളത്. കൂലിച്ചെലവ് സബ്‌സിഡി, തരിശ് നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയടക്കം ആറ് ലക്ഷംരൂപ നെൽ കർഷകർക്ക് സബ്‌സിഡി നൽകിയിട്ടുണ്ട്. വരും വർഷങ്ങളിൽ പഞ്ചായത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് നെൽകൃഷി വ്യാപിപ്പിക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷൃമിടുന്നത്. ഇത്തവണ ഉമ ഇനത്തിൽപെട്ട നെൽവിത്താണ് കർഷകർക്ക് സൗജന്യമായി വിതരണം നടത്തിയത്.

