FILM BIRIYANI KERALA Main Banner SPECIAL STORY

പ്രണയദിനത്തിന്റെ പനിനീർപ്പൂക്കളുമായി ഒരു ഗാനം

സതീഷ് കുമാർ വിശാഖപട്ടണം

മദ്രാസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം ‘ വാരികയിൽ പമ്മന്റെ ‘ ചട്ടക്കാരി ‘ പ്രസിദ്ധീകരിച്ച കാലത്തു തന്നെ
ആ നോവൽ ഒട്ടേറെ വായനക്കാരെ ആകർഷിച്ചിരുന്നു. മഞ്ഞിലാസിന്റെ എം ഓ ജോസഫ് ഈ നോവലിന്റെ അവകാശം എഴുതിവാങ്ങുകയും 1974 ൽ ചലച്ചിത്രമാക്കുകയുമുണ്ടായി.
കെ എസ് സേതുമാധവനായിരുന്നു സംവിധായകൻ.


ലക്ഷ്മി,മോഹൻ,സുജാത, അടൂർഭാസി,സുകുമാരി, സോമൻ എന്നിവർ അഭിനയിച്ച ഈ വർണ്ണചിത്രം ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡും ലക്ഷ്മിക്കും അടൂർ ഭാസിക്കും മികച്ച നടീനടന്മാർക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും
നേടിക്കൊടുത്തു…ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ ചിത്രത്തിലെ വയലാർ-ദേവരാജൻ ടീമിന്റെ ഗാനങ്ങളായിരുന്നു.


അതിൽ തന്നെ ഒരു ഗാനത്തെ ഈ പ്രണയ ദിനത്തിൽ എടുത്തു പറയാതിരിക്കാൻ വയ്യ.
‘ജൂലീ ….
യെസ് മൈ ഡാർലിംങ്ങ് ….
ഐ ലൗ യൂ….
എന്നു തുടങ്ങുന്ന പ്രേമഗാനം യേശുദാസും മാധുരിയുമാണ് പാടിയത്.


മാധുരിയുടെ പ്രണയവശ്യതയാർന്ന സ്വരവും ആലാപനവും ഇന്ന് വിലയിരുത്തുകയാണെങ്കിൽ, എഴുപത് വർഷത്തെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇത്രയും പ്രണയോന്മാദമായ ഒരു ഗാനവും ഗാനചിത്രീകരണവും പിന്നീട് ഒരു ചിത്രത്തിലും സൗന്ദര്യാത്മകമായി ചിത്രീകരിച്ചതായി ഓർക്കുന്നില്ല.
പ്രണയ ഗാനങ്ങളുടെ ചിത്രീകരണങ്ങൾ നായികാനായകന്മാരുടെ ഓട്ടവും ചാട്ടവും മരംചുറ്റലും കൈകൊർത്തുപിടിച്ചുള്ള പൂന്തോട്ട സവാരിയുമൊക്കെ ആയിരുന്ന കാലത്താണ് കാമുകി കാമുകന്മാരുടെ ഹൃദയ വികാരങ്ങൾ ഒപ്പിയെടുത്തു കൊണ്ട് തികച്ചും യാഥാർത്ഥ്യബോധത്തോടെ കെ എസ് സേതുമാധവൻ എന്ന കൃതഹസ്തനായ സംവിധായകൻ ചട്ടക്കാരിയിലെ ഈ പ്രണയഗാനം ചിത്രീകരിച്ചത്.
പ്രേക്ഷകരുടെ ഞരമ്പുകളെ തീ പിടിപ്പിച്ച ഈ ഗാനരംഗത്ത് അന്ന് താരതമ്യേന പുതുമുഖങ്ങളായിരുന്ന ലക്ഷ്മിയും മോഹനും ഇഴുകിച്ചേർന്നഭിനയിച്ച സംഭോഗശൃംഗാരത്തിന്റെ രതിഭാവങ്ങൾ അക്കാലത്ത് എത്രയോ യുവഹൃദയങ്ങളേയാണ് ഇക്കിളി ക്കൊള്ളിച്ചത് ……
ഒരു ചട്ടക്കാരി പെൺകുട്ടിയുടെ അർദ്ധ നഗ്‌ന വസ്ത്രാലങ്കാരങ്ങളിലൂടെ മിന്നിമറഞ്ഞ ലക്ഷ്മിയുടെ അനുപമ സൗന്ദര്യവും അംഗലാവണ്യങ്ങളുടെ ഉൾപുളകക്കാഴ്ചകളും ജനലക്ഷങ്ങൾക്ക് സ്വർഗ്ഗീയാനുഭൂതികൾ പകർന്നു നൽകി….


പ്രണയോന്മാദത്തിന്റെ അനുഭൂതികൾ പരസ്പരം പങ്കുവെച്ചു കൊണ്ട് രതിയുടെ സ്വർഗ്ഗീയനിമിഷങ്ങളിലേക്കുള്ള പ്രയാണവും ആ യുവഹൃദയങ്ങളുടെ പ്രഥമ സുരതത്തിന്റെ ആനന്ദമൂർച്ചയുടെ നിർവൃതിയുമെല്ലാം ഈ ഗാനത്തിന്റെ കാമസുഗന്ധിയായ മഴവില്ലഴകായിരുന്നു.
മനസ്സും ശരീരവും ഇഴുകി ചേർന്നുള്ള ഈ ഗാനാഭിനയത്തിന്റെ അനുഭൂതികളാകാം ഒരു പക്ഷേ മോഹൻ എന്ന നടനേയും ലക്ഷ്മി എന്ന നടിയേയും ജീവിതത്തിലും അനുരാഗത്തിന്റ ആരാമങ്ങളിലേക്ക് കൊണ്ടെത്തിച്ചത്. ഇന്നും ഈ ഗാനം യൂട്യൂബിൽ കാണുമ്പോൾ ഉൾപ്പുളകങ്ങളുടെ പരിരംഭണത്താൽ മനസ്സ് എവിടേക്കെല്ലാമോ സഞ്ചരിക്കും …..
ഈ ചിത്രവും ഗാനവും ഇറങ്ങിയ കാലത്ത്
‘ വാലന്റൈൻസ് ഡേ ‘ എന്ന ആഘോഷം ഈ നാടിന് അന്യമായിരുന്നു …..


എന്നിരുന്നാലും പ്രണയത്തിന്റെ മാസ്മരികലഹരി അനുഭവിച്ചിട്ടുള്ളവർക്കെല്ലാം ഈ ഗാനം എന്നും എപ്പോഴും ഒരു സ്വകാര്യ അനുഭൂതിതന്നെയായിരിക്കും … തീർച്ച …
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 – 9030758774 )

Related Posts

Leave a Reply

Your email address will not be published. Required fields are marked *