വീരരാഘവന്റെ ഇടവകാഗത്വം :
ചരിത്രം ദുർവ്യാഖ്യാനം ചെയ്യുമ്പോൾ നാം മൗനികളാകണോ?

ഗുരുദേവ വചനവും വളച്ചൊടിച്ചില്ലേ?
ജിജുമലയിൻകീഴ്
തിരുവനന്തപുരം: ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തെക്കൻ കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആദ്യ സമരമായിരുന്നു നെയ്യാറ്റിൻകര വെടിവെയ്പ് ഉണ്ടായ സമരം. ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയുണ്ടകൾക്ക് നേരെ വിരിമാറുകാണിച്ച് ധീര രക്തസാക്ഷിത്വം വരിച്ച നെയ്യാറ്റിൻകര വീരരാഘവൻ നെയ്യാറ്റിൻകരയുടെയോ കേരളത്തിന്റെയോ മാത്രം വീരനായകൻ അല്ല എന്നത് ഭാരത സ്വാതന്ത്ര്യ സമര ചരിത്രം 1857 -1947 ( Vol: 5 – Dictionary of Martyrs) എന്ന ഗ്രന്ഥം വായിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും. ഭാരത സർക്കാരിന്റെ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും ചേർന്നാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 285 പേജുള്ള ഈ ഗ്രന്ഥത്തിന്റെ 167ാമത്തെ പേജിൽ അവസാന ഖണ്ഡികയിൽ പി. രാഘവൻ എന്ന വീര രാഘവനെ കുറിച്ച് വിവരിക്കുന്നു.
1914 നവംബർ 23നാണ് വീര രാഘവൻ ജനിച്ചത്. നെയ്യാറ്റിൻകര അത്താഴമംഗലത്താണ് വീരരാഘവന്റെ ജനനം എന്ന് ഇതിൽ വ്യക്തമാക്കുന്നുമുണ്ട്. സർക്കാരിന്റെ ചരിത്ര രേഖകളിൽ തന്നെ ഇത് വ്യക്തമാക്കുമ്പോൾ ചരിത്രത്തെ വളച്ചൊടിച്ച് 1918 ജൂലൈ 21 ന് മണലി വിള സേവിയർ – ഭഗവതി ദമ്പതികളുടെ ഒമ്പതു വയസ്സുള്ള ജോസഫിനെ ഫാദർ പത്രോസ് ഫെർണാണ്ടസ് ജ്ഞാനസ്‌നാനം ചെയ്തതിന് വീരരാഘവൻ ജ്ഞാനസ്‌നാനം ചെയ്തതായി വളച്ചൊടിക്കുന്ന ചരിത്രപരമായ വിഡ്ഢിത്വത്തെ അംഗീകരിക്കുവാൻ ഏതൊരു രാജ്യ സ്‌നേഹിക്കും കഴിയില്ല എന്നത് യാഥാർത്ഥ്യമാണ്. ആധികാരികമായ ചരിത്ര രേഖകൾ നിലനിൽക്കെ തിരുവനന്തപുരം നെയ്യാറ്റിൻകര കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ ലഘുചരിത്രത്തിൽ വീരരാഘവൻ തങ്ങളുടെ ഇടവകാഗം എന്ന് രേഖപ്പെടുത്തിയ തെറ്റിനെ ചൂണ്ടിക്കാണിക്കുമ്പോൾ അത് മതവിദ്വേഷ വിഷമാണെന്ന് തിരിച്ചറിയണം എന്നു പറയുന്നവർ സ്വാതന്ത്ര്യ സമര ചരിത്രം ഒന്ന് വായിക്കുകയെങ്കിലും വേണം.

ദേവാലയ ലഘു ചരിത്രത്തിലെ രണ്ടാമത്തെ ഖണ്ഡികയിൽ ശ്രീനാരായണഗുരുദേവ വചനമായ ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി ‘ എന്നതിനെ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് അധികാരികൾ വ്യാകരിച്ചിരിക്കുന്നത്. ശ്രീനാരായണഗുരുദേവന്റെ ഈ വചനങ്ങൾക്ക് അദ്ദേഹത്തെ പ്രേരണയാക്കിയത് ക്രിസ്തുമതത്തിൽ അടിയുറച്ച കമുകിൻകോടും പരിസരപ്രദേശങ്ങളിലും ഉള്ള ഈഴവ സമുദായങ്ങളെ ഉദാഹരിച്ച് എന്നാണ് പറയുന്നത്. എന്നാൽ ഗുരുദേവ കൃതികൾ വായിച്ചാൽ തന്നെ നമുക്ക് മനസ്സിലാകും മതപരിവർത്തനത്തിന് ഗുരുദേവൻ എതിരായിരുന്നു എന്ന്.
‘എല്ലാ മതങ്ങളിലും മോക്ഷമാർഗം ഉണ്ട് ആധ്യാത്മിക മോക്ഷത്തിനായി മതപരിവർത്തനം പാടില്ല.’ ഇതാണ് ഗുരുവചനം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ഗുരുദേവൻ ആലുവ ആശ്രമത്തിൽ സി.വി. കുഞ്ഞിരാമനുമായിട്ടുള്ള സംഭാഷണത്തിനിടയിലാണ് പറയുന്നത്. അത് കമുകിൻകോടിനെക്കുറിച്ചോ ഒരു സമുദായത്തെ ഉദാഹരിച്ചോ മതത്തെക്കുറിച്ചോ അല്ല എന്നത് വ്യക്തമാണ്.
‘അഭിപ്രായോ മതം നാമ :
മഹതാം തത്വ വേദനാം’
ഈ ഗുരു വചനം നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. തത്വത്തെ അറിഞ്ഞ മഹത്വക്കളുടെ അഭിപ്രായമാണ് മതം. അങ്ങനെ പറയുമ്പോൾ തത്വത്തെ അറിഞ്ഞിട്ടുള്ളത് ശ്രീനാരായണഗുരുദേവൻ, ബുദ്ധ ഭഗവാൻ, ക്രിസ്തുദേവൻ, മുഹമ്മദ് നബി … ഇങ്ങനെയുള്ള മഹാത്മാക്കളാണ്. അവരുടെ അഭിപ്രായം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന് വേണ്ടിയിട്ടുള്ളതായിരുന്നില്ല. ആത്മസാക്ഷാത്കാരം നേടുന്നതിനുള്ള ഉപാധികളാണ് മതതത്വങ്ങൾ. അതാണ് യഥാർത്ഥ മതം. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയാണ്. അത് ഈശ്വര സാക്ഷാത്കാരത്തിനുള്ള ഉദ്‌ബോധനങ്ങളാണ്. ഇതാണ് യഥാർത്ഥത്തിൽ ഓരോ മനുഷ്യനും അറിയേണ്ടത് .

അല്ലാതെ നമ്മൾ എല്ലാ മതങ്ങളെയും അംഗീകരിക്കുന്നവർ ആണെന്നും ഗുരുദേവ പാത പിന്തുടരുന്ന സംഘടനയെന്നും മാധ്യമമാണെന്നും വ്യക്തിയാണെന്നുമൊക്കെ പറഞ്ഞ് സമൂഹത്തിനുമുന്നിൽ വരികയും മത വിദ്വേഷവിഷം ചീറ്റുന്നവരാണ് മറ്റുള്ളവരെന്ന് പ്രചരിപ്പിക്കുകയും തങ്ങളുടെ മതമാണ് എല്ലാത്തിലും ശ്രേഷ്ഠം എന്ന് പറയുകയും ചെയ്യലല്ല. അങ്ങനെ ചെയ്യുന്നവർ ആദ്യം ഗുരുദേവ കാവ്യമായ ഡോക്ടർ പി. ഭാസ്‌കരൻ രചിച്ച ‘ഗുരുവൈഖരി ‘ എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും. സംഘടനകളുടെയോ വ്യക്തികളുടെയോ സമുദായത്തിന്റെയോ ചരിത്രം ശ്രദ്ധയാകർഷിക്കാനായി പലരും ആത്മീയ ഗുരുക്കന്മാരുടെ വചനങ്ങളും ചരിത്രപുരുഷന്മാരെയും തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വ്യാകരിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ നാം ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും. ചരിത്രം ചരിത്രമായി നിലനിൽക്കുന്നു എന്ന സത്യം.