THIRUVANANTHAPURAM

ഇലകമണിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ വലയുന്നു; സംഭരണി നിറഞ്ഞ് വെള്ളം പാഴായിപ്പോകുന്നു;
നാല് മോട്ടോർ പമ്പുകളിൽ മൂന്നെണ്ണവും തകരാറിൽ

ഇലകമൺ: ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുന്നു. ചാരുംകുഴികോളനി, തെറ്റിക്കുഴി, കുന്നുംപുറം കോളനി, കായൽപ്പുറം സ്‌കൂൾ പ്രദേശം, തേരിക്കൽകോളനി, ഇലകമൺ വാർഡ്, കളത്തറ വാർഡ് നിവാസികൾ എന്നിവർക്ക് കുടിവെള്ളം കിട്ടിയിട്ട് രണ്ടാഴ്ചയിലേറെയായി. മറ്റു വാർഡുകളിൽ 5 ദിവസത്തിൽ ഒരിക്കലാണ് വെള്ളം ലഭിക്കുന്നത്. പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലുംകുടിവെള്ളം കൊടുക്കാൻ വെള്ളം ഇല്ലാത്തതു കൊണ്ടാണോ ? അല്ല. കായൽപ്പുറത്ത് നീരുറവ ഉണ്ട്. എത്ര വരൾച്ച വന്നാലും വറ്റാത്ത ഉറവ. ഉറവയിൽ നിന്നും വെള്ളം ഒഴുകി സംഭരണി നിറഞ്ഞു പാഴായി പോകുന്ന കാഴ്ചയാണ് കായൽപ്പുറം പമ്പ് ഹൗസിൽ ചെന്നപ്പോൾ കാണാൻ കഴിഞ്ഞതെന്ന് ഇലകമൺ വാർഡ് മെമ്പർ വിനോജ് വിശാൽ പറയുന്നു. പഞ്ചായത്തിലെ വീടുകളിലേക്ക് വിതരണം ചെയ്യാനുള്ള ജലമാണ് ജനങ്ങൾക്ക് കുടിക്കാനുള്ള ജലമാണ് കായലിലേക്കു ഒഴുകി പോകുന്നത്.


എന്തുകൊണ്ട് 1 ലക്ഷം സംഭരണി ശേഷി ഉള്ള പമ്പ് ഹൗസ് ടാങ്കിൽ നിന്നും വെള്ളം കൃത്യമായി പമ്പിങ് ചെയ്യാൻ കഴിയുന്നില്ല? പമ്പിങ്ങിനായി ഉണ്ടായിരുന്ന 4 മോട്ടോർ പമ്പുകളിൽ 3 എണ്ണവും തകരാറിലാണ്. ഇപ്പോൾ പ്രവർത്തിക്കുന്ന ഏക മോട്ടോർ പമ്പ് ഏത് സമയവും തകരാറിൽ ആകാം. അങ്ങനെ സംഭവിച്ചാൽ കുടിവെള്ള വിതരണം പൂർണമായി നിലക്കും. ജനങളുടെ പ്രാർത്ഥന കൊണ്ട് ആവാം ഏക പമ്പ് പണിമുടക്കാത്തത്. നിർത്താതെ പമ്പിങ് ചെയുമ്പോൾ മോട്ടോർ ചൂടാവും. അതൊന്നു തണുപ്പിക്കാൻ 2 മണിക്കൂർ ആണ് പമ്പിങ് നിർത്തുന്നത്. അങ്ങനെ വരുമ്പോഴാണ് കുടിവെള്ള വിതരണത്തിൽ വീഴ്ച വരുന്നത്. തുടർച്ചയായ് പമ്പ് ചെയ്യണം എങ്കിൽ അടിയന്തിരമായി പുതിയ ആധുനിക മോട്ടോർ പമ്പുകൾ വാങ്ങണം. താത്കാലികമായെങ്കിലും ഒരു പരിഹാരം ആവും. ഒരു ആധുനിക മോട്ടോർ വാങ്ങി വെക്കാനെങ്കിലും അധികൃതർ തയ്യാറാവണം. ഇലകമൺ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശനത്തിന് പരിഹാരം കാണാൻ 60 ലക്ഷം രൂപ ചിലവഴിച്ച് 2012 ൽ മുൻ എം എൽ എ വർക്കല കഹാർ കായൽപ്പുറം പമ്പ് ഹൗസിൽ ഉറവയുടെ ഉത്ഭവത്തിൽ സംഭരണി നിർമിക്കുകയും നിരവധി ആശയങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ളതാണ്.


എന്നാൽ കാലാകാലങ്ങളിൽ പദ്ധതികൾ അവതാളത്തിൽ ആയി. ഇതൊക്കെയൊന്ന് പരിഹരിക്കണ്ടേ ? അടിയന്തിരമായി കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാൻ കായൽപ്പുറം പമ്പ് ഹൗസ് മുതൽ വിളപ്പുറം വാട്ടർ ടാങ്ക് വരെ യുള്ള കാലപ്പഴക്കം ചെന്ന 100 എംഎം കാസ്റ്റ് അയൺ പൈപ്പ് മാറ്റി 250 എംഎം ഡി ഐ പൈപ്പ് സ്ഥാപിക്കണം. പുതിയ 30 എച്ച്പിയുടെ 2 പമ്പുകളും,10 എച്ച്പിയുടെ 2 പമ്പുകളും സ്ഥാപിക്കണം. പുതിയ മൈക്രോ ഫിൽറ്റർ യൂണിറ്റും പ്ലാന്റും സ്ഥാപിക്കണം…


ഇത്രയും ചെയ്താൽ മതി, കായൽപ്പുറത്തെ ജലം ഒഴുകി കായലിൽ പോകാതെ നമ്മുടെ വീടുകളിൽ എന്നും ഏത് സമയത്തും കുടിവെള്ളം എത്തും. അതിനായ് അടിയന്തിരമായി എംഎൽഎയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും, ഇലകമൺ പഞ്ചായത്ത് അംഗങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും സംയുക്ത മീറ്റിംഗ് വിളിച്ച് ചേർക്കണം. കുടി വെള്ളത്തിനായി ഒരാളുടെയും കണ്ണ് നനയാൻ പാടില്ല. അധികൃതർ കണ്ണു തുറന്നില്ലെങ്കിൽ ജനകീയസമരത്തിന് ഇറങ്ങുമെന്ന് ഇലകമൺ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ വിനോജ് വിശാൽ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *