KERALA Main Banner SPECIAL STORY THIRUVANANTHAPURAM

നെയ്യാറ്റിൻകര വീരരാഘവൻ ഇടവകാംഗം ;
പള്ളി അധികാരികൾ ചരിത്രം വളച്ചൊടിക്കുന്നു: ബന്ധുക്കൾ

ജിജുമലയിൻകീഴ്

വീരരാഘവന്റെ അച്ഛന്റെ പേര് പ്രാറ്റിപ്പണിക്കർ എന്നും അമ്മയുടെ പേര് ദാക്ഷായണി എന്നുമാണ്. മണലി വിളക്കാരനായ ഏതോ ഒരു ജോസഫിന്റെ ജ്ഞാനസ്‌നാനത്തിന്റെ കഥയുടെ പേരിൽ വീരരാഘവനെ വലിച്ചിഴക്കുന്നത് അദ്ദേഹത്തോടും സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ നെയ്യാറ്റിൻകര വെടിവെപ്പിനോടും പള്ളി അധികാരികൾ കാണിക്കുന്ന അനീതിയുംഅവഗണനയും ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

തിരുവനന്തപുരം: സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമായ നെയ്യാറ്റിൻകര സമരത്തിനുനേരെ നടന്ന വെടിവെപ്പിന്റെ ആദ്യത്തെ രക്തസാക്ഷി വീരരാഘവൻ കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ ഇടവക അംഗമായിരുന്നു എന്ന അവാസ്തവമായ കാര്യം ദേവാലയ ലഘു ചരിത്രത്തിൽ രേഖപ്പെടുത്തിയതിനെതിരെ വീരരാഘവന്റെ ബന്ധുക്കളും നാട്ടുകാരും രംഗത്ത്്. വീരരാഘവൻ ക്ഷേത്രങ്ങളിലോ പള്ളികളിലോ മറ്റ് ആരാധനാ രീതികളിലോ വിശ്വസിച്ചു പോന്നിരുന്ന വ്യക്തി ആയിരുന്നില്ല എന്നും അദ്ദേഹം തികഞ്ഞ നിരീശ്വരവാദി ആയിരുന്നു എന്നുമാണ് പിൻ തലമുറക്കാരായ ബന്ധുക്കൾ പറയുന്നത്.

1938 ഓഗസ്റ്റ് 31ന് നടന്ന നെയ്യാറ്റിൻകര വെടിവെപ്പിന്റെ ആദ്യ രക്തസാക്ഷിയാണ് വീര രാഘവൻ. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കഴിഞ്ഞ് ഏഴര പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു ഒരു സ്മാരകം അദ്ദേഹത്തിൻറെ പേരിൽ നിലവിൽ വരുവാൻ. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 2015ലാണ് വീര രാഘവന്റെ ജന്മസ്ഥലമായ അത്താഴമംഗലത്ത് വീരരാഘവ സ്മാരകം പണിതത്. നെയ്യാറ്റിൻകര വെടിവെപ്പിന്റെ ചരിത്രമടങ്ങുന്ന ചിത്രങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. എന്നാൽ വീരരാഘവന്റെ രക്തസാക്ഷിത്വം കഴിഞ്ഞു 85 വർഷങ്ങൾക്ക് ശേഷം കമുകിൻകോട് വിശുദ്ധ അന്തോണിയോസ് ദേവാലയം വീരരാഘവൻ തങ്ങളുടെ ഇടവക്കാരനായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ചില സ്വാർത്ഥ കക്ഷികളുടെ താൽപര്യങ്ങളാണ് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

1918 ജൂലൈ 21ന് അന്നത്തെ പള്ളി വികാരിയായിരുന്ന ഫാദർ പത്രോസ് ഫെർണാണ്ടസ് മണലിവിള സേവിയർ – ഭഗവതി ദമ്പതികളുടെ ഒമ്പത് വയസ്സുകാരനായിരുന്ന ജോസഫ് എന്നയാൾക്ക് ജ്ഞാനസ്‌നാനം നൽകിയതായിട്ടുള്ള രേഖകൾ പള്ളിയിൽ ഉണ്ടെന്നും ഈ ജോസഫ് തന്നെയാണ് വീരരാഘവൻ എന്നുമാണ് പള്ളി അധികാരികൾ അവകാശപ്പെടുന്നത്. ഈ രേഖകളുടെ അടിസ്ഥാനത്തിലും ഒപ്പം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ബുക്കിലും വീരരാഘവൻ എന്നത് ജോസഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നും പള്ളി അധികാരികൾ അവകാശപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2023ലെ പെരുന്നാൾ മഹാമഹത്തിന്റെ നോട്ടീസിൽ ചേർത്തിരിക്കുന്ന ദേവാലയ ലഘുചരിത്രത്തിൽ ഭാരത സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നെയ്യാറ്റിൻകര നടന്ന വെടിവെപ്പിൽ ആദ്യ രക്തസാക്ഷിത്വം വരിച്ച വീരരാഘവൻ എന്ന ജോസഫിന്റെ ഇടവക കൂടിയാണ് ഇത് എന്ന് രേഖപ്പെടുത്തിയത് എന്നതാണ് ദേവാലയ അധികാരികളുടെ വാദം.

വീരരാഘവന്റെ കുടുംബത്തിന്റെ ആരോപണത്തെക്കുറിച്ചുള്ള വിശദീകരണത്തിനായി ഇടവക വികാരി ഫാദർ ഷൈജു ദാസിനെയാണ് ബന്ധപ്പെട്ടത്. എന്നാൽ ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കുന്ന് സഭാ സെക്രട്ടറി മനുവാണെന്നും അദ്ദേഹത്തെ ബന്ധപ്പെടുവാനുമാണ് അദ്ദേഹം പറഞ്ഞത്. ഇടവക അജപാലന സെക്രട്ടറി ആയ എസ്.എസ്. മനുവിൽ നിന്നാണ് ഇത്തരം കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞത്. എന്നാൽ വീരരാഘവന്റെ അച്ഛന്റെ പേര് പ്രാറ്റിപ്പണിക്കർ എന്നും അമ്മയുടെ പേര് ദാക്ഷായണി എന്നുമാണ്. മണലി വിളക്കാരനായ ഏതോ ഒരു ജോസഫിന്റെ ജ്ഞാനസ്‌നാനത്തിന്റെ കഥയുടെ പേരിൽ വീരരാഘവനെ വലിച്ചിഴക്കുന്നത് അദ്ദേഹത്തോടും സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ നെയ്യാറ്റിൻകര വെടിവെപ്പിനോടും പള്ളി അധികാരികൾ കാണിക്കുന്ന അനീതിയുംഅവഗണനയും ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കഴിഞ്ഞ 85 വർഷത്തിലേറെയായി ഇല്ലാതിരുന്ന ഇടവക അംഗത്വം ഈ വർഷത്തെ തിരുനാൾ മഹാമഹ നോട്ടീസിൽ ചേർത്തിരിക്കുന്ന ദേവാലയത്തിന്റെ ലഘു ചരിത്രത്തിൽ എങ്ങനെയാണ് എത്തിപ്പെട്ടത് എന്ന് പള്ളി അധികാരികൾ തന്നെ വ്യക്തമാക്കണമെന്നും വീരരാഘവന്റെ കുടുംബം ആവശ്യപ്പെടുന്നു.

രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് വീരരാഘവന്റെ പിൻ തലമുറക്കാരായ ചില മുതിർന്ന അംഗങ്ങളെ പള്ളിക്കമ്മിറ്റിക്കാർ എന്ന പേരിൽ ചിലർ ബന്ധപ്പെടുകയും വീരരാഘവൻ ഇടവക അംഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് രേഖയിൽ ഉൾപ്പെടുത്തുവാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിൻതലമുറക്കാരായി ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന അംഗമായ നീലാംബരൻ കുടുംബത്തിന്റെ അനിഷ്ടം പള്ളി അധികാരികളെ അറിയിക്കുകയും അന്ന് അധികാരികൾ തീരുമാനത്തിൽ നിന്നും പിന്മാറുകയും ചെയ്തതായിട്ടാണ് നീലാംബരനും വീരരാഘവന്റെ ചെറുമക്കളായ സുരേഷും പ്രവീണും ട്രൂത്ത് ലൈവിനോട് പറഞ്ഞത്.

കാലങ്ങൾ മാറുമ്പോൾ ചരിത്ര സംഭവങ്ങളും അതിലെ വ്യക്തികൾക്കും സഭയുടെയോ സമുദായത്തിന്റേയോ സംഘടനകളുടെയോ നിറം നൽകുവാൻ ശ്രമിക്കുന്നവർ നാടിന്റെയും നാട്ടുകാരുടെയും കൂട്ടായ്മയല്ല ലക്ഷ്യമാക്കുന്നതെന്ന് ഏതൊരാൾക്കും മനസിലാകുന്നതാണ്. ഇത്തരം പ്രവർത്തികളുടെ സത്യാവസ്ഥ കണ്ടെത്തുവാൻ അധികാരികൾ നിയമപരമായ നടപടികൾ കൈക്കൊണ്ടില്ലായെങ്കിൽ നമ്മുടെ പിൻ തലമുറക്കാർ പഠിക്കുന്ന ചരിത്രം മറ്റൊന്നായിരിക്കുമെന്നതിൽ സംശയമില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *