സർക്കാരിന് പിടിവാശിയും ഈഗോയും; സഭാ കവാടത്തിലെ സത്യഗ്രഹം നിർത്തി, ഇനി സമരം സഭയ്ക്കു പുറത്തെന്ന് സതീശൻ

തിരുവനന്തപുരം: നിയമസഭ സമ്മേളനം പിരിഞ്ഞ സാഹചര്യത്തിൽ സഭാകവാടത്തിൽ നടത്തി വന്നിരുന്ന പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം യുഡിഎഫ് അവസാനിപ്പിച്ചു.
നിയമസഭയ്ക്ക് പുറത്ത് യുഡിഎഫ് നടത്തുന്ന സമരം കൂടുതൽ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകും. 13,14 തീയതികളിൽ യുഡിഎഫിന്റെ രാപ്പകൽ സമരം നടക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ ഘടകകക്ഷികൾ സർക്കാരിനെതിരെ വിവിധ സമരപരിപാടികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. യുഡിഎഫിലെ വിവിധ യുവജന-മഹിളാ-വിദ്യാർത്ഥി സംഘടനകളെല്ലാം സർക്കാരിനെതിരെ സമരവുമായി മുന്നോട്ടു വന്നിരിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. മുമ്പ് പല കാലത്തും നിയമസഭയിൽ എംഎൽഎമാർ സമരം നടത്തിയിട്ടുണ്ട്. എന്നാൽ ഒരു മന്ത്രിയും ഇതുപോലെ സമരം നടത്തുന്ന എംഎൽഎമാരെ അപമാനിച്ചിട്ടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
സത്യഗ്രഹികളെ പരിഹസിക്കുകയും അപമാനിക്കുകയും പുച്ഛിച്ച് തള്ളുകയുമാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും ചെയ്തത്. ഇത് അധികാരത്തിന്റെ ധിക്കാരമാണ്. ജനങ്ങളെ കാണാൻ അവർക്ക് കഴിയുന്നില്ല. അധികാരത്തിന്റെ ഗിരിശൃംഗങ്ങളിൽ ഇരിക്കുമ്‌ബോൾ സാധാരണക്കാരെ കാണാൻ കഴിയാതെ പോകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നികുതി നിർദേശം പിൻവലിക്കാത്ത നടപടി. പ്രതിപക്ഷം സമരം ചെയ്യുന്നതുകൊണ്ട് പിൻവലിക്കില്ല എന്ന് ലോകത്ത് ഏതെങ്കിലും സർക്കാർ പറഞ്ഞിട്ടുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.
പിടിവാശിയും ഈഗോയുമാണ് സർക്കാരിന്റേത്. ജനങ്ങളെയാണ് ഇവർ മറക്കുന്നത്. ജനങ്ങൾക്കു വേണ്ടി പിടിവാശി ഉപേക്ഷിക്കണം. നികുതി നിർദേശങ്ങൾ പിൻവലിക്കണം. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കും. നികുതി പിരിവിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. നാട്ടിലെ വമ്പന്മാരുടെയും, സ്വർണത്തിന്റെയും പതിനായിരക്കണക്കിന് കോടി രൂപ സർക്കാർ നഷ്ടപ്പെടുത്തി. ബാർ ഉടമകളിൽ നിന്നും ലഭിക്കേണ്ട ടേൺ ഓവർ ടാക്സ് പിരിച്ചെടുക്കുന്നില്ല. നാട്ടിൽ വന്ന് കള്ളക്കടത്ത് നടത്തി ഇഷ്ടം പോലെ സാധനങ്ങൾ വിറ്റഴിക്കാനുള്ള എല്ലാ സൗകര്യവും സർക്കാർ നൽകുകയാണ്.

കേന്ദ്രസർക്കാരിനെ ഒരുവശത്ത് കുറ്റപ്പെടുത്തുമ്പോൾ, കേന്ദ്രസർക്കാരിൽ നിന്നും ഐജിഎസ്ടി പൂളിൽ നിന്നും ലഭിക്കേണ്ട തുക, അഞ്ചുവർഷം കൊണ്ട് ലഭിക്കേണ്ട 25,000 കോടി രൂപ സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് നഷ്ടപ്പെടുത്തിയെന്നും വി ഡി സതീശൻ ആരോപിച്ചു. ഇതെല്ലാം ജനങ്ങളെ അറിയിക്കും. കേരളത്തിൽ ആർക്കു വേണമെങ്കിലും നികുതി വെട്ടിപ്പ് നടത്താമെന്ന സ്ഥിതിയാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ ഫലമായാണ് നാലായിരം കോടി രൂപയുടെ നികുതി ഭാരം പാവപ്പെട്ട സാധാരണക്കാരന്റെ തലയിൽ വന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നികുതി പിരിക്കാൻ കഴിയാത്തപ്പോഴും സർക്കാരിന്റെ ധൂർത്തിന് ഒരു കുറവുമില്ല. പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധ നടത്തത്തെ, മോണിംഗ് വാക്ക് എന്നു പരിഹസിച്ച ഇപി ജയരാജന്റെ പ്രസ്താവനയിലും വി ഡി സതീശൻ പ്രതികരിച്ചു. അദ്ദേഹം ജീവനോടെ ഇരിപ്പുണ്ടെന്ന് മനസ്സിലായി എന്നായിരുന്നു സതീശന്റെ പരിഹാസം. ഒരുപാടു നാളായി കാണാതെ പോയ നേതാവല്ലേ. വളരെ സജീവമാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷമെന്നും സതീശൻ പറഞ്ഞു. ജനങ്ങളെ മറന്ന സർക്കാരിന് അധികാരത്തിന്റെ ഹുങ്കാണ്. അതാണ് ഇത്തരത്തിൽ പറയുന്നത്. എല്ലാ നികുതിയും പിൻവലിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. അന്യായമായി ഏർപ്പെടുത്തിയ നികുതി വർധന പിൻവലിക്കാനാണ് ആവശ്യപ്പെട്ടതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.