ജനങ്ങളെ സഹായിക്കാനാണ് നികുതി വർദ്ധിപ്പിച്ചതെന്ന വിചിത്ര ന്യായവുമായി വീണ്ടും ധനമന്ത്രി, ബഹളത്തിൽ സഭ പിരിഞ്ഞു

തിരുവനന്തപുരം: ഇന്ധന സെസിൽ പ്രതിപക്ഷം കാര്യങ്ങൾ മനസ്സിലാക്കി സർക്കാരിനോട് സഹകരിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സെസ് കുറയ്ക്കുന്ന പ്രശ്‌നമില്ല. കുറയ്ക്കാനാണെങ്കിൽ അഞ്ചു രൂപ വർധിപ്പിച്ചിട്ട് രണ്ടു രൂപ കുറയ്ക്കാമല്ലോ. അപ്പോൾ കുറച്ചെന്നുമായി, മൂന്നു രൂപ മേടിക്കാനുമാകും. അത്തരത്തിൽ ആലോചിച്ചിട്ടില്ല. യഥാർത്ഥത്തിൽ ഏറ്റവും കുറവു വർധനയാണ് ലക്ഷ്യമിട്ടത്. പത്തുശതമാനമാണ് ആകെ വേണ്ടത്. കുറയ്ക്കാൻ വേണ്ടി ആലോചിച്ചു കൊണ്ടുള്ള കൂട്ടലല്ല നടത്തിയത്. നാളെ നാട്ടിലെ ജനങ്ങൾക്ക് സഹായം നൽകുക ലക്ഷ്യമിട്ടാണ് വർധന വരുത്തിയത്. മിനിമം ഉത്തരവാദിത്തം എന്ന നിലയിലാണ് അതു ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെയോ ആരുടേയും സമരം കൊണ്ടല്ല ഇളവ് അനുവദിക്കാത്തത്. ആരുടേയും സമരം തള്ളിക്കളയുന്നവരല്ല ഇടതുസർക്കാർ. വലിയ പ്രക്ഷോഭങ്ങളിലൂടെ വളർന്നുവന്ന പാർട്ടിയിൽപ്പെട്ടവരാണ് താനുൾപ്പെടെയുള്ളവർ. സമരങ്ങളെയോ, ഉന്നയിക്കുന്ന ആവശ്യങ്ങളെയോ സർക്കാർ നോക്കാതിരിക്കില്ല. സമരത്തിന് വേണ്ടിയുള്ള സമരമാണിത്. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷം അടക്കം ആരോടും നെഗറ്റീവ് ആയ സമീപനമില്ല.
ഇടതുമുന്നണി സർക്കാരിന് തുടർഭരണം കിട്ടിയതിന്റെ അഹങ്കാരമാണെന്ന പ്രതിപക്ഷ ആരോപണത്തോട് യോജിപ്പില്ല. തുടർഭരണം കിട്ടിയതോടെ ഉത്തരവാദിത്തം കൂടുകയാണ് ചെയ്തത്. ഇതോടെ കേന്ദ്രം കേരളത്തെ കൂടുതൽ ശ്വാസം മുട്ടിക്കുന്ന നടപടികൾ സ്വീകരിക്കുകയാണ്. കേരളത്തിന്റെ ഭാവിക്കു വേണ്ടിയുള്ള ബജറ്റിലെ നല്ല കാര്യങ്ങളൊന്നും ചർച്ചയാക്കാതെ ആ വിഷയം മാത്രമാണ് ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സെസ് കുറയ്ക്കാത്തതിന് കാരണമെന്ന് പ്രതിപക്ഷ ആരോപണത്തിൽ, എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ തലയിലേക്ക് ഇടേണ്ട കാര്യമില്ലെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി മുതൽ എല്ലാ മന്ത്രിമാർക്കും എൽഡിഎഫിനും ഒരു സമീപനമുണ്ട്. മന്ത്രിസഭയുടെ തലവനാണ് മുഖ്യമന്ത്രി. കളക്ടീവ് റെസ്പോൺസാണ് എല്ലാവർക്കുമുള്ളത്. യഥാർത്ഥത്തിൽ കേരളത്തെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ച കേന്ദ്രസർക്കാരിന്റെ നിലപാടിനെക്കൂടി പ്രതിപക്ഷം പറയണമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
സെസിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്ക് നടന്നാണ് നിയമസഭയിലേക്ക് എത്തിയത്. നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതേത്തുടർന്ന് ചോദ്യോത്തരവേള സ്പീക്കർ സസ്പെൻഡ് ചെയ്തു.
ഇനി ഈ മാസം 27 നാണ് നിയമസഭ വീണ്ടും സമ്മേളിക്കുക. അതിനിടെ, പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കിയ സാഹചര്യത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

