വാണി ജയറാം യാത്രയായി,
മൈനകളുടെ പ്രണയസല്ലാപം ഇപ്പോഴും…

സതീഷ് കുമാർ വിശാഖപട്ടണം
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഉത്തമജോഡിയായിരുന്നു പ്രേംനസീറും ഷീലയും.
ഇവരുടെ പ്രണയവും പ്രണയലീലകളും പ്രണയ ഗാനങ്ങളും ആസ്വദിക്കാൻ വേണ്ടി മാത്രം സിനിമ കണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.
ഏകദേശം 120 ഓളം സിനിമകളിൽ നായികാനായകന്മാരായി അഭിനയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച പ്രണയജോഡിയാണ് ഇവർ. എന്നാൽ ഇടക്കാലത്ത് ഇവർക്കിടയിൽ ഉണ്ടായ ഒരു ചെറിയ സൗന്ദര്യപ്പിണക്കം മൂലം ഷീല നസീറിന്റെ കൂടെ അഭിനയിക്കില്ല എന്നൊരു തീരുമാനമെടുത്തു. അങ്ങനെയാണ് അക്കാലത്തെ മാദക സൗന്ദര്യത്തിന്റെ അവസാനവാക്കായ വിജയശ്രീ പ്രേംനസീറിന്റെ നായികയായി രംഗപ്രവേശം ചെയ്യുന്നത്.
വിജയശ്രീയുടെ മാദകസൗന്ദര്യം ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയതോടെ ഇവരുടെ എല്ലാ ചിത്രങ്ങളും വൻവിജയം കൊയ്യാൻ തുടങ്ങി…
നസീർ – വിജയശ്രീ ജോഡിയേയും പ്രേക്ഷകർ രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. എന്നാൽ വിജയശ്രീയുടെ പെട്ടെന്നുള്ള മരണം ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ജയഭാരതി എന്ന നടിക്ക് ഏറെ ഗുണകരമായി. ജയഭാരതി പിന്നീട് പ്രേംനസീറിന്റെ സ്ഥിരം നായികയായി മലയാളത്തിലെ മുൻനിര നായികാ പദവിയിലേക്കുയർന്നു. ജയഭാരതി സൂപ്പർ നായികാപദവിയിലേക്ക് എത്തിയതോടെ കുറെ നിർമ്മാതാക്കൾക്കെങ്കിലും ജയഭാരതിയെ തങ്ങളുടെ ചിത്രങ്ങളിലേക്ക് കിട്ടാതായി.
അവർ മറ്റൊരു നായികയെ കണ്ടെത്തി…….


പ്രശസ്ത ഇന്ദ്രജാലക്കാരനായിരുന്ന പ്രൊഫ:ഭാഗ്യനാഥിന്റെ മകളും ബാലനടിയുമായിരുന്ന വിധുബാല അങ്ങനെ പ്രേംനസീറിന്റെ നായികയായെത്തുന്നു.



പിന്നീട് കുറെ ചിത്രങ്ങളിൽ വിധുബാലയായിരുന്നു പ്രേംനസീറിന്റെ നായിക. അതിലൊന്നാണ് ശശികുമാർ സംവിധാനം ചെയ്ത പ്രവാഹം.
കവിയൂർ പൊന്നമ്മ എന്ന നടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച സിനിമയായിരുന്നു പ്രവാഹം.
സൂര്യ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആർ സോമനാഥൻ നിർമ്മിച്ച ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ശ്രീകുമാരൻ തമ്പി.
ഈ ചിത്രത്തിൽ യേശുദാസും വാണിജയറാമും പാടിയ
‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചൂ
ആൺമൈന വിളിച്ചൂ … വാ വാ വാ
മാളികക്കൂട്ടിലിരുന്നൊരു
മൈന വിളിച്ചൂ
പെൺമൈന വിളിച്ചൂ….’
എന്ന ഗാനം അക്കാലത്തെ സൂപ്പർ ഹിറ്റായിരുന്നു.




ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് അർജുനൻ മാസ്റ്റർ ഈണം നൽകിയ പ്രവാഹത്തിലെ മറ്റു ഗാനങ്ങൾ
‘ ചന്ദനം വളരും ഗംഗ തൻ
കരയിൽ കാഞ്ഞിരമരവും വളരും…… (യേശുദാസ്)
‘സ്‌നേഹത്തിൻ പൊൻ വിളക്കേ …….( യേശുദാസ്)
‘ഇപ്പോഴുമെനിക്കൊരു മയക്കം ……. (എൽ ആർ ഈശ്വരി )
‘സ്‌നേഹഗായികേ നിൻ
സ്വപ്‌ന വേദിയിൽ ഗാനോത്സവമെന്നു തുടങ്ങും…… (യേശുദാസ് )
‘ലൈഫ് ഈസ് വണ്ടർഫുൾ ….
( ജയചന്ദ്രൻ ) എന്നിവയായിരുന്നു……
1975 ഫെബ്രുവരി 7 ന് പ്രദർശനത്തിനെത്തിയ പ്രവാഹം എന്ന ചിത്രത്തിന്റെ 48ാ മതു വാർഷിക ദിനത്തിൽ വാണിയമ്മ ഇല്ലെങ്കിലും കാല പ്രവാഹത്തിൽ ഒലിച്ചു പോകാതെ ആ ആൺമൈനയും പെൺമൈനയും തീർത്ത പ്രണയ പ്രവാഹത്തിന്റെ ദൃശ്യചാരുത ഓർമ്മകളിൽ ഒരു പൂനിലാമഴയായി ഇന്നും പെയ്തിറങ്ങുന്നു ….
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )