ERNAKULAM

ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന്റെ സമരത്തെ തള്ളി സിപിഐ;
പണം കൊടുക്കാൻ കമ്മിറ്റി തീരുമാനം എടുത്തിട്ടില്ല

ഉദയംപേരൂർ: ബില്ല് മാറി കിട്ടാൻ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ സമരത്തെ അപക്വമായ തീരുമാനമായി കണ്ട് തള്ളിക്കളഞ്ഞ് പഞ്ചായത്ത് ഭരണത്തിലെ എൽഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐ. ഇല്ലാത്ത കമ്മറ്റി തീരുമാനം ഉണ്ടെന്ന് സ്ഥാപിച്ച് സമരം നടത്തിയത് കൂടിയാലോചനകൾ ഇല്ലാത്തതിന്റെ കുഴപ്പമായി കണ്ട് എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സിപിഐയുടെ ഉദയംപേരൂർ ഘടകം.
നിലവിലുള്ള പഞ്ചായത്ത് സെക്രട്ടറിയെ പദ്ധതി പൂർത്തീകരണ സമയത്ത് മാറ്റുന്നത് പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനത്തെ സാരമായി ബാധിക്കും എന്നതിനാൽ സെക്രട്ടറിയെ മാറ്റണമെന്ന പ്രസിഡന്റ് ഉൾപ്പെടെയുള്ള ചിലരുടെ ആവശ്യത്തിനും അനുകൂലമായി നിൽക്കാൻ സിപിഐക്ക് ആകില്ല എന്നാണ് സിപിഐയുടെ ഉന്നത നേതാക്കൾ വഴി അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിഷയങ്ങളൊന്നും തന്നെയും തങ്ങളുടെ അറിവോടെയല്ല എന്നതാണ് സിപിഐയുടെ നേതാക്കന്മാരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ആരെങ്കിലും ഏകപക്ഷീയമായി എടുക്കുന്ന തീരുമാനം ഭരണസമിതിയുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെടുന്നത് ഒഴിവാക്കണമെന്നാണ് സിപിഐയുടെ പാർലമെന്ററി പാർട്ടിയിൽ യോഗത്തിൽ ഉയർത്തിയ ആവശ്യം എന്നാണ് അറിയാൻ കഴിഞ്ഞത്.
നിലവിൽ പഞ്ചായത്ത് കമ്മിറ്റിയിലെ കക്ഷിനില സിപിഎമ്മിന് ഒമ്പതും സിപിഐക്ക് മൂന്നും ഒരു സ്വതന്ത്രനും ഏഴ് യുഡിഎഫ് അംഗങ്ങളും എന്നതാണ് അതുകൊണ്ടുതന്നെ 20 അംഗങ്ങൾ ഉള്ള പഞ്ചായത്ത് കമ്മിറ്റിയിൽ അജണ്ട പാസാക്കുവാൻ സിപിഐയുടെ പിന്തുണ അത്യാവശ്യമാണ്.
അതേസമയം മൂന്നാം വാർഡിലെ മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റി വിറ്റ വിഷയത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്നതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെയും ആരോപണ വിധേയനായ വാർഡ് മെമ്പറുടെയും നീക്കത്തിന്റെ ഭാഗമാണ് പുതിയ സംഭവങ്ങളെന്ന് യുഡിഎഫിന്റെ കക്ഷി നേതാവ് എംപി ഷൈമോൻ പ്രതികരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *