GURUSAGARAM KERALA Main Banner SPECIAL STORY WORLD

ശ്രീ നാരായണഗുരു പ്രതിഷ്ഠയും ആശ്രമവും വാഷിംഗ്ടണിൽ

വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരിആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയും അനുബന്ധചടങ്ങുകളും 2023 മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. ആത്മോപദേശശതകവും ദർശനമാലയും ദൈവദശകവും ഉൾപെടെ 60ഓളം ദാർശനിക കൃതികൾ മനുഷ്യരാശിക്ക് സമ്മാനിച്ച മഹാഗുരുവിന്റെ വിശ്വമാനവിക സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും ഗുരുദേവകൃതികളുടെ ആഴത്തിലുളള പഠനത്തിനും ഉൾപെടെ ഗുരുവിനെ അറിയുന്നതിനും അനുഭവിക്കുന്നതിനും ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുക എന്ന ഉദാത്തമായ ലക്ഷ്യമാണ് ആശ്രമസ്ഥാപകരുടെ സങ്കല്പത്തിലുളളതെന്നും അവയുടെ സാക്ഷാത്ക്കാരത്തിനായുളള യജ്ഞമാണ് ആശ്രമസമർപ്പണത്തിലൂടെ ആരംഭിക്കുന്നതെന്നും ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ (സന) ജനറൽ സെക്രട്ടറി മിനിഅനിരുദ്ധൻ പറഞ്ഞു.

ലോകത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന വാഷിംഗ്ടൺഡിസിക്ക് അടുത്തായി ഒന്നേകാൽ ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ആശ്രമമന്ദിരത്തിൽ വിശാലമായ ധ്യാനമണ്ഡപം, പ്രാർത്ഥനാഹാൾ, ലൈബ്രററി, അടുക്കള, അതിഥിമുറികൾ എന്നിവ സജ്ജീകരിക്കുന്നുണ്ട്. എല്ലാ അർത്ഥത്തിലും സ്വച്ഛന്ദമായ ആശ്രമാന്തരീക്ഷം ഒരുക്കുവാനുളള ശ്രമത്തിലാണ് സംഘാടകർ. ഗുരുദേവദർശനത്തോടൊപ്പം ഭാരതത്തിന്റെ പൈതൃകസമ്പത്തായ യോഗ, മെഡിറ്റേഷൻ എന്നിവ പരിചയപ്പെടുന്നതിനുളള വിപുലമായ സംവിധാനവും ആശ്രമത്തിലുണ്ടായിരിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുളള ഗുരുദേവഭക്തർ ഒരേമനസ്സോടെ ഒത്തുചേരുന്ന സമർപ്പണചടങ്ങുകളിൽ വിശ്വശാന്തിപൂജ, ദേവീപൂജ, ഹോമം, കലശപൂജ, ഗുരുപൂജ, സമൂഹപ്രാർത്ഥന, നാരായണഗുരുദേവകൃതികളുടെ ആലാപനം തുടർന്ന് ആദ്ധ്യാത്മിക സാമൂഹ്യ സാംസ്‌കാരിക രംഗത്ത് പ്രവത്തിക്കുന്ന പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സന യുടെ പ്രസിഡന്റ് ഡോ: ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനിഅനിരുദ്ധൻ എന്നിവർ അറിയിച്ചു.

ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ശിവഗിരി സമാധിയിൽ പൂജക്ക് ശേഷം സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ ചേർന്ന് വാഷിംഗ്ടണിലേക്ക് കൊണ്ടുപോകുന്നതിലേക്കായി ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക പ്രവർത്തകൾക്ക് കൈമാറുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *