റോഡ് ക്രോസ് ചെയ്യവേ കാൽവഴുതി കെ.എസ്.ആർ.ടി.സി. ബസിനടിയിലേക്ക് വീണു, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ചിങ്ങവനം: റോഡ് മുറിച്ചു കടക്കവേ കെ. എസ്. ആർ. ടി. സി. ബസിനടിയിൽ പെട്ട് പെൺകുട്ടി തലനാരിഴയ്ക്ക് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കുറിച്ചി സച്ചിവോത്തമപുരം കേശവീയം വീട്ടിൽഅജിത് കുമാറിന്റെ ഭാര്യ അമ്പിളിയാണ് റോഡ് മുറിച്ചു കടക്കാവേ കാൽ വഴുതി ബസിനടിയിലേക്ക് വീണത്. ബിസിനടിയിൽ ചക്രത്തിനിടയിൽ കുടുങ്ങിയ അമ്പിളിയുടെ മുടി മുറിച്ചാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകിട്ട് 5.30 ന് ചിങ്ങവനം പുത്തൻ പാലത്തിനടുത്തു വച്ചായിരുന്നു സംഭവം.
ഇളകുന്നം മലങ്കാവ് സ്‌കൂൾ ബസ്സിലെ ആയയാണ് അമ്പിളി. സ്‌കൂൾ ബസിലെ കുട്ടികളെ ഇറക്കി റോഡ് മുറിച്ചു കടത്തിവിട്ട ശേഷം തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. അടൂർ നിന്നും കോതമംഗലത്തേയ്ക്ക് പോകുകയായിരുന്ന ബസിനടിയിലേക്കാണ് അമ്പിളി വീണത്. ബസ് ഡ്രൈവർ ബസ് വെട്ടിച്ചു നിർത്തിയതിനാൽ തലയിലൂടെ ബസ് കറിയിറങ്ങിയില്ല. നാട്ടുകാർ ഓടിക്കൂടിയാണ് ടയറിനടിയിലുള്ള അമ്പിളിയുടെ മുടി മുറിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.