ഗാന്ധിക്ക് പിന്നിൽ ചുവടുവച്ച ഗാന്ധി

നെല്ലിയോട്ട് ബഷീർ,
രാഷ്ട്രീയ നിരീക്ഷകൻ
2022 സെപ്റ്റമ്പർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30 ന് കാശ്മീർ താഴ് വരയിലെ ശ്രീനഗറിൽ അവസാനിക്കുകയാണ്.12 സംസ്ഥാനങ്ങളെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളെയും തഴുകിക്കൊണ്ട് 136 ദിവസങ്ങളിലായി 4080 കിലോമീറ്റർ പിന്നിട്ട യാത്രയുടെ ഉദ്ഘാടന ഘട്ടത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും കാശ്മീർ യാത്രയിൽ മുൻ മുഖ്യന്ത്രി ഫാറൂഖ് അബ്ദുള്ളയുടെയും സാന്നിധ്യം ശ്രദ്ധേയമാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനും കോൺഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചു കൊണ്ടു വരാനും ഇത്തരമൊരു ദേശീയയാത്ര മുന്നോട്ടു വച്ചതും ശ്രീമാൻ രാഹുൽ ഗാന്ധി തന്നെയായിരുന്നു. ‘പപ്പു’ എന്ന് കളിയാക്കി വിളിച്ചവരോടുള്ള മറുപടി കൂടിയായിരുന്നു ഈ യാത്ര.

ഭാരത് ജോഡോ യാത്ര ‘നടന്നിരിക്കുന്നു’. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് യാത്ര പൂർത്തീകരിച്ചിരിക്കുന്നത്. മുട്ടുകാലിലെ സാരമായ വേദന യാത്രയിൽ അദ്ദേഹത്തെ അലട്ടിയിരുന്നു. പദയാത്രക്കു പകരം വാഹന യാത്രയാക്കാമെന്നു എഐസിസി നിർദ്ദേശിച്ചെങ്കിലും പദയാത്രക്കു മാത്രമേ താൻ തയ്യാറുള്ളു എന്ന നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകുകയായിരുന്നു രാഹുൽ. ഒരു ദിവസം ശരാശരി 24 കിലോമീറ്റർ നടന്നായിരുന്നു ഈ തപസ്യയിലേക്ക് കാലെടുത്തു വച്ചത്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും അത് കണ്ടെത്തുകയാണ് തന്റെ ശ്രമമെന്നും പറഞ്ഞ ബാപ്പുജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 നാണ് യാത്ര പൂർത്തീകരിക്കുന്നത്. ഇത്തരമൊരു വിശേഷ ദിനാചരണത്തിൽ യാത്ര പൂർത്തീകരിക്കാൻ സാധിച്ചു എന്നത് ഏറെ ചരിത്ര പ്രധാന്യമായി മാറുന്നു.1947 ആഗസ്ത് 15ന് ഇന്ത്യ പ്രഥമ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ മുറിവേറ്റ ഇന്ത്യയുടെ ദീനരോധനം കേൾക്കാനും അവരെ സമാധാനിപ്പിക്കാനും നവഖാലിയിലൂടെ യാത്ര ചെയ്യുകയായിരുന്നു ഗാന്ധിജി.ഭിന്നിപ്പുകളാൽ കീറിമുറിക്കപ്പെട്ട ജനഹൃദയങ്ങളെ കൂട്ടിച്ചേർക്കാനുള്ള ദൗത്യമായാണ് ജോഡോ യാത്രയെ രാഹുൽ ഗാന്ധി കണ്ടത്.അന്ന് ഗാന്ധിജി ‘ക്വിറ്റ് ഇന്ത്യ’ എന്നാണ് മുദാവാക്യം മുഴക്കിയിരുന്നതെങ്കിൽ ഇന്ന് ശ്രീമാൻ ഗാന്ധി ‘ഭാരത് ജോഡോ’ എന്ന് എന്ന മുദാവാക്യം മുമ്പോട്ട് വെച്ചിരിക്കുന്നു. തന്റെ ദേശീയ യാത്രയിലൊക്കെ ദലിദരെയും സാധാരണക്കാരെയും ചേർത്തു പിടിക്കാനായിരുന്നു ഗാന്ധിജിയുടെ ശ്രമം.തന്റെ അടുത്തേക്ക് ആർക്കും നടന്നടുക്കാവുന്നതും സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാവുന്ന തരത്തിലേക്ക് തന്നെ റീമോൾഡ് ചെയ്യുന്ന രീതിലുമായിരുന്നു രാഹുൽ യാത്രയെ ഡിസൈൻ ചെയ്തിരുന്നത്. അത് തന്നെയായിരുന്നു യാത്രയുടെ വിജയവും.തന്റെ ആരോഗ്യമോ കാലാവസ്ഥയോ സുരക്ഷാ നിർദ്ദേശങ്ങളോ വകവെക്കാതെ കോരിച്ചൊരിയുന്ന മഴയത്തു പോലും അദ്ദേഹം പതിനായിരങ്ങളെ അഭിസംബോധന ചെയ്തു.ഉത്തരേന്ത്യയിലെ കൊടും തണുപ്പിൽ ഒരു സ്വറ്റർ പോലും ഉപയോഗിക്കാതെ കാശ്മീരിലെ അതികഠിനമായ തണുപ്പിൽ വെള്ളത്തുള്ളികളെ പ്രതിരോധിക്കാൻ മാത്രമായി റെയിൻകോട്ട് ധരിച്ചു കൊണ്ടായിരുന്നു യാത്ര ചെയ്തിരുന്നത് എന്ന് കാണാം.

വിവിധ മേഖലകളിലെ വ്യക്തികളുമായി സംവദിക്കുമ്പോൾ അവരുടെ ആശങ്കകളെ ദുരീകരിക്കാനും നിർഭയരായിരിക്കാനും ആവശ്യപ്പെടുന്നു. ധൈര്യത്തോടെയും കരുത്തോടെയും അഹിംസയെ മുറുകെ പിടിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു.ഓരോ സംസ്ഥാനത്തിലെയും ദുർബല വിഭാഗത്തെ വിളിച്ചു ചേർക്കാനും അവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ചോദിച്ചു മനസ്സിലാക്കാനും യാത്രയിൽ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. കുടിലും കൊട്ടാരവും തുല്യമാണെന്നും, പാവപ്പെട്ടവരെയാണ് പ്രാഥമിക പരിഗണനക്ക് അർഹമാക്കേണ്ടത് എന്നും അദ്ദേഹത്തിന്റെ പ്രവർത്തിലൂടെ നമുക്ക് സന്ദേശം നൽകുന്നു.

ഭാരതത്തിൽ ഒരു പ്രതിപക്ഷ ഐക്യനിര കെട്ടുപ്പടുക്കാനും യാത്ര ഒരു പരിധി വരെ സഹായകരമായിരുന്നു. ഡിഎംകെ, എൻസിപി, ശിവസേന, ആർഎൽഡി, ബിഎസ്പി, എസ്പി,മുസ്ലീം ലീഗ്, നാഷണൽ കോൺഫറൻസ്, പിഡിപി, കേരള കോൺഗ്രസ്, വിസികെ, മക്കൾ നീതി മയ്യം,എംഡിഎംകെ, തുടങ്ങിയ കക്ഷികൾ ഇതേ വരെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എന്നതും ശ്രദ്ധേയമാണ്. മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാംരാജൻ, ചലച്ചിത്ര താരം കമലഹാസൻ, സാമൂഹിക പ്രവർത്തക മേധാ പട്കർ, നടിയും എഴുത്തുകാരിയുമായ സ്വര ഭാസ്‌കർ, മുതിർന്ന അഭിഭാഷൻ പ്രശാന്ത് ഭൂഷൺ, നാവികാസേനാ മുൻ മേധാവി അഡ്മിറൽ എൽ രാംദാസ്, സിനിമാതാരം പൂജാഭട്ട് തുടങ്ങി നിരവധി പേരുടെ യാത്രാ പങ്കാളിത്തം ഭാരത് ജോഡോ യാത്രയുടെ രാഷ്ട്രീയത്തിനപ്പുറമായി കാണാവുന്നതാണ്.

യാത്രയിലുടനീളം നിറസാന്നിധ്യമായി മലയാളിപ്പടയേയും കാണാവുന്നതാണ്. ചാണ്ടി ഉമ്മൻ, അനിൽ ബോസ്, എം എ സലാം, നബീൽ കല്ലമ്പലം, അനീഷ് സുകുമാരൻ, ബിജേഷ് വണ്ടൂർ, ഫാത്തിമ ഇബ്രാഹീം, കെ ടി ബെന്നി, മഞ്ജുക്കുട്ടൻ, ഗീതാകൃഷ്ണൻ, ഷീബാ രാമചന്ദ്രൻ തുടങ്ങിയവർ ത്രിവർണ സ്‌നേഹികളാണെന്ന് തെളിയിച്ചിരിക്കുന്നു.നേതൃനിരയിലെ വിഡിഎസ്, ജെബി മേത്തർ, ഷാനി, വിഷ്ണുനാഥ്, റോജി, തുടങ്ങിയവരുടെ സാന്നിധ്യം കേരളത്തിനു പുറത്തും കണ്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. ബൈജു, ഷഹീൻ,ബേസിൽ രാജ് എന്നിവരുടെ റോളും ശ്രദ്ധിക്കപ്പെട്ടു.

തുടക്കത്തിൽ ഭാരത് ജോഡോ യാത്രയെ പരിഹസിക്കുകയും തള്ളിക്കയുകയും ചെയ്ത ബി ജെ പി നേതൃത്വം, കോവിഡ് മാനദണ്ഡത്തിന്റെ പേരു പറഞ്ഞും സുരക്ഷാകാരണങ്ങൾ പറഞ്ഞും യാത്ര തടസ്സപ്പെടുത്താൻ ശ്രമിച്ചത് അവർക്കുണ്ടായ ആശങ്കയാണെന്ന് തിരിച്ചറിയാവുന്നതാണ്. യാത്രയുടെ സമാപന വേദി പ്രതിപക്ഷ ഐക്യനിരയുടെ കൊടിയേറുമെന്ന് പ്രതീക്ഷിക്കാമെങ്കിലും പ്രബല കക്ഷികളായ തൃണമുൽ കോൺഗ്രസ്, ജെഡിഎസ്, ജെഡിയു, സി പി എം എന്നിവർ വിട്ടുനിൽക്കുന്നത് തിരിച്ചടിയായി നിലനിൽക്കുന്നു.സംസ്ഥാന ഘടകങ്ങളിലെ വിയോജിപ്പാണ് അതിന് കാരണം എന്നും കാണാവുന്നതാണ്.

ലോകസഭാ തെരഞ്ഞെടുപ്പിന് 15 മാസം മാത്രം ബാക്കിയിരിക്കെ താഴെ തട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജം പകരാൻ ഭാരത് ജോഡോ യാത്ര പ്രചോദനം നൽകി എന്ന് ആശ്വസിക്കാം. കുടുംബാധിപത്യത്തിലൂടെ നേതൃപദവിലെത്തി എന്ന അപഖ്യാതി ഒരു പരിധി വരെ ഇല്ലാതാക്കാനും കോൺഗ്രസ് പാർലിമെന്ററി നേതൃസ്ഥാനത്തേക്ക് ഒരു നേതാവിനെ കണ്ടെത്താനും യാത്ര ഉപകരിച്ചു എന്നും എഴുതിച്ചേർക്കാവുന്നതാണ്. ആർക്കും സമീപിക്കാവുന്ന നേത്യത്വഗുണം കൈവന്നിരിക്കുന്നു ശ്രീമാൻ രാഹുൽ ഗാന്ധിക്ക് എന്ന് ഉറപ്പിച്ചു പറയാം.പ്രതിപക്ഷ ഐക്യനിരയെ വേണ്ടുംവിധം കടഞ്ഞെടുത്ത് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയരാൻ ഈ തപസ്സ് ഉപയോഗപ്രദമാകട്ടെ എന്ന് ആശംസിക്കുകയും രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയൻ മൂല്യങ്ങൾക്കൊപ്പം സഞ്ചരിക്കാൻ നമുക്കേവർക്കും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
