സുഗതവനവും സ്‌നേഹധാരയുമായി മലയിൻകീഴ് ഗ്രാമപഞ്ചായത്ത്

ജിജു മലയിൻകീഴ്
തിരുവനന്തപുരം: ഗ്രാമീണ റോഡ് നവീകരണം, സൗജന്യ ഭവന പദ്ധതി, വൈദ്യുതീകരണം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി കോഴി വളർത്തൽ, ആടുവളർത്തൽ, തയ്യൽ മെഷീൻ വാങ്ങാൻ ധനസഹായം തുടങ്ങിയ പതിവ് പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം വേറിട്ട ചിന്തയുമായി പ്രവർത്തന മേഖല വിപുലപ്പെടുത്തുവാൻ പുതിയ പ്രോജക്ടുകൾക്ക് രൂപം നൽകുകയാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. തലസ്ഥാന ജില്ലയുടെ പ്രധാന പഞ്ചായത്തുകളിൽ ഒന്നായ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സന്നദ്ധ സേവന പ്രവർത്തനവും പ്രകൃതി സംരക്ഷണവും പഞ്ചായത്തിന്റെ തനത് പ്രോജക്ടിൽ ഉൾപ്പെടുത്തിക്കൊണ്ട് കേരളക്കരയ്ക്ക് തന്നെ മാതൃകയാവുകയാണ്.

പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് ഗവൺമെൻറ് പ്രഖ്യാപിച്ച സ്മാരകം യാഥാർത്ഥ്യമാകാതെ നീണ്ടുപോകുമ്പോൾ സുഗതകുമാരി സ്മരണ ഉയർത്തിക്കൊണ്ടാണ് നാടിനെ പച്ചപിടിപ്പിക്കുവാൻ സുഗതവനം എന്ന പേരിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ വനവൽക്കരണത്തിന്റെ ഭാഗമായി 25000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത് മലയിൻകീഴ് ആനപ്പാറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മിയാവാക്കി വനവൽക്കരണം നടപ്പിലാക്കിക്കൊണ്ടാണ്. പഞ്ചായത്തിലെ ഗവൺമെൻറ് ഓഫീസുകളുടെ സഹകരണമുണ്ടായാൽ ഓഫീസ് പരിസരത്ത് മിയാവാക്കി വനവത്കരണം നടപ്പിലാക്കാനാണ് പഞ്ചായത്ത് ഭരണസമിതി ഉദ്ദേശിക്കുന്നത്. ഏകദേശം 800 ഓളം വൃക്ഷത്തൈകളാണ് സുഗതവനത്തിന്റെ ആദ്യപടിയുടെ ഭാഗമായി മലയിൻകീഴ് സ്‌കൂൾ അങ്കണത്തിൽ നടുന്നത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓരോ മാസവും പ്രകൃതി സംരക്ഷണ ദിനം ആചരിക്കുകയും അതോടൊപ്പം ഓരോ മരം വെച്ചുപിടിപ്പിക്കുകയും ചെയ്യുക എന്നത് ഈ പദ്ധതിയുടെ ഭാഗമാണ്. വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക മാത്രമല്ല ഇതിന്റെ പരിപാലനം ഉറപ്പുവരുത്തുവാനായി ഓഡിറ്റിംഗ് നടത്തുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ എൽ പി സ്‌കൂളിലെ കുട്ടികളുടെ ജന്മദിനത്തിൽ ഓരോ മരം നട്ടുകൊണ്ട് കുട്ടികളുടെ ഇടയിൽ വനവൽക്കരണത്തിനും അതിന്റെ പരിപാലനത്തിനുമുള്ള സ്വാധീനം വളർത്തിയെടുക്കുക എന്ന ലക്ഷ്യവും പഞ്ചായത്ത് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നു.
തലസ്ഥാന ജില്ലയുടെ ഒരു പഞ്ചായത്ത് സന്നദ്ധ സേവനത്തിന് പ്രോജക്ട് തയ്യാറാക്കുന്നത് ഇത് ആദ്യമാണ്. ഒരുപക്ഷേ കേരളത്തിൽ തന്നെ ഇതാദ്യമായിരിക്കും സ്‌നേഹധാര എന്ന പേരിൽ നടപ്പിലാക്കുന്ന ഈ പദ്ധതി. ഇതിന്റെ കീഴിൽ 18 വയസ്സ് പൂർത്തിയാക്കിയ ലഹരിവിരുദ്ധ വോളന്റിയർ ആയി സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്ന സന്നദ്ധ പ്രവർത്തകരായ യുവതി യുവാക്കളെ ഉൾപ്പെടുത്തിയാണ് സ്‌നേഹധാര എന്ന പേരിൽ രക്തദാന ഗ്രൂപ്പ് രൂപീകരിക്കുന്നത്. ആശുപത്രി വരാന്തകളിൽ നമ്മുടെ സഹോദരങ്ങളും ഉറ്റവരും ജീവൻ നിലനിർത്തുവാൻ വേണ്ടി രക്തം തേടി അലയേണ്ട സാഹചര്യം ഉണ്ടാകുവാൻ പാടില്ല എന്ന സന്ദേശം നൽകിക്കൊണ്ട് ഒരു കൂട്ടം മനുഷ്യസ്‌നേഹികളെ വാർത്തെടുക്കുകയാണ് മലയിൻകീഴ് ഗ്രാമ പഞ്ചായത്ത്. സ്‌നേഹധാര പദ്ധതി സജീവമായി പ്രവർത്തിക്കുന്നതിലൂടെ ലഹരിയുടെ വലയത്തിൽ പെടാതെ സേവന സന്നദ്ധരായ ഒരു കൂട്ടം യുവതലമുറയെ വാർത്തെടുക്കുവാൻ കഴിയും എന്ന ഉദ്ദേശ്യത്തോടെയാണ് പഞ്ചായത്തിന്റെ പ്രവർത്തനം. കാലങ്ങൾക്കനുസരിച്ച് മാറി മാറി വരുന്ന ഭരണ നേതൃത്വങ്ങൾ ഇത്തരം നല്ല പ്രോജക്ടുകൾ തുടർന്ന് കൊണ്ട് പോകും എന്നു തന്നെയാണ് മലയിൻകീഴുകാരുടെ പ്രതീക്ഷ.
ഈ പദ്ധതികളുടെ ഉദ്ഘാടനം 27ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മലയിൻകീഴ് ആനപ്പാറ വി.എച്ച്.എസ്. സ്‌കൂൾ അങ്കണത്തിൽ വച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും. എം എൽ എ ഐ ബി സതീഷ് അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുക്കും.
