INDIA KERALA Second Banner TOP NEWS

ബിബിസി ഡോക്യുമെന്ററിക്കെതിരെ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി

ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കം

തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണി രംഗത്ത്. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്‌വഴക്കമാണെന്ന് അനിൽ ആന്റണി ട്വീറ്റ് ചെയ്തു.

”ബിജെപിയോട് വലിയ അഭിപ്രായ വ്യത്യാസമുണ്ട്, എന്നിരുന്നാലും ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്‌വക്കമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല, നമ്മുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കാരണം ഒട്ടേറെ മുൻവിധികളുടെ വലിയ ചരിത്രമുള്ള ബ്രിട്ടൻ പിന്തുണക്കുന്ന ഒരു ചാനലാണ് ബിബിസി. മാത്രവുമല്ല, ഇറാഖ് യുദ്ധത്തിന് പുറകിലെ തലച്ചോറായിരുന്നു ജാക്ക് സ്‌ട്രോ”.

അതേസമയം, ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും വ്യക്തമാക്കി കഴിഞ്ഞു. മോദി സർക്കാർ വിലക്കേർപ്പെടുത്തിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും പറഞ്ഞു.
ചരിത്ര യാഥാർത്ഥ്യങ്ങൾ സംഘ്പരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റു കൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓർമ്മപ്പെടുത്തലുകൾ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ഇന്നും നാളെയുമായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുമെന്നാണ് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം കേരളത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള നീക്കം തടയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്റി കേരളത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെട്ടു.
ഡോക്യുമെന്ററി ഡൽഹി ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് ഇടത് സംഘടനകളും അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിൽ പ്രദർശനം നടക്കുകയുണ്ടായി. ഇതിനെതിരെ എബിവിപി പരാതി നൽകിയിട്ടുണ്ട്.
അതേ സമയം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്ത ഡോക്യുമെന്ററി ഇന്റർനെറ്റ് ആർക്കൈവിൽ നിന്നും ഒഴിവാക്കി. പല കാരണങ്ങൾ കൊണ്ടാണ് നീക്കിയതെന്നാണ് വിശദീകരണം. ഇതിനിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് പുറത്തിറക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *