FILM BIRIYANI KERALA Main Banner SPECIAL STORY

പത്മരാജനില്ലാത്ത 32 വർഷങ്ങൾ

മലയാള സിനിമയുടെ ഗന്ധർവ്വൻ

സതീഷ് കുമാർ വിശാഖപട്ടണം

തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു പഴയ കഥയുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. ‘ഞാൻ ഗന്ധർവൻ ‘ എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം തിരഞ്ഞു കൊണ്ടിരിക്കേ ഒരു സുഹൃത്തിനെ കാണാൻ തൃശ്ശൂരിലെ പോലീസ് അക്കാദമിയിൽ എത്തിയപ്പോഴാണ് ഈ പാലമരം യാദൃശ്ചികമായി പത്മരാജന്റെ ദൃഷ്ടിയിൽപ്പെടുന്നത്. ഗന്ധർവ്വന്റെ വാസസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പാലമരം അപ്പോൾ പൂക്കുന്ന കാലമായിരുന്നില്ല ……ആ പ്രശ്‌നം പരിഹരിച്ചത് കലാസംവിധായകനാണ് .
തെർമോക്കോളിൽ തീർത്ത കൃത്രിമ പാലപ്പൂക്കളാൽ പോലീസ് ഗ്രൗണ്ടിൽ ഒരു പാലപ്പൂവസന്തം തന്നെ തീർത്തു കൊണ്ടാണ് ഗന്ധർവ്വനെ പത്മരാജൻ സെല്ലുലോയിഡിലേക്ക് ആവാഹിച്ചെടുത്തത്.
ഗന്ധർവ്വനിൽ തകർത്തഭിനയിച്ചതിന്റെ രാജകീയ പ്രൗഢിയോടെ പത്മരാജന്റെ മാന്ത്രികസിദ്ധികളുടെ ഓർമ്മച്ചെപ്പുകളുമായി ആ പാലമരം ഇന്നും പോലീസ് അക്കാദമി ഗ്രൗണ്ടിൽ ധന്യമായി നിലകൊള്ളുന്നു……
‘കുങ്കുമം ‘ വാരികയിൽ പ്രസിദ്ധീകരിച്ച പത്മരാജന്റെ ‘ നക്ഷത്രങ്ങളേ കാവൽ ‘എന്ന നോവലിലൂടെയാണ് പത്മരാജനിലെ എഴുത്തുകാരൻ മലയാള സാഹിത്യ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ‘ ‘നക്ഷത്രങ്ങളേ കാവൽ ‘ എന്ന ആ പേരിന്റെ മാധുര്യം തന്നെ അന്ന് സാഹിത്യ രംഗത്ത് ചർച്ചാവിഷയമായിരുന്നു. കുറച്ചുകാലത്തിനുശേഷം മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച ‘ഉദകപ്പോള’യായിരുന്നു ഈ ലേഖകൻ വായിക്കുന്ന പത്മരാജന്റെ ആദ്യനോവൽ. (തൂവാനത്തുമ്പികൾ എന്ന പത്മരാജന്റെ എവർഗ്രീൻ ക്ലാസിക് ചിത്രം ഈ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് )


എഴുപതുകളുടെ മദ്ധ്യത്തോടെയായിരുന്നു പത്മരാജന്റെ കഥകൾക്ക് ചലച്ചിത്രഭാഷ്യങ്ങൾ കൈവരുന്നത്. കേൾക്കുന്ന മാത്രയിൽ തന്നെ മനസ്സിൽ കാല്പനികതയുടെ പരിമളം പരത്തുന്ന പേരുകളായിരുന്നു പത്മരാജൻ കഥകളുടേയും ചിത്രങ്ങളുടെ പ്രത്യേകത. സത്രത്തിൽ ഒരു രാത്രി, രതിനിർവ്വേദം, പറന്ന് പറന്ന് പറന്ന്, കരിയിലക്കാറ്റു പോല, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, അരപ്പട്ട കെട്ടിയ ഗ്രാമം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, മൂന്നാംപക്കം, തിങ്കളാഴ്ച നല്ല ദിവസം, ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ കാവ്യ സങ്കൽപ്പങ്ങളുടെ സുഗന്ധമുള്ള ആ ചലച്ചിത്രങ്ങളെല്ലാം മലയാള സിനിമയുടെ നവചക്രവാളങ്ങളിൽ മഴവില്ലഴക് ചാർത്തിയവയായിരുന്നു.


പത്മരാജന്റെ ഓരോ സിനിമയും വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷകരെ എക്കാലത്തും വിസ്മയിപ്പിച്ചിരുന്നുവെന്ന് മാത്രമല്ല അവയെല്ലാം മലയാള ചലച്ചിത്ര ഭൂമികയിലെ നാഴികക്കല്ലുകളായി മാറി..ഈ ഭൂമിക്ക് സ്വർഗ്ഗത്തേക്കാൾ സൗന്ദര്യമുണ്ടെന്ന് അറിയുന്നത് തന്നെ ‘ ഞാൻ ഗന്ധർവൻ ‘എന്ന ചിത്രത്തിനുവേണ്ടി പത്മരാജൻ എഴുതിയ മനോഹരമായ സംഭാഷണങ്ങളിൽ നിന്നാണ്.


പത്മരാജന്റെ മാസ്മരിക ചിത്രങ്ങളെ പോലെ തന്നെ മനോഹരങ്ങളായിരുന്നു ആ ചിത്രങ്ങളിലെ ഗാനങ്ങളും ….
‘കാലം കുഞ്ഞു മനസ്സിൽ ചായം കൂട്ടി ….. (ചിത്രം രതിനിർവേദം – രചന കാവാലം – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ , കാർത്തികേയൻ)
‘ പ്രഭാതശീവേലി തൊഴുതു മടങ്ങുമ്പോൾ പ്രസാദം കരുതിയതാർക്കുവേണ്ടി …..
(ചിത്രം സത്രത്തിൽ ഒരു രാത്രി – രചന യൂസഫലി _ സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)
‘ഉണരുമീ ഗാനം …… ചിത്രം മൂന്നാംപക്കം – രചന ശ്രീകുമാരൻ തമ്പി – സംഗീതം ഇളയരാജ – ആലാപനം വേണുഗോപാൽ ) ‘ആകാശമാകെ കണിമലർ ….. പവിഴം പോൽ ….. (രണ്ടു ഗാനങ്ങളും യേശുദാസ് പാടിയത് , രചന
ഒ എൻ വി – സംഗീതം ജോൺസൺ – ചിത്രം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ )
‘ വാനമ്പാടി ഏതോ തീരങ്ങൾ തേടും …… (ചിത്രം ദേശാടനക്കിളി കരയാറില്ല – രചന ഒ എൻ വി – സംഗീതം രവീന്ദ്രൻ – ആലാപനം യേശുദാസ് )
‘ ഒന്നാംരാഗം പാടി
ഒന്നിനെ മാത്രം തേടി ….. (ആലാപനം വേണുഗോപാൽ, ചിത്ര)
‘ മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി ( യേശുദാസ് , ചിത്രം തൂവാനത്തുമ്പികൾ – രചന ശ്രീകുമാരൻ തമ്പി – സംഗീതം പെരുമ്പാവൂർ രവീന്ദ്രനാഥ് ) ‘ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം ….. (യേശുദാസ്)
‘പാലപ്പൂവേ നിൻ തിരുമംഗല്യത്താലി തരൂ ….. (ചിത്ര )
‘ദേവി ആത്മരാഗമേകാൻ…. (യേശുദാസ്) ചിത്രം ഞാൻ ഗന്ധർവ്വൻ – രചന കൈതപ്രം – സംഗീതം ജോൺസൺ) എന്നിങ്ങനെ പത്മരാജൻ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം നൊമ്പരത്തിപൂവുകളായി ഇടക്കിടെ മസസ്സിലേക്ക് ഓടിയെത്താറുണ്ട്. 1991 ജനുവരി 24…. കലാകേരളം ആ വാർത്തകേട്ട് പൊട്ടി പൊട്ടിക്കരഞ്ഞു… രംഗബോധമില്ലാത്ത കോമാളിയെ പോലെയെത്തിയ മരണം ഗന്ധർവ്വനേയും കൊണ്ട് യാത്രയായി…
‘ ദേവാങ്കണങ്ങൾ തിരികെയെടുത്ത താരകം …..’
( സതീഷ് കുമാർ വിശാഖപട്ടണം 9030758774 )

Related Posts

Leave a Reply

Your email address will not be published. Required fields are marked *