കാൽവരി മൗണ്ട് ടൂറിസം ഫെസ്റ്റിന് തുടക്കമായി;
ഫെസ്റ്റിൽ പൊറാട്ടയടിച്ച് മന്ത്രി

ഏബിൾ. സി. അലക്‌സ്
ഇടുക്കി : ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും, കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 21 മുതൽ 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിനും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനും തുടക്കമായി.
കാൽവരി ഫെസ്റ്റ് മേളാനഗരിയിലെ ഫുഡ്കോർട്ടിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വീശി പൊറോട്ടയടിച്ചത് കാഴ്ചക്കാർക്ക് കൗതുകകാഴ്ചയായി.കാൽവരി ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ പ്രദർശന വിപണന സ്റ്റാളുകൾ സന്ദർശിക്കുന്നതിനിടെയാണ് തലശ്ശേരിക്കാരുടെ ഫുഡ്കോർട്ടിൽ പൊറോട്ടയടിക്കുന്നവരെ മന്ത്രി കണ്ടത്. പൊറോട്ട അടിക്കാൻ വലിയ ഇഷ്ടമുള്ള മന്ത്രി
ഉടനേ ഫുഡ് കോർട്ടിലെ അടുക്കളയിലെത്തി തന്റെ താൽപര്യം അറിയിച്ചതോടെ പാചകക്കാർക്കും കൗതുകമായി. പൊറോട്ടയ്ക്ക് കുഴച്ചുവെച്ച മാവ് എടുത്തു മന്ത്രി വീശിയടിച്ചപ്പോൾ കാഴ്ചക്കാരും ഏറെയെത്തി. ഫെസ്റ്റിനെത്തിയ വിദേശികൾ അടക്കം കൈയടിച്ചു മന്ത്രിയെ പ്രോത്സാഹിപ്പിച്ചു.
വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളൊരുക്കിയ ഫുഡ്‌കോർട്ട്, ചെറുകിട വ്യവസായ സംരഭക വിപണന സ്റ്റാളുകൾ, സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ തുടങ്ങിയ അറുപതോളം സ്റ്റാളുകളാണ് മേള നഗരിയിൽ ക്രമീകരിച്ചിരിക്കുന്നത്.
പരിപാടിയിൽ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ വിനേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെജി സത്യൻ , കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോണി ചൊള്ളാമഠം, ചിഞ്ചുമോൾ ബിനോയ്, ചെറിയാൻ കട്ടക്കയം, ഷേർലി ജോസഫ്, അജയൻ എൻ. ആർ , പ്രഹ്ലാദൻ, റീന സണ്ണി തുടങ്ങിയവർ പങ്കെടുത്തു.
ഫെസ്റ്റിന്റെ ഭാഗമായി കൊച്ചി മുതൽ കാൽവരി മൗണ്ട് വരെ സംഘടിപ്പിച്ച സൈക്കിൾ റാലിയും നടന്നു.