KERALA OBITURY

കഥകളിയിലെ സകലകലാ വല്ലഭൻ ചന്ദ്രമന നാരായണൻ നമ്പൂതിരി യാത്രയായി

പെരുമ്പാവൂർ : പ്രശസ്ത കഥകളി കലാകാരൻ ചന്ദ്രമന നാരായണൻ നമ്പൂതിരി ( 81 ) അന്തരിച്ചു. കഥകളിയെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വത്തിനുടമയാണ് വിടവാങ്ങിയത്.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അനുശോചനം രേഖപ്പെടുത്തി. കഥകളിയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി എംഎൽഎ പറഞ്ഞു. കലാലോകത്തിനു വലിയ നഷ്ട്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ ആദ്യ വിദ്യാർത്ഥിയായിരുന്നു. നിരവധി വേദികളിൽ ആദ്യവസാന വേഷത്തിൽ പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം അഭിനയിച്ചു.


വേഷത്തിൽ മാത്രമല്ല ചെണ്ട, പാട്ട് , ചുട്ടി, അക്ഷരശ്ലോകം, പരമ്പരാഗത പൂജാവിധികൾ എന്നിവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായ ശ്രീധരൻ നമ്പൂതിരിയും , ഗോവിന്ദൻ നമ്പൂതിരിയും , പേരുകേട്ട കഥകളി കലാകാരന്മാരായിരുന്നു .ഗുരുക്കന്മാരായ ഇവരിൽ നിന്നാണ് കഥകളിയും സംസ്‌കൃതവും പഠിച്ചത്.അശമന്നൂർ തിരുവല്ലാഴപ്പൻ ക്ഷേത്രത്തിൽ വച്ച് കല്യാണസൗഗന്ധികത്തിലെ ധർമ്മപുത്രരായി 11 വയസ്സിൽ അരങ്ങേറ്റം കുറിച്ചു . ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ കഥകളി വേഷം പഠിക്കാനായി ചേർന്നു . ആറ് വർഷം അവിടെ പഠിച്ചു കൂട്ടുകാർ ചെണ്ട കൊട്ടി പഠിക്കുമ്പോൾ അവരോടൊപ്പം ചേർന്ന് ചെണ്ടയും അഭ്യസിച്ച് ചെണ്ട വിദ്വാനായി മാറി . ഇരിങ്ങാലക്കുടയിലെ പഠനത്തിനുശേഷം കളിയോഗത്തിൽ ആദ്യ സ്ഥാന വേഷക്കാരനായതോടെ കേരളമെമ്പാടും പ്രശസ്തിയായി . ഏതു വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മലയാളമണ്ണിൽ ശ്രദ്ധേയനാക്കിയത് . കേരളത്തിലെ പ്രധാന കഥകളി നടന്മാരോടൊപ്പമെല്ലാം അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട് .എല്ലാ വേഷങ്ങൾക്കും വേണ്ടി പാടുകയും ,കൊട്ടുകയും , ചുട്ടി കുത്തുകയും , ഉടുത്ത കെട്ടിക്കുകയും , കോപ്പ് പണികളും ചെയ്തിട്ടുണ്ട് . കഥകളിയുടെ എല്ലാ ഭാഗങ്ങളും ഇതേപോലെ കൈകാര്യം ചെയ്തവർ വേറെ ഇല്ലെന്നാണ് സമകാലീന കഥ കളിക്കാർ അഭിപ്രായപ്പെട്ടിരുന്നത്.ദേവസ്വം ബോർഡിലെ പൂജാരി ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് .കലാമണ്ഡലം കൃഷ്ണൻ നായർ,കലാമണ്ഡലം കരുണാകരൻ നായർ, കലാമണ്ഡലം രാമൻകുട്ടിനായർ, സദനം കൃഷ്ണൻ കുട്ടി, കോട്ടയ്ക്കൽ ശിവരാമൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, മാങ്കുളം വിഷ്ണുനമ്പൂതിരി, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാജശേഖരൻ , ജ്യേഷ്ഠനായ ദർപ്പണ ഗോവിന്ദൻ നമ്പൂതിരി, കോട്ടയ്ക്കൽ ശിവരാമൻ തുടങ്ങിയ പ്രശസ്തരോടൊപ്പം വേദികളിൽ തിളങ്ങി.ഭാര്യ :നൃത്താദ്ധ്യപികയായിരുന്ന സാവിത്രി. മക്കൾ : വാണി, ജയശ്രീ (കെ എസ് ഇ ബി, കൊല്ലം ), ഗോവിന്ദൻ. മരുമക്കൾ : ഈശ്വര വാദ്യാൻ നമ്പൂതിരി, പ്രസന്നൻ നമ്പൂതിരി. സംസ്‌കാരം നടത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *