FILM BIRIYANI KERALA Second Banner SPECIAL STORY

പൂന്തേനരുവീ…ഒരു പെണ്ണിന്റെ കഥയ്ക്ക് 52 വയസ്സ്

സതീഷ് കുമാർ വിശാഖപട്ടണം

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല. മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.
സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക് പിന്നിലുമാണ്. ക്യാമറയ്ക്ക് മുന്നിലുള്ളവരെ ജനം പെട്ടെന്ന് തിരിച്ചറിയുന്നു.എന്നാൽ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നവർ ആരാണെന്ന് ജനം അറിയുന്നുപോലുമില്ല.
ഇവിടെയാണ് 1971ൽ പുറത്തുവന്ന ‘ഒരു പെണ്ണിന്റെ കഥ ‘എന്ന ചിത്രത്തിന്റെ ടൈറ്റിലിലെ പുതുമ ഓർമ്മിക്കപ്പെടുന്നത്.


സാധാരണ ചിത്രങ്ങളിൽ സിനിമയുടെ തുടക്കത്തിൽ തന്നെ ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകൾ എഴുതിക്കാണിക്കുകയാണല്ലോ പതിവ്. എന്നാൽ ‘ഒരു പെണ്ണിന്റെ കഥ ‘ എന്ന ചിത്രത്തിൽ നായകനായ സത്യൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രേക്ഷകർക്ക് നേരിട്ട് പരിചയപ്പെടുത്തുന്ന ഒരു പുതുമ പരീക്ഷിക്കുകയുണ്ടായി.
അങ്ങനെ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന അണിയറപ്രവർത്തകരെ നേരിട്ടു കാണാനുള്ള ഒരു ഭാഗ്യം ‘ഒരു പെണ്ണിന്റെ കഥ ‘ എന്ന സിനിമയുടെ പ്രേക്ഷകർക്ക് അനുഭവവേദ്യമായി.
ചിത്രാഞ്ജലി ഫിലിംസിനു വേണ്ടി കെ എസ് ആർ മൂർത്തി നിർമ്മിച്ച് കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത സിനിമയായിരുന്നു ‘ഒരു പെണ്ണിന്റെ കഥ ‘.
എസ് എൽ പുരം സദാനന്ദൻ തിരക്കഥയെഴുതി സത്യനും ഷീലയും മത്സരിച്ച് അഭിനയിച്ച ഈ ചിത്രത്തിന്റെ പേരുപോലെതന്നെ നായകനെക്കാൾ പ്രാധാന്യം നായികയ്ക്കായിരുന്നു. ഇന്നായിരുന്നു ഈ ചിത്രം പുറത്തു വന്നതെങ്കിൽ മലയാളത്തിലെ പല നായകന്മാരും സത്യനെപോലെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മുന്നോട്ടു വരില്ലായിരുന്നു.
നായകതാരത്തിന് വേണ്ടിയാണല്ലോ ഇപ്പോഴത്തെ പല തിരക്കഥകളും മാറ്റിയെഴുതപ്പെടുന്നത്…..


ഒരു പെണ്ണിന്റെ കഥയിലെ സുന്ദരഗാനങ്ങളെല്ലാം വയലാർ രാമവർമ്മ എഴുതുകയും ദേവരാജൻ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തു.
‘പൂന്തേനരുവി
പൊന്മുടിപുഴയുടെ അനുജത്തി നമുക്കൊരേ പ്രായം
നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം ….’
എന്ന ഗാനം ഈ ചിത്രത്തിന്റെ വിജയഘടകത്തിൽ ഒരു പ്രധാന പങ്കു വഹിച്ചു. ഷീല എന്ന സൗന്ദര്യധാമത്തിന്റെ ശാലീനഭാവങ്ങൾ
പൂന്തേനരുവി പോലെ തെളിഞ്ഞൊഴുകിയതായിരുന്നു
ഈ ഗാനരംഗത്തിന്റെ ഏറ്റവും വലിയ ആകർഷണം.
‘സൂര്യ ഗ്രഹണം …… (യേശുദാസ് )
‘ശ്രാവണ ചന്ദ്രിക പൂചൂടിച്ചു ഭൂമികന്യക പുഞ്ചിരിച്ചു ….. (സുശീല )
‘വാനവും ഭൂമിയും തീയും ജലവും (പി.ലീല )
‘കാടേഴ് കടലേഴ്…..
( ജയചന്ദ്രൻ , മാധുരി ) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ ….
1971 ജനുവരി 22ന് വെള്ളിത്തിരയിലെത്തിയ ‘ ഒരു പെണ്ണിന്റെ കഥ ‘എന്ന ചിത്രത്തിന്റെ അമ്പത്തിരണ്ടാം വാർഷികദിനമാണിന്ന്.
സ്ത്രീശാക്തീകരണത്തിന്റേയും സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും കാഹളങ്ങൾ മുഴങ്ങുന്ന ഈ നാളുകളിൽ പോലും ‘ഒരു പെണ്ണിന്റെ കഥ ‘ പോലെ നായികാപ്രാധാന്യമുള്ള സിനിമകൾ ഉണ്ടാവുന്നില്ല എന്നുള്ളതാണ് മലയാളസിനിമയുടെ ഒരു വലിയ ദൗർഭാഗ്യം ….
( സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )

Related Posts

Leave a Reply

Your email address will not be published. Required fields are marked *