ART & LITERATURE FILM BIRIYANI Main Banner SPECIAL STORY

ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം, ഓർക്കാം ചലച്ചിത്രങ്ങളായി മാറിയ ബഷീർ കഥകൾ

സതീഷ് കുമാർ വിശാഖപട്ടണം

‘ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ചം’ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കൽ, ടോവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറപ്രവർത്തകരും സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. കണ്ണൂർ പിണറായിയിൽ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ൽ പുറത്തിറങ്ങിയ ‘ഭാർഗ്ഗവീനിലയം’ എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ് പുതിയ ചിത്രം. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏതാനും ദിവങ്ങൾക്ക് മുമ്പ് ഫേസ് ബുക്കിൽ വായിച്ച ഒരു വാർത്തയാണിത്…
തൊട്ടു പിന്നാലെ സുഹൃത്തായ സുരേഷ് പാണ്ടാട്ട് ‘നീലവെളിച്ചത്തി ‘ ലെ ഒരു ഗാനരംഗത്തിന്റെ യൂട്യൂബ് ലിങ്കും എനിക്ക് അയച്ചു തരികയുണ്ടായി.
പി ഭാസ്‌കരൻ എഴുതി
എം എസ് ബാബുരാജ് സംഗീതം പകർന്ന് എസ് ജാനകി പാടിയ ഭാർഗ്ഗവീനിലയത്തിലെ
‘ .അനുരാഗ മധുചഷകം
അറിയാതെ മോന്തിവന്ന
മധുമാസശലഭമല്ലോ…..’
എന്ന ഗാനം പുതിയ കാലത്തിന്റെ വർണ്ണപ്പൊലിമയോടെ റിമ കല്ലുങ്കൽ ആടിത്തിമിർക്കുന്ന രംഗം കണ്ടപ്പോൾ മലയാളത്തിന്റെ ഒരേയൊരു ബേപ്പൂർ സുൽത്താന്റെ ‘ ഭാർഗ്ഗവീനിലയം ‘ എന്ന ചിത്രത്തിലെ രംഗങ്ങളും അതിലെ മനോഹരമായ ഗാനങ്ങളും വീണ്ടും ഓർമ്മയിൽ തെളിഞ്ഞുവന്നു….
സാഹിത്യലോകത്ത് ‘ബേപ്പൂർ സുൽത്താൻ ‘എന്നറിയപ്പെട്ടിരുന്ന സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു…


ഒട്ടേറെ സാഹിത്യകൃതികൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ബാല്യകാലസഖി, മുച്ചീട്ടുകളിക്കാരന്റെ മകൾ, ഭാർഗ്ഗവീനിലയം, മതിലുകൾ പ്രേമലേഖനം, ശശിനാസ് എന്നിവയെല്ലാം ചലച്ചിത്രമാക്കപ്പെട്ട പ്രസിദ്ധ കൃതികളാണ്.
1964-ലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം ‘ എന്ന ചെറുകഥ ചന്ദ്രതാരാ പ്രൊഡക്ഷനു വേണ്ടി ടി.കെ. പരീക്കുട്ടി ചലച്ചിത്രമാക്കുന്നത്…


‘ഭാർഗ്ഗവീനിലയം’എന്ന പേരിൽ പുറത്തുവന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ പ്രേതകഥ കൂടിയായിരുന്നു. വിൻസെന്റ് എന്ന ക്യാമറാമാൻ ആദ്യമായി സംവിധായകനാകുന്നതും ഈ ചലച്ചിത്രത്തിലൂടെയാണ്. പ്രേംനസീർ, മധു, പി ജെ ആൻറണി, വിജയനിർമ്മല, പത്മദളാക്ഷൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതാനും നാടകങ്ങളിലും ഒന്നുരണ്ടു സിനിമകളിലും അഭിനയിച്ചിട്ടുള്ള പത്മദളാക്ഷൻ ഈ ചിത്രത്തിൽ ‘കുതിരവട്ടം പപ്പു ‘ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബഷീറിന്റെ
ഈ കഥാപാത്രത്തിന്റെ പേരിലാണ് പന്മദളാക്ഷൻ പിന്നീട് തന്റെ അഭിനയ ജീവിതം മുഴുവൻ തകർത്താടിയത്…
വൈക്കം മുഹമ്മദ് ബഷീർ സന്തോഷപൂർവ്വം നൽകിയ ‘കുതിരവട്ടം പപ്പു ‘ എന്ന പേരിൽ അദ്ദേഹം ഏറെ അഭിമാനം കൊണ്ടിരുന്നുവത്രെ!
വിജയനിർമ്മല എന്ന തെലുങ്ക് നടി മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാർഗ്ഗവിനിലയം.
നാലു വർഷങ്ങൾക്കു മുമ്പ് ‘മാതൃഭൂമി ‘ വാരാന്ത്യപ്പതിപ്പിനുള്ള ഒരു അഭിമുഖത്തിനിടയിൽ ബഷീറിന്റെ മാനസപുത്രിയായ ഭാർഗ്ഗവിക്കുട്ടിയായി ആദ്യമായി മലയാളത്തിലെത്തിയതിന്റെ അനുഭവങ്ങൾ വിജയനിർമ്മല ഈ ലേഖകനുമായി പങ്കുവെയ്ക്കുകയുണ്ടായി….
മലയാളത്തിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായിക എന്ന റെക്കോർഡിനുടമയായ ഈ നടി പിന്നീട് 47 ചിത്രങ്ങൾ സംവിധാനം ചെയ്തുക്കൊണ്ട് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും സ്വന്തമാക്കിയിരുന്നു.


പി ഭാസ്‌കരനും ബാബുരാജുമായിരുന്നു ഭാർഗ്ഗവീനിലയത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ഗസൽ എന്നറിയപ്പെടുന്ന ‘താമസമെന്തേ വരുവാൻ ….’ എന്ന പ്രശസ്തഗാനമായിരുന്നുവല്ലോ ഭാർഗ്ഗവീനിലയത്തിന്റെ ഏറ്റവും വലിയ ആകർഷണം……
ഈ ഗാനാലാപനത്തിന്റെ ആസ്വാദ്യത തിരിച്ചറിഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ജ്ഞാനപീഠജേതാവുമായ
ജി ശങ്കരക്കുറുപ്പാണ് യേശുദാസിനെ ആദ്യമായി
‘ഗാന ഗന്ധർവ്വൻ ‘എന്ന് വിശേഷിപ്പിക്കുന്നത്.
‘അറബിക്കടലൊരു മണവാളൻ കരയോ നല്ലൊരു മണവാട്ടി ….. (യേശുദാസ് , സുശീല ) ‘ഏകാന്തതയുടെ അപാരതീരം ….. (കമുകറ പുരുഷോത്തമൻ ) ‘വാസന്തപഞ്ചമി നാളിൽ വരുമെന്നൊരു കിനാവുകണ്ടു …… (എസ് ജാനകി) ‘പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു പട്ടുനൂലാഞ്ഞാല് കെട്ടി ….’ (എസ് ജാനകി)
‘ അനുരാഗ മധുചഷകം അറിയാതെ മോന്തിവന്ന …..
( എസ് ജാനകി ) എന്നിവയെല്ലാമായിരുന്നു
ഭാർഗ്ഗവിനിലയത്തിലെ മറ്റ് സൂപ്പർ ഹിറ്റ് ഗാനങ്ങൾ …….
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘മതിലുകൾ ‘
ആണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശ്രദ്ധേയമായ മറ്റൊരു ചലച്ചിത്രം …….
മമ്മൂട്ടി എന്ന മലയാളത്തിലെ പ്രിയ താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഈ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറായി മമ്മൂട്ടിതന്നെയാണ് അഭിനയിച്ചത്.
1967ൽപുറത്തിറങ്ങിയ ‘ബാല്യകാലസഖി ‘ എന്ന ചിത്രം ശശികുമാർ സംവിധാനം ചെയ്യുകയും പ്രേംനസീർ നായകനായി അഭിനയിക്കുകയുമുണ്ടായി.
അടുത്ത കാലത്ത് ഈ ചലച്ചിത്രം പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരിക്കൽ കൂടി വെള്ളിത്തിരയിലെത്തി.
‘താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ …..’എന്ന യേശുദാസ് പാടിയ ഗാനത്തിനായിരുന്നു കെ രാഘവൻ മാസ്റ്റർ അവസാനമായി സംഗീതം നൽകിയത്.
എന്റെ ഓർമ്മ ശരിയാണെങ്കിൽ മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ടു പ്രസിദ്ധ ചലച്ചിത്രങ്ങൾക്ക് പുതിയ പതിപ്പുകൾ ഉണ്ടാകുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകൾക്കാണെന്ന് തോന്നുന്നു.
‘മധുമാസരജനിയിൽ
വഴിതെറ്റിപ്പോയൊരു ……. ( ചിത്രം ശശിനാസ് )
‘മുച്ചീട്ട് കളിക്കണ മിഴിയാണേ ….. (മുച്ചീട്ടു കളിക്കാരന്റെ മകൾ )
‘ഒരു കൂട്ടം ഞാനിന്ന് ചെവിയിൽ ചൊല്ലാം…….. ( ബാല്യകാലസഖി 1967 )
‘താമര പൂക്കളും ……. (പ്രേമ ലേഖനം )എന്നീ ഗാനങ്ങളൊക്കെ ബഷീർ ചിത്രങ്ങളിൽ നിന്നായിരുന്നുവെങ്കിലും അത്ര വലിയ ജനപ്രീതി നേടിയെടുത്തില്ല …..


1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മവാർഷികദിനമാണിന്ന്.
1994 ജൂലായ് 5 ന് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
ഭാർഗ്ഗവീനിലയം, ബാല്യകാലസഖി എന്നീ ചിത്രങ്ങളിലെ മനോഹര ഗാനങ്ങളിലൂടെ സാഹിത്യ രംഗത്ത് മാത്രമല്ല മലയാള ചലച്ചിത്രഗാന രംഗത്തും വൈക്കം മുഹമ്മദ് ബഷീർ എന്ന ബേപ്പൂർ സുൽത്താൻ എന്നുമെന്നും ഓർമ്മിക്കപ്പെടുന്നു.
(സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )

Related Posts

Leave a Reply

Your email address will not be published. Required fields are marked *