സുറുമയെഴുതിയ മിഴികളേ… ഈ ഗാനത്തിനൊപ്പം ഓർക്കാം കോട്ടയം ചെല്ലപ്പനെ

സതീഷ് കുമാർ വിശാഖപട്ടണം
മലയാള സിനിമയിലെ ആദ്യകാല വില്ലൻ നടന്മാരിൽ ഒരാളായിരുന്നു കോട്ടയം ചെല്ലപ്പൻ. ഉദയായുടെ ‘ഉണ്ണിയാർച്ച ‘എന്ന ചിത്രത്തിലെ ‘ചതിയൻ ചന്തു’ വാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. നടൻ എന്നതിലുപരി ഇദ്ദേഹം ഒരു കഥാകൃത്ത് കൂടിയാണെന്ന് ഇന്നും പലർക്കുമറിയില്ല.



1967 ൽ പ്രദർശനത്തിനെത്തിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഖദീജ ‘എന്ന ചിത്രത്തിന്റെ കഥ കോട്ടയം ചെല്ലപ്പന്റേതായിരുന്നു. ബാബുരാജ് സംഗീതം പകർന്ന ഖദീജയിലൂടെയാണ് യൂസഫലി കേച്ചേരി എന്ന ഗാനരചയിതാവ് മലയാളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്…
രാമുകാര്യാട്ടിന്റെ ‘മൂടുപടം ‘ ആയിരുന്നു യൂസഫലിയുടെ ആദ്യ ചിത്രമെങ്കിലും ഖദീജയിലെ
‘സുറുമ എഴുതിയ മിഴികളേ
പ്രണയമധുരതേൻ തുളുമ്പും സൂര്യകാന്തി പൂക്കളേ…… ‘
എന്ന ഗാനത്തോടെയാണ് യൂസഫലി മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവായി മാറുന്നത്…….
പ്രണയത്തിന്റെ മധുരമുള്ള തേനിൽ മുക്കി എഴുതിയ ഈ ഗാനത്തിലെ ഓരോ വരിയും എക്കാലത്തും കാമുക ഹൃദയങ്ങളെ അക്ഷരാർത്ഥത്തിൽ കോരിത്തരിപ്പിച്ചിട്ടുണ്ട്…….
പതിനാറു വയസ്സു കഴിഞ്ഞാൽ പുളകങ്ങൾ പൂത്തു വിരിഞ്ഞാൽ പതിവായി പെൺകൊടിമാരൊരു മധുര സ്വപ്നം കാണും ……”
എന്നാണല്ലോ കവി മൊഴി …… പെൺകുട്ടികളുടെ മനസ്സിൽ പ്രണയം പൂവിടുന്നത് കണ്ണുകളിൽ തെളിഞ്ഞുകാണുമത്രേ ……!
അതുകൊണ്ടാണ് കവി പല്ലവിയിൽ
‘ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ ….’
എന്നെഴുതിയത്. ജാലകതിരശ്ശീലയുടെ പിന്നിൽ നിന്നും തേടി വരുന്ന ആ പ്രണയ മിഴികളുടെ സൗന്ദര്യം മൊബൈൽ ഫോണിലൂടെ പ്രണയിക്കുന്ന പുതു തലമുറക്ക് ഒരു പക്ഷേ അറിയില്ലായിരിക്കാം ….
പ്രണയം തുളുമ്പുന്ന നീലമിഴികളുടെ സൗന്ദര്യം കവിക്ക് എത്ര പറഞ്ഞിട്ടും മതി വരുന്നില്ല ……
ഗാനം പുരോഗമിക്കുന്നതെങ്ങിനെ
യാണെന്ന് നോക്കൂ …..
‘ ഒരു കിനാവിൻ ചിറകിലേറി ഓമലാളെ നീ വരൂ ……
നീലമിഴിയിലെ രാഗലഹരി നീ പകർന്നു തരൂ തരൂ ….. (സുറുമ )
യുവമനസ്സുകളെ ഏറ്റവും രാഗാർദ്രമാക്കുന്ന വികാരമാണ് പ്രണയം. പ്രണയത്തിന്റെ അനുഭൂതികളെ ലളിതവും മധുരമൂറുന്നതുമായ വാക്കുകളിലൂടെ വരച്ചിടുകയാണ് കവിശ്രേഷ്ഠനായ യൂസഫലി കേച്ചേരി ഈ സുന്ദര പ്രണയ ഗാനത്തിലൂടെ…
അതുകൊണ്ടാണ് 56 വർഷം കഴിഞ്ഞിട്ടും പുതുമ നശിക്കാതെ ഇന്നും പ്രണയ മനസ്സുകൾ ഈ ഗാനത്തെ ഹൃദയത്തിൽ താലോലിച്ചു കൊണ്ടിരിക്കുന്നത്….
1923 ജനുവരി 20-ന് ജനിച്ച കോട്ടയം ചെല്ലപ്പൻ എന്ന നടന്റെ, ഖദീജ എന്ന ചിത്രത്തിന്റെ കഥയെഴുതിയ കഥാകൃത്തിന്റെ ജന്മവാർഷികദിനമാണിന്ന്. അമ്മയെ കാണാൻ,കുരുതിക്കളം, തച്ചോളി ഒതേനൻ തുടങ്ങി കുറെ ചിത്രങ്ങളിൽ കോട്ടയം ചെല്ലപ്പൻ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്…..
തന്റെ അഭിനയ ജീവിതത്തിൽ കൂടുതലും വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തതിനാൽ ഗാനരംഗങ്ങൾ അധികമൊന്നും ഓർക്കാൻ ഇല്ലെങ്കിലും ഖദീജയുടെ കഥയിലൂടെ, ഈ ഗാനത്തിലൂടെ കോട്ടയം ചെല്ലപ്പൻ എന്ന നടനെ മലയാളസിനിമയിലെ ഗാനചരിത്രത്തിൽ എവിടെയെങ്കിലും ഒന്ന് അടയാളപ്പെടുത്താൻ കഴിയുന്നത് തന്നെ ഏറെ സന്തോക്ഷകരം.