KERALA TOP NEWS

എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയന്റെ ഡയറിയിൽ നിന്നും മന്ത്രി ചിഞ്ചുറാണിയെ ഒഴിവാക്കിയത് വിവാദത്തിൽ

പ്രത്യേക ലേഖകൻ

കൊച്ചി: യു ഡി എഫ് നിയന്ത്രണത്തിലുള്ള എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ പുറത്തിറക്കിയ 2023 ലെ ഡയറിയിൽ നിന്നും മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ സന്ദേശവും ചിത്രവും ഒഴിവാക്കിയത് വിവാദമാകുന്നു.


സംസ്ഥാന സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെ ഭാഗമായി തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് കേന്ദ്രമാക്കി മൂന്നു മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനുകളാണുള്ളത്. കൊച്ചി ഇടപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ പുതുവർഷത്തിൽ പുറത്തിറക്കിയ ഡയറിയിലാണ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ സന്ദേശവും ചിത്രവും ഒഴിവാക്കിയത്.
കൊടിയുടെ നിറം നോക്കാതെ ക്ഷീര കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നൊരു മന്ത്രിയെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ തീണ്ടാപ്പാടകലെ നിർത്തുന്ന മേഖലാ ക്ഷീരോത്പാദക യൂണിയന്റെ തീരുമാനത്തിനെതിരെ ക്ഷീര കർഷകർക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

എന്നാൽ തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ പുറത്തിറക്കിയിരിക്കുന്ന പുതുവർഷ ഡയറിയിൽ മന്ത്രി ജെ.ചിഞ്ചുറാണിയുടെ സന്ദേശവും ചിത്രവും ആകർഷകമായ രീതിയിൽ ചേർത്തിട്ടുണ്ട്.

എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ്രെ 19 അംഗ ഭരണസമിതിയിൽ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ്,കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷൻ സീനിയർ മാനേജർ റോമി ജേക്കബ്ബ്.ക്ഷീര വിപണന ഫെഡറേഷൻ പർച്ചേഴ്‌സ് മാനേജർ എ.ഗോപകുമാർ കൂടാതെ മാനേജിംഗ് ഡയറക്ടറുടെ ചുമതലയുള്ള വിൽസൺ ജെ പുറവക്കാട്ടുമാണ് സർക്കാർ പ്രതിനിധികൾ.മാനേജിംഗ് ഡയറക്ടറുടെ ചുമതല മാത്രമുള്ള വിൽസൺ ജെ പുറവക്കാട്ടിന്റെ ചിത്രത്തോടൊപ്പം മാനേജിംഗ് ഡയറക്ടർ എന്ന് ചേർത്തിരിക്കുന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു.തങ്ങളുടെ പടം ആകർഷകമായ രീതിയിൽ മേനിക്കടലാസ്സിൽ അച്ചടിക്കാൻ അനുവാദം നൽകിയ സർക്കാർ പ്രതിനിധികളായ ഉദ്യോഗസ്ഥർ വകുപ്പ് മന്ത്രിയുടെ കാര്യത്തിലടക്കം നിശബ്ദത പാലിച്ചുവെന്നാണ് അറിവ്.
കെ.എസ്.ആർ.ടി.സി യുമായി സഹകരിച്ച് മിൽമ പുറത്തിറക്കിയിട്ടുള്ള ആകർഷകമായ ഫുഡ് ട്രക്കിന്റെ ചിത്രം അടക്കം ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ക്ഷീര വികസന വകുപ്പ് നടപ്പിലാക്കിയ പല നൂതന പരിപാടികളുടെ ചിത്രങ്ങളിലൊന്നു പോലും പ്രിന്റ് ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലായെന്ന വിമർശനവും പരക്കെയുണ്ട്.മേഖലാ ക്ഷീരോത്പാദക സംഘങ്ങൾ സ്വയം ഭരണ സ്ഥാപനങ്ങളാണെന്നും തങ്ങൾക്കിഷ്ടമുള്ള തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നുമാണ് ഉദ്യോഗസ്ഥ പ്രതിനിധികളുടെ പോലും ഭാഷ്യം.മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഡയറികളിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രിയുടടെയും വകുപ്പ് മന്ത്രിയുടെയും മന്ത്രിസഭ അംഗങ്ങളുടെയും പേരും ഫോൺ നമ്പരുകളും ഡയറിയിൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാത്തതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *